Home Blog Page 764

ദിവസം മുഴുവൻ സുഗന്ധം നിലനിർത്താം; വേണം ഈ 6 ബാത്തിംഗ് ഉൽപ്പന്നങ്ങൾ

കുളികഴിഞ്ഞാലും ശരീരം നല്ല സുഗന്ധത്തോടെ നിലനിൽക്കാൻ ആഗ്രഹമുണ്ടോ? വിയർപ്പ് നാറ്റം അകറ്റി ചർമ്മത്തിന് തിളക്കവും ഉന്മേഷവും നൽകുന്ന മികച്ച ബാത്തിംഗ് ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയാം.

ഷവർ ജെല്ലുകൾ

ലാവെൻഡർ, സിട്രസ്, അല്ലെങ്കിൽ സാൻഡൽ വുഡ് സുഗന്ധങ്ങളുള്ള ഷവർ ജെല്ലുകൾ ഉപയോഗിക്കുന്നത് കുളികഴിഞ്ഞ് ദീർഘനേരം ശരീരത്തിൽ മണം നിലനിൽക്കാൻ സഹായിക്കും.

ബോഡി സ്‌ക്രബ്ബുകൾ

ആഴ്ചയിൽ രണ്ടുതവണ ബോഡി സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഗന്ധമുള്ള ലോഷനുകൾ ചർമ്മത്തിൽ നന്നായി പിടിക്കാനും സഹായിക്കുന്നു.

ഇൻ-ഷവർ ബോഡി ഓയിൽ

കുളികഴിഞ്ഞ് ശരീരം തോർത്തുന്നതിന് മുൻപ് ബോഡി ഓയിൽ പുരട്ടുന്നത് ചർമ്മത്തിലെ ഈർപ്പവും സുഗന്ധവും ദീർഘനേരം ലോക്ക് ചെയ്യാൻ സഹായിക്കുന്ന മികച്ച മാർഗമാണ്.

പെർഫ്യൂംഡ് ബോഡി ലോഷൻ

കുളി കഴിഞ്ഞ് ഉടൻ തന്നെ സുഗന്ധമുള്ള ബോഡി ലോഷൻ ഉപയോഗിക്കുന്നത് ചർമ്മം മൃദുവാക്കാനും സുഗന്ധം വർദ്ധിപ്പിക്കാനും സഹായിക്കും.

ബോഡി മിസ്റ്റ്

കുളി കഴിഞ്ഞ് വസ്ത്രം ധരിക്കുന്നതിന് മുൻപ് ബോഡി മിസ്റ്റ് ഉപയോഗിക്കുന്നത് ശരീരം വിയർക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധം തടയാൻ സഹായിക്കും.

എസൻഷ്യൽ ഓയിലുകൾ

കുളിക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി ലാവെൻഡർ അല്ലെങ്കിൽ പെപ്പർമിന്റ് എസൻഷ്യൽ ഓയിൽ ചേർക്കുന്നത് ശരീരത്തിന് കുളിർമയും നല്ല മണവും നൽകും.

ശുചിത്വം പ്രധാനം

നല്ല ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ശരിയായ രീതിയിൽ ചർമ്മം വൃത്തിയാക്കുന്നത് സ്വാഭാവികമായ ശരീരഗന്ധം മെച്ചപ്പെടുത്താൻ സഹായിക്കും.

കേരള തീരത്തിന് മുകളിൽ ചക്രവാതച്ചുഴി, സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത ബംഗാൾ ഉൾക്കടലിൽ; എല്ലാ ജില്ലകളിലും ഇനി മഴ സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിലും കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനത്താൽ മെയ് 11-ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന് പുറമെ തെക്കുപടിഞ്ഞാറൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: തെലങ്കാനയിൽ 800 വർഷം പഴക്കമുള്ള ശിവ ക്ഷേത്രം സർക്കാർ സ്‌കൂൾ നിർമിക്കാനായി തകർത്തു; വൻ പ്രതിഷേധം

ഇന്ന് മുതൽ മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒരടി പിന്നോട്ടില്ലെന്നുറപ്പിച്ച് കെസി പക്ഷം; ‘ബഹളങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല, എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കപ്പെടും’
09/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്

10/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

11/05/2026: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

12/05/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്

13/05/2026: എറണാകുളം, തൃശൂർ, മലപ്പുറം , കോഴിക്കോട്,വയനാട്, കണ്ണൂർ

ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തെലങ്കാനയിൽ 800 വർഷം പഴക്കമുള്ള ശിവ ക്ഷേത്രം സർക്കാർ സ്‌കൂൾ നിർമിക്കാനായി തകർത്തു; വൻ പ്രതിഷേധം

വാറങ്കൽ: ഹൈദരാബാദിൽ 800 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം സർക്കാർ അനുമതിയോടെ തകർത്തു. ഇതിന് പിന്നാലെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ഖനപുർ മണ്ഡലത്തിലെ അശോക് നഗർ ഗ്രാമത്തിലെ ക്ഷേത്രമാണ് സ്‌കൂൾ നിർമ്മാണത്തിൻ്റെ പേരിൽ തകർത്തത്.

