നിലമ്പൂർ: ഗുഡ്സ് ട്രെയിൻ കടന്നുപോകാൻ വേണ്ടി നിലമ്പൂർ–ഷൊർണ്ണൂർ റൂട്ടിലെ മെമു ട്രെയിൻ അങ്ങാടിപ്പുറം സ്റ്റേഷനിൽ പിടിച്ചിട്ടത് കാരണം ഷൊർണ്ണൂരിൽ നിന്നുള്ള കണക്ഷൻ ട്രെയിനുകൾ നഷ്ടപ്പെട്ട യാത്രക്കാർ ഇന്ന് രാവിലെ ഷൊർണ്ണൂർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിനു മുന്നിൽ ബഹളം വെച്ചു. പുലർച്ചെ 3.10 ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട മെമു 12 മിനിട്ട് വൈകി 4.02 നാണ് അങ്ങാടിപ്പുറത്ത് നിന്ന് യാത്ര തുടർന്നത്. ട്രയിൻ 4.30 ന് ഷൊർണ്ണൂരിലെത്തിയേപ്പാൾ എറണാകുളത്തേക്കുള്ള ട്രയിൻ പുറപ്പെട്ട് കഴിഞ്ഞു. ഇതു കാരണം നൂറ് കണക്കിന് യാത്രാ ക്കാർ ദുരിതത്തിലായി. സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച യാത്രാ ക്കാർ പരാതിയും നൽകി. പലരും മറ്റ് ട്രയിനുകൾ കിട്ടാതെ വന്നതോടെ തിരികെപ്പോയി.
ഒറ്റവരിപ്പാതയായ ഷൊർണ്ണൂർ–നിലമ്പൂർ റെയിൽവേ ലൈനിൽ ക്രോസിങ്ങിനായി പാസഞ്ചർ/മെമു ട്രെയിനുകൾ പിടിച്ചിടുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടമാണ് പ്രധാന പ്രതിസന്ധി. പുലർച്ചെ നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന മെമു (66325) പോലുള്ള ട്രെയിനുകൾ അങ്ങാടിപ്പുറത്തോ വാണിയമ്പലത്തോ പിടിച്ചിടുന്നതോടെ ഷൊർണ്ണൂരിൽ കൃത്യസമയത്ത് എത്താൻ സാധിക്കാതെ വരുന്നു. ഇതുമൂലം എറണാകുളം, കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്കുള്ള തുടർയാത്രക്കാരുടെ ട്രെയിനുകൾ നഷ്ടപ്പെടുന്നു.
പലപ്പോഴും അങ്ങാടിപ്പുറം സ്റ്റേഷനിലെ ചരക്ക് നീക്കത്തിനായി എത്തുന്ന ഗുഡ്സ് ട്രെയിനുകൾക്ക് വേണ്ടിയോ, എതിർദിശയിൽ നിന്നുള്ള ട്രെയിനുകളുടെ ക്രോസിങ്ങിനായോ യാത്രാട്രെയിനുകൾ ദീർഘനേരം പിടിച്ചിടാറുണ്ട്.
യാത്രക്കാരുടെ ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി രാവിലെ യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളാണ് ഇതുമൂലം വലയുന്നത്. ക്രോസിങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും യാത്രാട്രെയിനുകൾക്ക് മുൻഗണന നൽകണമെന്നും യാത്രക്കാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
അങ്ങാടിപുറത്ത് മെമു പിടിച്ചിട്ടു, ഷൊർണ്ണൂരിൽ നിന്ന് കണക്ഷൻ ട്രെയിൻ കിട്ടാതെ യാത്രക്കാർ വലഞ്ഞു; പ്രതിഷേധം, ബഹളം
Advertisement



























