26.6 C
Kollam
Sunday 20th September, 2026 | 07:17:48 AM
Home News National എഐ നഗരവും സ്വർണ പദ്ധതികളും; ശ്രദ്ധ നേടി വിജയ് ബജറ്റ്

എഐ നഗരവും സ്വർണ പദ്ധതികളും; ശ്രദ്ധ നേടി വിജയ് ബജറ്റ്

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യവസായ വികസനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. തമിഴ്‌നാടിനെ 1.5 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം.
ധനമന്ത്രി എന്‍. മാരി വില്‍സണ്‍ അവതരിപ്പിച്ച ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ കടബാധ്യത കുറയ്ക്കുന്നതിനൊപ്പം ജനക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന നിരവധി പദ്ധതികള്‍ക്കും ബജറ്റില്‍ പ്രഖ്യാപനമായി.
വിവാഹിതരാകുന്ന യുവതികള്‍ക്ക് എട്ട് ഗ്രാം സ്വര്‍ണ നാണയവും പട്ട് സാരിയും നല്‍കുന്ന പദ്ധതിക്കായി 812 കോടി രൂപ വകയിരുത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം നല്‍കുന്ന ‘തായ്മാമന്‍ തങ്ക മോതിരം’ പദ്ധതിക്കായി 560 കോടി രൂപയും നീക്കിവെച്ചു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, ഹെല്‍മറ്റ്, വാട്ടര്‍ ബോട്ടില്‍ എന്നിവ വിതരണം ചെയ്യുന്നതിനായി 272 കോടി രൂപ അനുവദിച്ചു. 5.32 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഇന്ത്യയിലെ ആദ്യ സമര്‍പ്പിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നഗരമായ ‘അറിവകം’ സ്ഥാപിക്കുമെന്നും തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി-തിരുനെല്‍വേലി മേഖലകളെ ഉള്‍പ്പെടുത്തി എയറോസ്‌പേസ് നിര്‍മാണ ഹബ് രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. AI, നൂതന സാങ്കേതികവിദ്യ, വ്യവസായ നിക്ഷേപം എന്നിവയില്‍ സംസ്ഥാനത്തെ മുന്‍നിരയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.