30.3 C
Kollam
Friday 18th September, 2026 | 02:02:40 PM
Home News Breaking News പ്രണയ വിവാഹം എതിർത്ത പിതൃസഹോദരനെ കൊല്ലാൻ ശ്രമിച്ച അഭിജിത്ത് അമ്മയെ മർദ്ദിക്കുന്നു, സിസിടിവി ദൃശ്യങ്ങളും പുറത്ത്

പ്രണയ വിവാഹം എതിർത്ത പിതൃസഹോദരനെ കൊല്ലാൻ ശ്രമിച്ച അഭിജിത്ത് അമ്മയെ മർദ്ദിക്കുന്നു, സിസിടിവി ദൃശ്യങ്ങളും പുറത്ത്

കൊച്ചി: പ്രണയ വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യത്തിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദിനെ (33) കുറിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വന്തം അമ്മയെ അഭിജിത്ത് മർദ്ദിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

Also Read: അമേരിക്കയിൽ വിമാനാപകടം: ടെക്‌സസിലെ വനമേഖലയിൽ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർ കൊല്ലപ്പെട്ടു

കഴിഞ്ഞ മാസം 22-നായിരുന്നു അമ്മയെ മർദ്ദിച്ച സംഭവം നടന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതി അമ്മയെ ക്രൂരമായി മർദ്ദിക്കാൻ ശ്രമിക്കുന്നത് പതിഞ്ഞത്. ഇതിന്റെ പേരിൽ കൊച്ചി നോർത്ത് പോലീസ് അഭിജിത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാൽ അന്ന് പോലീസ് മറ്റ് നടപടികളിലേക്ക് നീങ്ങിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറയുന്നു.

ഇഷ്ടപെട്ട യുവതിയെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തത്തിലുള്ള ദേഷ്യമായിരുന്നു എല്ലാവരോടുമെന്നും താൻ ദേഷ്യത്തിൽ ഏതോ ഗുളിക വാങ്ങി കഴിച്ചിരുന്നുവെന്നുമാണ് പ്രതിയുടെ ഭാഷ്യം. പ്രണയബന്ധത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.

അഭിജിത്തിന്റെ പിതൃസഹോദരൻ സത്യപാലനെ (61) ആണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സത്യപാലനെ അഭിജിത്ത് കാറിടിച്ച് വീഴ്ത്തുകയായിരുന്നു. അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഇത് മനഃപൂർവ്വമുള്ള കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞത്.

യുവതിയുമായുള്ള തന്റെ വിവാഹത്തിന് തടസ്സം നിൽക്കുന്നത് സത്യപാലനാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചാണോ പ്രതി കൃത്യം നിർവ്വഹിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. എന്നാൽ, താൻ ദേഷ്യം വന്നപ്പോൾ ഏതോ ഗുളികകൾ വാങ്ങി കഴിച്ചിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. നിലവിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ സത്യപാലൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.