ശാസ്‌താംകോട്ട:ദയനീയ പരാജയത്തിലൂടെ രാഷ്ട്രീയ കേരളത്തിൽ നിന്നുപോലും തുടച്ചു നീക്കപ്പെട്ടേക്കുന്ന കോവൂർ കുഞ്ഞുമോന് ആർഎസ്പി നൽകിയ മധുര പ്രതികാരമാണ് ഉല്ലാസ് കോവൂരിൻ്റെ വൻ വിജയം.ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ അവസാന കാലത്ത് 2016ലാണ് എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് ആർഎസ്പി, യുഡിഎഫിൻ്റെ ഭാഗമായത്.തുടർന്ന് 2001 മുതൽ കുന്നത്തൂരിനെ പ്രതിനിധീകരിക്കുന്ന സീനിയർ എംഎൽഎ കൂടിയായ കുഞ്ഞുമോന് ഉമ്മൻചാണ്ടി സർക്കാരിൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാനും ധാരണയായിരുന്നു.
ഇക്കാര്യങ്ങളിൽ ചർച്ച നടക്കവേ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കുഞ്ഞുമോനെ തങ്ങളുടെ പാളയത്തിലെത്തിച്ചു.ആർഎസ്പിയെ പിളർത്തി പുതിയ പാർട്ടി രൂപീകരിക്കുക എന്നതായിരുന്നു ഇരുവരും നൽകിയ നിർദ്ദേശം.യുഡിഎഫിൻ്റെ തോൾ ചേർന്നു നിന്നുകൊണ്ട് ഒരു സുപ്രഭാതത്തിൽ ആർഎസ്പിയിൽ നിന്നും രാജിവച്ച് സ്വന്തമായി ആർഎസ്പി (ലെനിനിസ്റ്റ് ) എന്ന പാർട്ടി രൂപീകരിച്ചു.അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ നിന്നും എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു.എതിരാളിയായി ആർഎസ്പി നിയോഗിച്ചത് അടുത്ത ബന്ധു കൂടിയായ ഉല്ലാസ് കോവൂരിനെ.വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവെങ്കിലും കുഞ്ഞുമോൻ്റെ പാർട്ടിയെ പടിക്ക് പുറത്തു നിർത്തുകയാണ് എൽഡിഎഫ് ചെയ്തത്.
2021 എത്തിയപ്പോഴേക്കും കുഞ്ഞുമോൻ്റെ പാർട്ടി ശോഷിച്ചു എങ്കിലും പിണറായിയുടെ കാരുണ്യത്തിൽ വീണ്ടും സ്ഥാനാർത്ഥിയായി.വീണ്ടും എതിരാളിയായി എത്തിയത് ഉല്ലാസ് കോവൂർ.ഇക്കുറി കുഞ്ഞുമോൻ നല്ലതുപോലെ വെള്ളം കുടിച്ചു.2794 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കുഞ്ഞുമോന്‍ വിജയിച്ചെങ്കിലും യുഡിഎഫും ഉല്ലാസ് കോവൂരും കളം നിറഞ്ഞ് നിന്നു.എംഎൽഎ പദവിയിൽ 25 വർഷം എത്തിയെങ്കിലും മന്ത്രി പദവി നൽകാനോ,ആർഎസ്പി (എൽ)നെ ഘടകക്ഷിയാക്കാനോ എൽഡിഎഫ് തയ്യാറായില്ല.ഏതെങ്കിലുമൊരു ബോർഡ്,കോർപ്പറേഷൻ മെമ്പർ സ്ഥാനം പോലും നേടിയെടുക്കുന്നതിൽ കുഞ്ഞുമോൻ പരാജയപ്പെട്ടു.ഇതോടെ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ പടിയിറങ്ങി.അഭ്യൂഹങ്ങൾക്കിടയിൽ ഇക്കുറി വീണ്ടും സ്ഥാനാർത്ഥിയായെങ്കിലും സ്വന്തം മുന്നണിയിൽപ്പെട്ട മുൻ എം.പി കെ.സോമപ്രസാദ് ഉൾപ്പെടെയുള്ള പ്രമുഖർ തന്നെ വിട്ടു നിന്നത് ചർച്ചയായിരുന്നു.ഒടുവിൽ 2026ൽ ആർഎസ്പി സ്വപ്നം കണ്ടത് യാഥാർത്ഥ്യമായി.ഉല്ലാസ് കോവൂർ 25,314 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ചരിത്ര വിജയം നേടിയപ്പോൾ ഔദ്യോഗിക ആർഎസ്പി കുഞ്ഞുമോന് നൽകിയ മധുരപ്രതികാരമായി.



































