28.6 C
Kollam
Monday 23rd November, 2026 | 08:54:00 PM
Home News Kerala മെഗാ കോമ്പിങ് 2: മദ്യപിച്ച് വാഹനമോടിച്ചതിന് 1708 കേസുകൾ

മെഗാ കോമ്പിങ് 2: മദ്യപിച്ച് വാഹനമോടിച്ചതിന് 1708 കേസുകൾ

Advertisement

തിരുവനന്തപുരം: കേരള പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ‘മെഗാ കോമ്പിങ് 2’ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1708 കേസുകൾ രജിസ്റ്റർ ചെയ്തു. 21ന് വൈകിട്ട് നാലുമുതൽ രാത്രി 10 വരെയും 22ന് രാത്രി 12 മുതൽ രാവിലെ ആറുവരെയും രണ്ടു ഘട്ടങ്ങളിലായാണ് പരിശോധന നടത്തിയത്.

2780 ടൂറിസ്റ്റ് വാഹനങ്ങളടക്കം ആകെ 34,180 വാഹനങ്ങൾ പരിശോധിച്ചു. വാഹനപരിശോധനയിൽ പാലക്കാട് (2901), മലപ്പുറം (2748) ജില്ലകളാണ് മുന്നിൽ. ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയിൽ കാസർകോട് (367), ഇടുക്കി (356) ജില്ലകളും മുന്നിലെത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് പാലക്കാട്ടാണ് (203). പത്തനംതിട്ടയിൽ 155 കേസുകളും കണ്ടെത്തി.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട പരിശോധനയിൽ 66 കേസുകൾ കണ്ടെത്തി. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി 259 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 157 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാലക്കാട്ട് വാഹനപരിശോധനയ്ക്കിടെ 55.186 ഗ്രാം എംഡിഎംഎയും ആലപ്പുഴയിൽ 12.870 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

അബ്കാരി നിയമപ്രകാരം 685 കേസുകളും കോട്പ നിയമപ്രകാരം 248 കേസുകളും ഗെയിമിങ് ആക്ട് പ്രകാരം 16 കേസുകളും പ്രത്യേക പ്രാദേശിക നിയമങ്ങൾ പ്രകാരം 338 കേസുകളും രജിസ്റ്റർ ചെയ്തു. കോടതികളുടെ 122 വാറന്റുകളും 641 ജാമ്യമില്ലാ വാറന്റുകളും നാലു കരുതൽ തടങ്കൽ ഉത്തരവുകളും നടപ്പാക്കി.

ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ 28 പേരെയും ഒളിവിലായിരുന്ന മൂന്നു കുറ്റവാളികളെയും അറസ്റ്റ് ചെയ്തു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 1152 പരിശോധനകൾ നടത്തി. കാപ്പ നിയമത്തിലെ സെക്ഷൻ 15 പ്രകാരം 46 കേസുകൾ രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി 224 പേരെയും തീവ്രവാദ സ്വഭാവമുള്ള 80 പേരെയും പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here