കണ്ണൂർ: ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാനമില്ലാത്തതാണെന്ന് കെ. സുധാകരന് എംപി. ശ്രീനാദേവി കോണ്‍ഗ്രസിലേക്ക് കടന്നുവന്നത് തന്റെ ക്ഷണപ്രകാരമാണ്. മാധ്യമപ്രവര്‍ത്തകര്‍ ശ്രീനാദേവിയെക്കുറിച്ച് ചോദിച്ച ചോദ്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
”കുഞ്ഞമ്മേനെയൊന്നും എനിക്കറിയില്ല. ഞാൻ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല…”- ഇങ്ങനെയായിരുന്നു കെ. സുധാകരന്റെ പ്രതികരണം. തന്റെ മറുപടി വ്യാഖ്യാനിച്ചു തെറ്റിദ്ധാരണ സൃഷ്ടിച്ചു. പ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമ. ശ്രീനാദേവിയുടെ കാര്യത്തിലും ഇതേ നിലപാടാണുള്ളതെന്നും സുധാകരന് വീഡിയോയിൽ വിശദീകരിച്ചു.
ഞാൻ കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് സിപിഐയിലെ ശക്തയായ പോരാളിയായ അവരെ കോൺഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത് ഞാനാണ്. പിന്നീട് അവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിക്കുകയുണ്ടായി. കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകരെയും ചേർത്തുപിടിച്ചയാളാണ് ഞാൻ. എന്നെ കെ. സുധാകരനാക്കിയത് പാർട്ടി പ്രവർത്തകരാണ്. അവർക്ക് പ്രതിസന്ധി ഉണ്ടാകുമ്പോൾ കൈവിടുമെന്നത് എന്നെ അറിയാത്തവർ പറയുന്നത്. പ്രവർത്തകരെ ഒരിക്കലും തള്ളിപ്പറയില്ല”- സുധാകരൻ നിലപാട് വ്യക്തമാക്കി.
”കെ. സുധാകരൻ പ്രതിസന്ധികളിൽ പ്രവർത്തകർക്കൊപ്പം നിൽക്കുന്നയാളാണ്. നീതിക്കായുള്ള അവരുടെ ഓരോ നിലവിളിക്കൊപ്പം ഞാൻ നിൽക്കും. അത് വീണ്ടും വീണ്ടും ഞാൻ ഉറപ്പുനൽകുന്നു. തെറ്റിദ്ധാരണകൾ ഉണ്ടായാൽ അത് തിരുത്തുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഏറ്റവും വലിയ കടമയാണ്. എന്റെ പ്രവർത്തകരെ ചേർത്തുനിർത്തി അവരോടൊപ്പം ഒന്നായി മുന്നോട്ടുപോകാനാണ് ഞാൻ പഠിച്ച രാഷ്ട്രീയം.”
”എന്നെ ഇന്നത്തെ കെ. സുധാകരനാക്കിയത് എന്റെ പ്രവർത്തകരാണ്. അവരുടെ മനസ്സ് വേദനിക്കുന്ന ഒരു നിലപാടും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് എന്റെ ആഗ്രഹം. പ്രവർത്തകരെ ചേർത്തുപിടിക്കുകയും അവരുടെ ആത്മാഭിമാനം സംരക്ഷിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നതാണ് എന്റെ വിശ്വാസം. എന്റെ രാഷ്ട്രീയത്തിന് അതിരുകളില്ല; പക്ഷേ എന്റെ കരുത്തും കരുതലും എന്റെ പ്രവർത്തകരാണ്. പ്രവർത്തകർക്കപ്പുറത്തേക്ക് എനിക്ക് മറ്റൊന്നുമില്ല. അവർക്കൊപ്പം, എന്നും ഈ പ്രസ്ഥാനത്തിനൊപ്പം തന്നെയായിരിക്കും എന്റെ യാത്ര.”- കെ. സുധാകരൻ വ്യക്തമാക്കി.
ശ്രീനാദേവിയെ കോൺഗ്രസിലെടുത്തത് തൻ്റെ കാലത്ത്; പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കണം: കെ.സുധാകരൻ
Advertisement


































