Home Blog Page 790

ആ വില്ലന്‍ തണ്ണിമത്തനല്ല,രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച സംഭവം തണ്ണിമത്തന്‍ കഴിച്ചതുകൊണ്ടല്ലെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്

മുംബൈ: രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച സംഭവം തണ്ണിമത്തന്‍ കഴിച്ചതുകൊണ്ടല്ലെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. തണ്ണിമത്തനില്‍ നിന്നുള്ള വിഷബാധയാകാം മരണകാരണമെന്നായിരുന്നു പ്രാഥമികനിഗമനം. യഥാര്‍ഥ വില്ലന്‍ തണ്ണിമത്തനല്ലെന്നും മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കഴിഞ്ഞദിവസം ദക്ഷിണ മുംബൈയിലെ വീട്ടില്‍ നടത്തിയ വിരുന്നില്‍ അതിഥികള്‍ക്കൊപ്പം ചിക്കന്‍ പുലാവ് കഴിച്ച കുടുംബം മറ്റെല്ലാവരും മടങ്ങിയ ശേഷം രാത്രി ഒന്നോടെയാണു തണ്ണിമത്തന്‍ കഴിച്ചത്. വീട്ടുടമ അബ്ദുല്ല (40), ഭാര്യ നസ്‌റിന്‍ (35) മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണു മരിച്ചത്. പിറ്റേന്നു രാവിലെ ഛര്‍ദിയും വയറിളക്കവും കാരണം അവശനിലയിലായതോടെയാണ് 4 പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മരണത്തിന് കീഴടങ്ങി.

പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായതായി കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ അവയവങ്ങള്‍ക്ക് ഇത്തരത്തില്‍ നിറം മാറ്റം സംഭവിക്കാറില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ശരീരത്തിനുള്ളില്‍ ചെന്ന മാരകമായ ഏതോ വിഷാംശത്തിന്റെ ഫലമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. രാസപരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ മരണകാരണമായ വിഷാംശം ഏതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

വിവാഹവേദിയിലേക്ക് പുറപ്പെട്ട വരനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

ലക്‌നൗ: വിവാഹവേദിയിലേക്ക് പുറപ്പെട്ട 27കാരനായ വരനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഖേടസരായി മേഖലയിലെ ബിബിപുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ബദാവുര്‍ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികള്‍ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. ആസാദിനു നേരെ പലതവണയാണ് വെടിയുതിര്‍ത്തത്. അയാള്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു.

സംഭവത്തിനു പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. ഉടന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതികളെ കണ്ടെത്താനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച പരിശോധന നടത്തിവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

ജബല്‍പൂരിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരണത്തിലും നാലുവയസ്സുകാരനായ മകനെ നെഞ്ചോടുചേര്‍ത്തുനിര്‍ത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാകാം മരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

നര്‍മദാ നദിയില്‍ നര്‍മദ ബാര്‍ഗി ഡാമിനു സമീപത്താണ് ഇന്നലെ ബോട്ടപകടമുണ്ടായത്. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു അവര്‍. ഒപ്പമുണ്ടായിരുന്ന പിതാവും മകളും രക്ഷപ്പെട്ടു.

ഇതുവരെയും 9 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 24 പേരെ രക്ഷപ്പെടുത്തി. 17 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 5 കുഞ്ഞുങ്ങളുള്‍പ്പെടെ 9 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പൊലീസും ജില്ലാ അധികൃതരും ദുരന്തനിവാരണ സേനയുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.

സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് എതിർദിശയിൽ തിരിയാൻ ശ്രമിച്ച കാര്‍ മൂലം ബൈക്ക് യാത്രികന്‍ മരിച്ചു, കാര്‍ തേടി പൊലീസ്

കോഴിക്കോട്. മലാപ്പറമ്പിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചതിൽ, അപകടം വരുത്തിയ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി.
കണ്ണൂർ സ്വദേശിയായ കെ. പ്രഗിലാണ് അപകടത്തിൽ മരിച്ചത്. സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് എതിർദിശയിൽ തിരിയാൻ ശ്രമിച്ച കാറാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാർ കണ്ടയുടനെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട പ്രഗിൽ സൂചന ബോർഡിൽ ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാതെ കാർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത് കേസിന് ഗൗരവം വർധിപ്പിച്ചു.

