27.9 C
Kollam
Tuesday 8th September, 2026 | 07:29:46 PM
Home News National വിഷം കഴിച്ചെത്തിയ രോഗിയുടെ വയറുകഴുകാന്‍ കുപ്പിവെള്ളം ഉപയോഗിച്ച ഡോക്ടര്‍ക്കെതിരെ നടപടി

വിഷം കഴിച്ചെത്തിയ രോഗിയുടെ വയറുകഴുകാന്‍ കുപ്പിവെള്ളം ഉപയോഗിച്ച ഡോക്ടര്‍ക്കെതിരെ നടപടി

വിഷം കഴിച്ചെത്തിയ രോഗിയുടെ വയറുകഴുകാന്‍ കുപ്പിവെള്ളം ഉപയോഗിച്ച ഡോക്ടര്‍ക്കെതിരെ നടപടി. എലിവിഷം കഴിച്ച യുവാവിനെ ചികിത്സിക്കുന്നതിനിടെ വയര്‍ കഴുകുന്ന പമ്പിംഗ് പ്രക്രിയയ്ക്കായി കുപ്പിയിലുള്ള കുടിവെള്ളം ഉപയോഗിച്ചുവെന്നാരോപിച്ച് ഡിന്‍ഡോറി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

അടിയന്തര ഘട്ടങ്ങളില്‍ തൊണ്ടയിലൂടെ ഒരു ട്യൂബ് ആമാശയത്തിലേക്ക് കടത്തി വെള്ളം ഉപയോഗിച്ച് മാലിന്യങ്ങള്‍ കഴുകി കളയുന്ന രീതിയാണ് ഗ്യാസ്ട്രിക് ലാവേജ് അഥവാ ‘സ്റ്റൊമക് പമ്പിങ്’. അണുവിമുക്തമാക്കിയ വെള്ളമോ ഉപ്പുവെള്ളമോ ആണ് സാധാരണയായി ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഡിന്‍ഡോറി ആശുപത്രിയിലെ ഡോക്ടര്‍ ഇതിനായി കുപ്പിവെള്ളമാണ് ഉപയോഗിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമായത്.

ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മനോജ് പാണ്ഡെ പറഞ്ഞു. എലിവിഷം കഴിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് സത്യം യാദവ് (18) എന്ന യുവാവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഡോക്ടര്‍ യുവാവിന്റെ കുടുംബാംഗങ്ങളോട് ഒരു കുപ്പി മിനറല്‍ വാട്ടര്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗ്യാസ്ട്രിക് ലാവേജിന് ഉപയോഗിക്കുന്ന ലായനി ആശുപത്രിയില്‍ തന്നെയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കുപ്പിവെള്ളം എത്തിയതോടെ അതുപയോഗിച്ച് സ്റ്റൊമക് പമ്പിങ് നടത്താന്‍ നഴ്സിനോട് ആവശ്യപ്പെട്ടതായും നഴ്‌സ് വിസമ്മതിച്ചതോടെ ഡോക്ടര്‍ തന്നെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.