Also Read: തെലങ്കാനയിൽ 800 വർഷം പഴക്കമുള്ള ശിവ ക്ഷേത്രം സർക്കാർ സ്‌കൂൾ നിർമിക്കാനായി തകർത്തു; വൻ പ്രതിഷേധം

കാകതിയ രാജവംശ കാലത്ത് അന്നത്തെ രാജാവ് ഗണപതി ദേവ നിർമ്മിച്ചതാണ് ക്ഷേത്രമെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിൻ്റെ തകർത്ത ഭാഗങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ പ്രതിഷേധം ഉയർന്നു. ഏറെക്കാലമായി ആവർത്തിച്ച് സർക്കാർ സംവിധാനങ്ങളോട് ആവശ്യപ്പെട്ടിട്ടും ക്ഷേത്രം പുനരുദ്ധരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ അവഗണിക്കുകയായിരുന്നു എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിധിയുണ്ടെന്ന വിശ്വാസത്തിൽ ക്ഷേത്രത്തിൽ അജ്ഞാതരായ പലരും സ്ഫോടകവസ്തുക്കൾ അടക്കം ഉപയോഗിച്ച് മുൻപ് തിരച്ചിൽ നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ സർക്കാർ ഏജൻസികൾ തന്നെ ക്ഷേത്രം തകർക്കുമെന്ന് കരുതിയില്ലെന്നാണ് നാട്ടുകാരുടെ ഭാഗം.

പ്രദേശത്തെ 30 ഏക്കറോളം സ്ഥലം ഇൻ്റഗ്രേറ്റഡ് സ്‌കൂൾ പദ്ധതിക്കായി സർക്കാർ കണ്ടെത്തിയതാണ്. ഈ പദ്ധതിക്കായി പദ്ധതി പ്രദേശം വൃത്തിയാക്കുന്നതിനിടയിലാണ് ക്ഷേത്രത്തിൻ്റെ ഭാഗങ്ങൾ തകർത്തത്. ക്ഷേത്രം ഉടൻ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം രംഗത്തെത്തി. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നാണ് മുന്നറിയിപ്പ്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ വാറങ്കൽ ജില്ലാ കളക്ടർ സത്യ ശാരദയും നർസംപേട് എംഎൽഎ ദോന്തി മാധവ റെഡ്ഡിയും സ്ഥലത്തെത്തി. പദ്ധതി സ്ഥലത്തെ ക്ഷേത്രത്തിൻ്റെ സവിശേഷതകൾ പരിഗണിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് എംഎൽഎ കുറ്റപ്പെടുത്തി. സിവ ക്ഷേത്രം സ്‌കൂൾ പദ്ധതിക്കൊപ്പം പുനർനിർമിക്കുമെന്നും ഇവിടെ സരസ്വതി ദേവിയുടെ പ്രതിഷ്‌ഠ നടത്തുമെന്നും എംഎൽഎ ജനങ്ങൾക്ക് ഉറപ്പുനൽകി.

ദില്ലിയിൽ മുഖ്യമന്ത്രി ചർച്ച പൂർത്തിയായി; തീരുമാനം എപ്പോഴെന്നതിന് മറുപടി നൽകാതെ നേതാക്കൾ

ന്യൂഡൽഹി ∙ ദേശീയ നേതൃത്വവുമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനമായില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മൂന്നു മണിക്കൂറോളമാണ് യോഗം നീണ്ടത്. ഇതിനുശേഷം കേരളത്തിലെ നേതാക്കൾ ദീപാ ദാസ് മുൻഷിക്കൊപ്പം വാർത്താസമ്മേളനം നടത്തി. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്നതിന് വ്യക്തമായ മറുപടി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായില്ല.

രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം മൂന്നു നേതാക്കളും വിഭാഗീയ പ്രവർത്തനം കേരളത്തിൽ അവസാനിപ്പിക്കണമെന്ന് അണികളോട് സംയുക്ത പ്രഖ്യാപനം നടത്തി.