സംഭവത്തിൽ ഉൾപ്പെട്ട വാഹനവും ഡ്രൈവറെയും കണ്ടെത്താൻ നടക്കാവ് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായി പരിശോധിക്കുന്നതിനൊപ്പം, വാഹനത്തിന്റെ റൂട്ടും തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അപകടത്തിന് ശേഷം ഏകദേശം 20 മിനിറ്റോളം റോഡിൽ കിടന്നിരുന്ന പ്രഗിലിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയ സ്കോളർഷിപ്പ് പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി തേവലക്കര ​ഗേൾസ്, ബോയ്സ് ഹൈസ്കൂളുകൾ

കൊല്ലം: നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ തേവലക്കര ​ഗേൾസ്, ബോയ്സ് ഹൈസ്കൂളുകൾക്ക് മിന്നും വിജയം. തേവലക്കര ​ഗേൾസ് ഹൈസ്കൂളിൽ നിന്ന് മൂന്ന് മിടുമിടുക്കികൾ സ്കോളർഷിപ്പ് സ്വന്തമാക്കിയപ്പോൾ ബോയ്സിലെ രണ്ട് ആൺകുട്ടികൾ സ്കോളർഷിപ്പ് നേടി.

അമേയ എം, ആരാധന എ, അഹിനോ സൂസൻ വർ​ഗീസ് എന്നിവരാണ് തേവലക്കര ​ഗേൾസ് ഹൈസ്കൂളിന് വേണ്ടി സ്കോളർഷിപ്പ് നേടി അഭിമാനമായത്. പൊതുവിഭാ​ഗത്തിൽ അമേയ എം 132 മാർക്ക് നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

ആരാധന എ, 124 മാർക്കോടെയാണ് സ്കോളർഷിപ്പ് നേടിയത്, അഹിനോ സൂസൻ വർഗീസ് 112  മാർക്കോടെയാണ് സ്കോളർഷിപ്പ് സ്വന്തമാക്കിയത്.

ബോയസ് ഹൈസ്കൂളിലെ ചരൺ ജെ, ആദിത്യൻ കെ എന്നിവരാണ് മികച്ച മാർക്കുകൾ നേടി സ്കോളർഷിപ്പ് സ്വന്തമാക്കിയത്.


9 മുതൽ 12 ക്ലാസ്സ്‌ വരെയുള്ള ക്ലാസ്സുകളിൽ പ്രതിവർഷം 12000/- രൂപ വീതം ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ മെറിറ്റ് സ്കോളർഷിപ്പാണ് NMMS. സ്കോളർഷിപ്പ് പരീക്ഷക്കായി പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. നിലവിൽ  പത്തിലും ഒമ്പതിലുമായി പഠിക്കുന്ന 3 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു വരുന്നുണ്ട്.
അതോടൊപ്പമാണ് ഇപ്പോൾ 3 പേർക്ക് കൂടി ലഭിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ വർഷം USS സ്കോളർഷിപ്പ് പരീക്ഷയിലും തേവലക്കര സ്കൂളിലെ 16 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചിരുന്നു.

വിദേശ ജോലിക്കായി ബംഗളൂരുവിലെ ജോലി രാജിവച്ച് നാട്ടിലെത്തി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു

ആലപ്പുഴ. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും മകള്‍ ആര്യ മോളാണ് മരിച്ചത്. ഒരു മാസം മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

വിദേശ ജോലിക്കായി ബംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ആര്യ നാട്ടിലെത്തിയത്. രോഗലക്ഷണം കണ്ടയുടനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം കൂടിയതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബ്ബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് മിത്രനികേതന്‍ സ്വദേശികളായ ഷിബിന്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്.പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

വെള്ളാണിക്കൽ പാറ സന്ദര്‍ശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടൈത്തിയത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അര്‍ച്ചനയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊടും ചൂടിന് ആശ്വാസം; ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

Also Read: പ്രണയ വിവാഹം എതിർത്ത പിതൃസഹോദരനെ കൊല്ലാൻ ശ്രമിച്ച അഭിജിത്ത് അമ്മയെ മർദ്ദിക്കുന്നു, സിസിടിവി ദൃശ്യങ്ങളും പുറത്ത്

നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ ദിവസങ്ങളിളും മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. അതേസമയം, മഴ ശക്തമായതോടെ താപനിലയിൽ ആശ്വാസമുണ്ട്. ഇന്നലെ 38 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിൽ രേഖപ്പെടുത്തിയത്.

