Home News National കർഷകർക്ക് വൻ ആശ്വാസം; കാർഷിക വായ്പാ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

കർഷകർക്ക് വൻ ആശ്വാസം; കാർഷിക വായ്പാ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനുമായി തമിഴ്നാട് സർക്കാർ പുതിയ വായ്പാ ഇളവ് പദ്ധതി പ്രഖ്യാപിച്ചു. സഹകരണ ബാങ്കുകളിൽ നിന്ന് 75,000 രൂപ വരെ കാർഷിക വായ്പയെടുത്ത കർഷകരുടെ കടം പൂർണമായും എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ അറിയിച്ചു.
75,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 75,000 രൂപ വരെ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാർഷിക വായ്പകൾക്ക് 35,000 രൂപ വരെ സർക്കാർ സഹായം ലഭ്യമാക്കും.
അധികാരമേറ്റതിന് പിന്നാലെ 15 ദിവസത്തിനുള്ളിൽ 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ സർക്കാർ എഴുതിത്തള്ളിയിരുന്നുവെന്നും വിജയ് ഓർമിപ്പിച്ചു. കർഷകരുടെ ക്ഷേമത്തിനും കാർഷിക മേഖലയിലെ വളർച്ചയ്ക്കും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
“സംസ്ഥാനത്തിന്റെ നട്ടെല്ലാണ് കൃഷി. തമിഴ്നാടിന്റെ പുരോഗതിക്ക് പിന്നിൽ കർഷകരുടെ കഠിനാധ്വാനമുണ്ട്. ജനങ്ങളാണ് സംസ്ഥാനത്തിന്റെ ജീവൻ എങ്കിൽ കർഷകർ അതിന്റെ ജീവനാഡിയാണ്. അവരുടെ കടബാധ്യത കുറയ്ക്കുകയും കൃഷിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്,” വിജയ് പറഞ്ഞു.
പുതിയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1.38 ലക്ഷത്തിലധികം കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക്. ഇതിനായി 953.06 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കും. ഇതോടെ പദ്ധതിയുടെ ആകെ ചെലവ് 6,220 കോടി രൂപയായി ഉയരും.
അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കുന്ന വേളയിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും അർഹതാ മാനദണ്ഡങ്ങളും ഉടൻ പുറത്തിറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here