തിരുവനന്തപുരം. യുഡിഎഫ് സുനാമിയിൽ ഇടതു കോട്ടകളെന്നു പേരു കേട്ട പല ഇടങ്ങളും ഒലിച്ചു പോകുന്ന കാഴ്ചയ്ക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ സംസ്ഥാനം സാക്ഷിയായത്. 14ൽ അഞ്ച് ജില്ലകളിൽ ഇടതുപക്ഷത്തെ ജനം പാടെ കൈയൊഴിയുന്ന അമ്പരപ്പിക്കുന്ന ഫലമാണ് പുറത്തു വന്നത്. മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ യുഡിഎഫ് തൂത്തുവാരി. കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഒരോ സീറ്റ് മാത്രമാണ് എൽഡിഎഫിനു കിട്ടിയത്.
മന്ത്രിമാരടക്കം നിരവധി അതികായരാണ് ഇത്തവണ പരാജയം രുചിച്ചത്.19 മന്ത്രിമാരില്‍ 13പേരും തോറ്റു. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, പാലായിൽ ജോസ് കെ മാണി, ഏറ്റുമാനൂരിൽ വിഎൻ വാസവൻ, ആറൻമുളയിൽ വീണ ജോർജ്, പത്തനാപുരത്ത് കെബി ഗണേഷ് കുമാർ, നേമത്ത് വി ശിവൻകുട്ടി, തിരൂരിൽ വി അബ്ദുറഹിമാൻ, തൃത്താലയിൽ എംബി രാജേഷ്, പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ, പേരാവൂരിൽ കെകെ ശൈലജ, തവനൂരിൽ കെടി ജലീൽ അടക്കമുള്ളവരെല്ലാം തോൽവി അറിഞ്ഞു.
തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളിൽ അഞ്ചിടത്ത് എൽഡിഎഫ് ആണ്. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ എൻഡിഎ അക്കൗണ്ട് തുറന്നു. ഏഴിടത്ത് യുഡിഎഫും വിജയം സ്വന്തമാക്കി. 2021ൽ 14ൽ 13ഉം എൽഡിഎഫ് വിജയിച്ചിരുന്നു. കോവളത്ത് എം വിൻസന്റ് മാത്രമാണ് അന്ന് കോൺഗ്രസിനു ആശ്വാസമായി നിന്നത്. ഇത്തവണ അതെല്ലാം മാറുന്ന കാഴ്ചയായിരുന്നു.




































