തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിങ് സേവന മേഖലയില്‍ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. സെപ്റ്റംബര്‍ 16ന് ഇന്റലിജന്‍സ് & എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്.
റെയില്‍വേ പരിസരങ്ങളില്‍ പാര്‍ക്കിങ് സേവനം നല്‍കുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങള്‍, അധിക വ്യാപാരസ്ഥലങ്ങള്‍, വസതികള്‍ എന്നിവയുള്‍പ്പെടെ 69 സ്ഥലങ്ങളിലായിരുന്നു പരിശോധന. പാര്‍ക്കിങ് സേവനങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ ടേണ്‍ ഓവറിനേക്കാള്‍ ഗണ്യമായി കുറഞ്ഞ തുകയാണ് റിട്ടേണുകളില്‍ കാണിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. കൂടാതെ, ഒന്നിലധികം ക്യു ആര്‍ കോഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകളും ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
42 കോടി രൂപയുടെ ടേണ്‍ഓവര്‍ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 13 നികുതിദായകരുടെ വിവരങ്ങള്‍ സോഫ്റ്റ്വെയറുകളില്‍ നിന്നും മറ്റുള്ളവരുടേത് രജിസ്റ്ററുകള്‍, ബുക്കുകള്‍, മൊബൈല്‍ ചാറ്റുകള്‍ എന്നിവയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സി, ആശുപത്രികള്‍, മാളുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളിലെ ആയിരത്തിലധികം വാഹന പാര്‍ക്കിംഗുകളുടെ വിവരങ്ങള്‍ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള നികുതി വെട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ inform.sgst@kerala.gov.in എന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണെന്നും, നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ അന്വേഷണവും നടപടികളും കര്‍ശനമായി തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.





























