പാലക്കാട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ച് അനിശ്ചിതകാല സമരത്തിലേക്ക്. പാലക്കാട് ചേർന്ന ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ യോഗത്തിലാണ് തീരുമാനം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്ന് ബസുടമകൾ ആരോപിച്ചു.
സമരത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ഒരിക്കൽക്കൂടി കാണും. ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അനിശ്ചിതകാല സമരം ആരംഭിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് 120 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഉടമകളുടെ കണക്ക്. 500ലേറെ ബസുകൾ ജിഫോം നൽകി സർവീസ് നിർത്തിവച്ചിട്ടുണ്ട്. 5,000ലേറെ ബസുകൾ നിലവിൽ പകുതി ട്രിപ്പ് മാത്രമാണ് നടത്തുന്നത്.
ഓണക്കാലത്തുപോലും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ബസുടമകൾ പറഞ്ഞു. രണ്ടും മൂന്നും മാസമായി ഇഎംഐ മുടങ്ങിയതിനെ തുടർന്ന് ധനകാര്യ സ്ഥാപനങ്ങൾ ബസുകൾ പിടിച്ചെടുക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സർവീസ് തുടരാൻ കഴിയാത്ത അവസ്ഥയാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.



























