27.5 C
Kollam
Friday 9th October, 2026 | 09:13:56 PM
Home News Kerala GST കൗൺസിൽ തീരുമാനങ്ങൾ പൂർണമായും വ്യാപാര സൗഹൃദമായില്ല,കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് (CAIT) –...

GST കൗൺസിൽ തീരുമാനങ്ങൾ പൂർണമായും വ്യാപാര സൗഹൃദമായില്ല,കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് (CAIT) – കേരളം

തിരുവനന്തപുരം. ചെറുകിട – ഇടത്തരം വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുകയും, അവരെ അനാവശ്യമായ നിയമക്കുരുക്കിലേക്ക് തള്ളി വിടുകയും ചെയ്തിരുന്ന GST നിയമത്തിലെ വകുപ്പുകളിലും, ചട്ടങ്ങളിലും, നടപടിക്രമങ്ങളിലും, ആശ്വാസകരമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളുന്ന തീരുമാനങ്ങൾ GST കൗൺസിലിൻ്റെ 57 ആമത് യോഗത്തിൽ എടുത്തിട്ടുള്ളത് സ്വാഗതാർഹമാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യരും സംസ്ഥാന സെക്രട്ടറി ജനറൽ എസ്. എസ്. മനോജും പറഞ്ഞു.

എന്നാൽ, വ്യാപാരസമൂഹത്തെ ഒന്നടങ്കം ദോഷകരമായി ബാധിച്ചുവരുന്നതും, രാജ്യത്തെ വ്യാപാരി സമൂഹം GST നിയമം നിലവിൽ വന്ന അന്നുമുതൽ ആവശ്യപ്പെടുന്നതുമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച വിഷയം, GST നിയമം പത്താം വർഷത്തിലേക്ക് കടന്നിട്ടും, ഒരു തീരുമാനവുമാകാതെ, വീണ്ടും പഠനത്തിനായി ഒരു കമ്മറ്റിയെ നിയോഗിച്ച്, നീട്ടിക്കൊണ്ടുപോകുന്നത് നീതിയുക്തമല്ല.

വാങ്ങിയ വ്യാപാരിയുടെ പക്കൽ നിയമപ്രകാരമുള്ള ടാക്സ് ഇൻവോയിസുകളും മറ്റ് രേഖകളും ഉണ്ടായിരിക്കുകയും, നികുതി ഉൾപ്പെടെയുള്ള തുക വിൽപന നടത്തിയ വ്യാപാരിക്ക് നല്കുകയും ചെയ്തിട്ടും, വില്പന നടത്തിയ വ്യാപാരി, തനിക്ക് ലഭിച്ച നികുതി അടയ്ക്കാതിരിക്കുകയോ, റിട്ടേണുകൾ സമയത്ത് ഫയൽ ചെയ്യാതിരിക്കുകയോ ചെയ്താൽ, വാങ്ങിയ വ്യാപാരിക്ക് ലഭിക്കേണ്ടുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിക്കുന്ന നിയമത്തിലെ സെക്ഷൻ 16(2)(c) നിയമത്തിൽ മാറ്റം കൊണ്ടുവരുവാൻ തീരുമാനിക്കാതെ വൈകിക്കുന്നത് പൂർണമായും അന്യായമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും, പരമോന്നത നീതിപീഠവും, ഈ വകുപ്പിലെ അന്യായം തുറന്നുകാട്ടിയിട്ടും, ഇതിന് ഒരു ശാശ്വത പരിഹാരം നിർദ്ദേശിക്കുന്നതിന്, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉൾക്കൊണ്ട കൗൺസിൽ ഉണർന്നു പ്രവർത്തിക്കാത്തത് തികച്ചും ഖേദകരമാണെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here