കുന്നത്തൂർ:കോവൂർ കുഞ്ഞുമോനെ മലർത്തിയടിച്ച് കുന്നത്തൂരിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ നേടിയ വിജയം പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചു.42 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുന്നത്തൂരിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ഉല്ലാസ് കോവൂർ തന്നെയായിരുന്നു മുന്നിൽ.പോസ്‌റ്റൽ വോട്ടുകളിൽ തുടങ്ങിയ ആധിപത്യം ഇവിഎം എണ്ണുമ്പോഴും നിലനിർത്താൻ ഉല്ലാസിനു കഴിഞ്ഞു.ഇതോടെ രാവിലെ മുതൽ ടെലിവിഷൻ ചാനലുകൾക്കു മുന്നിൽ ഇലക്ഷൻ വാർത്തകൾ കണ്ടുകൊണ്ടിരുന്ന പ്രവർത്തകർ ആവേശത്തിലായി.

11 മണിയോടെ പലയിടത്തും ലഡു വിതരണവും പടക്കം പൊട്ടിക്കലും ആരംഭിച്ചു.ഉച്ച കഴിഞ്ഞതോടെ ആവേശം ഉച്ചസ്ഥായിലായി.പ്രവർത്തകർ കൂട്ടത്തോടെ തെരുവിലേക്കിറങ്ങി.പാൽപായസവും ലഡുവും ഉൾപ്പെടെ മധുരം വിതരണം ചെയ്തു കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ.നിരവധി ഇരുചക്ര വാഹനങ്ങളും ഡി.ജെ വാഹനങ്ങളും അകടമ്പടിയേകി.
പലയിടത്തും ആഘോഷം രാത്രി വരെ നീണ്ടു.ചരിത്രവിജയം കരസ്ഥമാക്കിയ ശേഷം കൊല്ലത്തു നിന്നും നിയോജക മണ്ഡലം അതിർത്തിയായ ചിറ്റുമല രണ്ടുറോഡിൽ എത്തിയ ഉല്ലാസ് കോവൂരിനെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.തുടർന്ന് തുറന്ന വാഹനത്തിൽ റോഡ് ഷോ.കുന്നത്തൂരിലെ 10 പഞ്ചായത്തുകളിലും വിജയഭേരി മുഴക്കിയെത്തിയ ഉല്ലാസിനെ കാണാൻ പാതയോരങ്ങളിൽ വൻ ജനാവലിയാണ് കാത്തുനിന്നത്.




































