27.4 C
Kollam
Thursday 5th November, 2026 | 10:56:33 PM
Home News Kerala ചോറ്റാനിക്കരയിൽ ഭജനയ്ക്കെത്തിയ മധ്യവയസ്കയുടെ മരണം കൊലപാതകം; ഇരട്ടസഹോദരി അറസ്റ്റിൽ, സഹോദരനും പിടിയിൽ

ചോറ്റാനിക്കരയിൽ ഭജനയ്ക്കെത്തിയ മധ്യവയസ്കയുടെ മരണം കൊലപാതകം; ഇരട്ടസഹോദരി അറസ്റ്റിൽ, സഹോദരനും പിടിയിൽ

Advertisement

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ മധ്യവയസ്കയുടെ ദുരൂഹമരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ഇരട്ടസഹോദരി സജിതയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകവിവരം മറച്ചുവെച്ചതിന് സഹോദരൻ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയായ സവിത (45) ആണ് കൊല്ലപ്പെട്ടത്.

ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയ മൂന്ന് സഹോദരങ്ങളിൽ ഒരാളാണ് സവിത. ഒക്ടോബർ 29നാണ് ഇവർ ക്ഷേത്രത്തിലെത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. സവിത പെട്ടെന്ന് കുഴഞ്ഞുവീണുവെന്ന് അറിയിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിശോധനയ്ക്കിടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആശുപത്രി അധികൃതർക്ക് സംശയം തോന്നി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ സവിതയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. ഇതോടെ മരണം സ്വാഭാവികമല്ലെന്ന നിഗമനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരങ്ങളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ചോദ്യം ചെയ്യലിൽ ഇരട്ടസഹോദരി സജിത കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. മുഖത്തിടിച്ചും ശ്വാസംമുട്ടിച്ചുമാണ് സവിതയെ കൊലപ്പെടുത്തിയതെന്നാണ് സജിത പൊലീസിനോട് വെളിപ്പെടുത്തിയത്. സംഭവത്തിൽ സഹോദരൻ സുധീറിന് കൊലപാതകവിവരം അറിയാമായിരുന്നിട്ടും മറച്ചുവെച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയ സഹോദരങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here