കോഴിക്കോട്: രാജ്യസ്‌നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും തലമുറകളിലേക്ക് പകർന്നുനൽകേണ്ട സംസ്‌കാരമാണെന്നും നടൻ മോഹൻലാൽ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാജ്യസ്‌നേഹവും ദേശീയബോധവും സാത്വികമായി ലയിച്ചുചേരണമെന്നും അദ്ദേഹം പറഞ്ഞു. ചാലപ്പുറം കേസരി ഭവനിൽ മാതംഗി ഡിജിറ്റൽ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ കർമമേഖല സിനിമയാണ്. രാജ്യസ്‌നേഹവും ദേശീയബോധവും പ്രമേയമായ ഒട്ടേറെ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ചിത്രീകരണത്തിന്റെ ഭാഗമായി സൈനിക ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും സഞ്ചരിക്കാനും കഴിഞ്ഞു. അവിടങ്ങളിലെല്ലാം വായിച്ചറിഞ്ഞതിനപ്പുറമുള്ള ഭാരതത്തെയാണ് അനുഭവിച്ചറിഞ്ഞത്.
രാജ്യത്തിനായി ജീവൻ പണയംവച്ച് അതിർത്തികളിൽ കാവൽ നിൽക്കുന്ന സൈനികർക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളിൽ ദേശീയബോധവും രാജ്യസ്‌നേഹവും ഹൃദയമിടിപ്പായി മാറുന്നത് അനുഭവിച്ചറിഞ്ഞു. സുരക്ഷിതത്വത്തോടെ ജീവിക്കുന്ന ഓരോ നിമിഷവും അതിർത്തികളിൽ ഉറക്കമൊഴിച്ച് കാവൽ നിൽക്കുന്ന ഭടന്മാരെ ഓർക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ അഭിനയിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും അത്തരമൊരു ചിത്രമാണ്. തന്നാലാവുംവിധം തന്റെ കർമമേഖലയിലൂടെ രാജ്യസ്‌നേഹം വളർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മോഹൻലാൽ പറഞ്ഞു.
ദേശസ്‌നേഹത്തിലും ദേശീയബോധത്തിലും വേരുറപ്പിച്ച മാധ്യമപ്രവർത്തനവും സാമൂഹിക ഇടപെടലുകളുമായിരുന്നു കേസരിയുടെ മുഖമുദ്ര. പ്രവർത്തനം ആരംഭിച്ചതുമുതൽ ഒരു സാംസ്‌കാരിക ദൗത്യമാണ് കേസരി നിർവഹിച്ചുപോരുന്നത്. രാജ്യം നിലനിന്നാൽ മാത്രമേ ഈ സംസ്‌കൃതിയും നിലനിൽക്കൂ എന്ന സത്യം ഓരോ പ്രവർത്തനത്തിലൂടെയും കേസരി സമൂഹത്തെ ഓർമിപ്പിച്ചു. ഭാരതം എന്ന മഹത്തായ സംസ്‌കൃതിയുടെ പാഠങ്ങൾ തലമുറകളിലേക്ക് പകർന്നുനൽകുന്നതിൽ കേസരി വലിയ പങ്കുവഹിച്ചു. ഓരോ പൗരനിലും ദേശീയബോധം വളർത്തുന്നതിൽ കേസരിയെപ്പോലുള്ള മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
ആര്‍എസ്എസ് വേദിയില്‍ മോഹന്‍ലാല്‍; ‘രാജ്യസ്‌നേഹം മുദ്രാവാക്യമല്ല, തലമുറകളിലേക്ക് പകരേണ്ട സംസ്‌കാരം’
Advertisement



