പ്രണയ വിവാഹം എതിർത്ത പിതൃസഹോദരനെ കൊല്ലാൻ ശ്രമിച്ച അഭിജിത്ത് അമ്മയെ മർദ്ദിക്കുന്നു, സിസിടിവി ദൃശ്യങ്ങളും പുറത്ത്

കൊച്ചി: പ്രണയ വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യത്തിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദിനെ (33) കുറിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വന്തം അമ്മയെ അഭിജിത്ത് മർദ്ദിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

Also Read: അമേരിക്കയിൽ വിമാനാപകടം: ടെക്‌സസിലെ വനമേഖലയിൽ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർ കൊല്ലപ്പെട്ടു

കഴിഞ്ഞ മാസം 22-നായിരുന്നു അമ്മയെ മർദ്ദിച്ച സംഭവം നടന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതി അമ്മയെ ക്രൂരമായി മർദ്ദിക്കാൻ ശ്രമിക്കുന്നത് പതിഞ്ഞത്. ഇതിന്റെ പേരിൽ കൊച്ചി നോർത്ത് പോലീസ് അഭിജിത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാൽ അന്ന് പോലീസ് മറ്റ് നടപടികളിലേക്ക് നീങ്ങിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറയുന്നു.

ഇഷ്ടപെട്ട യുവതിയെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തത്തിലുള്ള ദേഷ്യമായിരുന്നു എല്ലാവരോടുമെന്നും താൻ ദേഷ്യത്തിൽ ഏതോ ഗുളിക വാങ്ങി കഴിച്ചിരുന്നുവെന്നുമാണ് പ്രതിയുടെ ഭാഷ്യം. പ്രണയബന്ധത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.

അഭിജിത്തിന്റെ പിതൃസഹോദരൻ സത്യപാലനെ (61) ആണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സത്യപാലനെ അഭിജിത്ത് കാറിടിച്ച് വീഴ്ത്തുകയായിരുന്നു. അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഇത് മനഃപൂർവ്വമുള്ള കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞത്.

യുവതിയുമായുള്ള തന്റെ വിവാഹത്തിന് തടസ്സം നിൽക്കുന്നത് സത്യപാലനാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചാണോ പ്രതി കൃത്യം നിർവ്വഹിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. എന്നാൽ, താൻ ദേഷ്യം വന്നപ്പോൾ ഏതോ ഗുളികകൾ വാങ്ങി കഴിച്ചിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. നിലവിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ സത്യപാലൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അമേരിക്കയിൽ വിമാനാപകടം: ടെക്‌സസിലെ വനമേഖലയിൽ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസിൽ ചെറു വിമാനം തകർന്നു വീണ് അഞ്ച് പേർ കൊല്ലപ്പെട്ടു. അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ കളിക്കാരാണ് മരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ടെക്സാസിലെ വിംബർലിക്ക് സമീപമാണ് അപകടം നടന്നത്. സെസ്ന 421സി എന്ന ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർ ഒരു ടൂർണമെൻ്റിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എന്നാണ് വിവരം.

Also Read: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു; നിർണായക മൊഴി നൽകി പങ്കജ് ഭണ്ഡാരി, അന്വേഷണം പുതിയ തലത്തിലേക്ക്‌

ഓസ്റ്റിനിൽ നിന്ന് 40 മൈൽ അകലെയുള്ള വിംബർലിയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്. അപകടസമയത്ത് വിമാനം അമിതവേഗതയിലായിരുന്നുവെന്നും മോശം കാലാവസ്ഥയും വെല്ലുവിളിയായെന്നുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാൽ ബ്ലാക് ബോക്സ് അടക്കം കണ്ടെത്തിയാലേ അപകടത്തിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വ്യക്തത വരൂ.

അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ചേർന്ന് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ ലൊക്കേറ്റർ ഉപകരണം അപകടത്തിന് തൊട്ടുമുമ്പ് അപായ സന്ദേശം അയച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.