ന്യൂഡല്‍ഹി: നീറ്റ്-യുജി പുനഃപരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ കാത്തിരുന്നു. ഉച്ചയ്ക്ക് 1:15 ഓടെയാണ് പ്രധാനമന്ത്രി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. 45 മിനിറ്റ് കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്
ഉടന്‍ തന്നെ തന്റെ ഔദ്യോഗിക വസതിയിലേക്ക് തിരിക്കുന്നതിന് പകരം, നീറ്റ് പരീക്ഷ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നതിനാല്‍ അദ്ദേഹം വിമാനത്താവളത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും മറ്റ് ക്രമക്കേടുകളെയും തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ആരംഭിച്ചു. മെഡിക്കല്‍ പ്രവേശനത്തിനായുള്ള ഈ സുപ്രധാന പരീക്ഷ രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വീണ്ടും എഴുതുന്നത്. മുന്‍ പരീക്ഷയിലുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.



































