Home News Breaking News നരേന്ദ്ര മോദിക്കെതിരായ ‘ഭീകരവാദി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

നരേന്ദ്ര മോദിക്കെതിരായ ‘ഭീകരവാദി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Advertisement

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘ഭീകരവാദി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, കിരണ്‍ റിജിജു, അര്‍ജുന്‍ റാം മേഘ്വാള്‍, മറ്റ് ബിജെപി നേതാക്കള്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫുള്‍ ബെഞ്ചിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഖാര്‍ഗെയ്ക്ക് എതിരായ നടപടി.

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത മോദിയുമായി എഐഎഡിഎംകെ എങ്ങനെ കൈകോര്‍ക്കുന്നു എന്ന് ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. അംബേദ്കറും അണ്ണാദുരൈയും ഉയര്‍ത്തിപ്പിടിച്ച സ്ത്രീ സംവരണം, നീതി, സാഹോദര്യം എന്നീ തത്വങ്ങള്‍ക്ക് മോദി എതിരാണെന്ന് പറഞ്ഞ ഖാര്‍ഗെ മോദി ഒരു ഭീകരവാദിയാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നീതിയിലോ സമത്വത്തിലോ യാതൊരു വിശ്വാസവുമില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

ഖാര്‍ഗെയുടെ പരാമര്‍ശത്തെ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും ഒരേപോലെ അപലപിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല ബിജെപി പ്രതിനിധി സംഘം ബുധനാഴ്ച നേരിട്ടെത്തിയാണ് പരാതി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയെ ഭീകരവാദി എന്ന് വിളിക്കുന്നത് രാജ്യത്തിന് തന്നെ അപമാനമാണെന്നും ഇത് ജനങ്ങളില്‍ വലിയ രോഷമുണ്ടാക്കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിരുന്നു. താന്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി ഭീകരവാദി എന്ന് വിളിച്ചിട്ടില്ലെന്നും, മറിച്ച് അദ്ദേഹം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ഉദ്ദേശിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.

Advertisement