ഉജ്ജ്വലമായ വിജയമാണ് കേരളത്തിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യോഗത്തിനു ശേഷം പറഞ്ഞു. ചേരിത്തിരഞ്ഞുള്ള പ്രചാരണങ്ങൾ വിഭാഗീയത ഉണ്ടാക്കുന്നുണ്ട്. അതിനാൽ എല്ലാവരും ചേർന്ന് ഒരുമിച്ച് പറയുന്നു, അങ്ങനെ പ്രചാരണം നടത്തരുത്. അത് കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കും. എല്ലാ യു‍ഡ‍ിഎഫ് പ്രവർത്തകരോടും അത്തരം പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുന്നു. ഫ്ലക്സ് ബോർഡുകൾ പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം. തങ്ങൾ മൂന്നു പേർക്കും വേണ്ടിയാണ് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തിൽ ഇത് പറയുന്നതെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് ഏറ്റവും ഒടുവിൽ സംസാരിച്ച കെ പി സി സി പ്രസിഡൻ്റിനോട് മുഖ്യമന്ത്രി പ്രഖ്യാപനമെപ്പോഴുണ്ടാകുമെന്ന് ആവർത്തിച്ചിട്ടും മറുപടി പറഞ്ഞില്ല.

ഒടുവിൽ ആശ്വാസം, ‘ജനനായകന്’ ഗവർണർ സമയം അനുവദിച്ചു, ലോക്ഭവനിൽ കൂടിക്കാഴ്ചക്കായി വിജയ്, സത്യപ്രതിജ്ഞയുടെ സ്ഥലവും സമയവും ഉടൻ തീരുമാനിക്കും

ചെന്നൈ: 5 നാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നു. 108 സീറ്റിൽ നിന്ന് 120 എം എൽ എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്ക്ക് സമയം അനുവദിച്ചു. ആദ്യം മുതലേ എം എൽ എമാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിൽ ഉടക്കിട്ടിരുന്ന ഗവർണർ, ആദ്യം കൂടിക്കാഴ്ചക്ക് സമയം നൽകുന്നില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

Also Read: മുഖ്യമന്ത്രി പ്രഖ്യാപനം ഖാർ‍‍​ഗെയും രാഹുലും നടത്തുമെന്ന് ദീപാദാസ് മുൻഷി; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

120 എം എൽ എമാരുടെയും പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ലോക്ഭവൻ റൂട്ടിലേക്ക് തിരിച്ച വിജയ്, പാതി വഴിയിൽ യൂ ടേൺ എടുത്ത് മടങ്ങിയതോടെയാണ് അഭ്യൂഹം ശക്തമായത്. എന്നാൽ ഇത് വാർത്തയായതിന് പിന്നാലെ ഗവർണർ, വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. ഇതനുസരിച്ച് വിജയ് ഉടൻ തന്നെ ലോക്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഗവർണറുടെ അനുവാദം ലഭിച്ചാൽ സത്യപ്രതിജ്ഞയുടെ സമയവും സ്ഥലവും കുറിക്കപ്പെടും.

5 നാൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ജനനായകൻ

തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 5 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ചാണ് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായത്. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ ‘കൈ’ പിടിച്ചെത്തിയ കോൺഗ്രസിന് പിന്നാലെ വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകന്‍റെ സർക്കാർ യാഥാർഥ്യമാകുന്നത്. കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, ലീഗിന്‍റെ 2, എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെ കേവല ഭൂരിപക്ഷമായ 118 ഉം കടന്ന് 120 ആയി ടി വി കെയുടെ അംഗബലം.

അതേസമയംവിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും. വി സി കെ മന്ത്രിസഭയുടെ ഭാഗമാകുമോ എന്നതും കണ്ടറിയണം. ലീഗ് മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോൺഗ്രസ് ചേർന്നാൽ ചേരുമെന്ന നിലപാടിലാണ് ലീഗെന്നാണ് സൂചന.

കുന്നത്തൂരിൽ മരം വീണ് വീട് തകർന്നു

കുന്നത്തൂർ:ശക്തമായ മഴയിലും കാറ്റിലും കുന്നത്തൂരിൽ മരം വീണ് വീട് തകർന്നു.ഐവർകാല പടിഞ്ഞാറ്റക്കര തെക്ക് പ്ലാന്തുണ്ടിൽ രാധയുടെ വീടാണ് തകർന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് മരം വീടിനുമുകളിലേക്ക് മറിഞ്ഞത്.വീട് പൂർണമായും തകർന്നു.സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.

കെ-ടെറ്റ് പുനഃപരിശോധനാ ഹർജികൾ മേയ് 13ന് സുപ്രീം കോടതിയിൽ വാദം കേൾക്കും;പിഴവുകൾ തിരുത്താൻ ഗവർണറുടെ അടിയന്തര ഇടപെടൽ തേടി ദേശീയ അധ്യാപക പരിഷത്ത്

ന്യൂഡൽഹി/തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിന്മേലുള്ള പുനഃപരിശോധനാ ഹർജികളിൽ മേയ് 13ന് തുറന്ന കോടതിയിൽ നേരിട്ടുള്ള വാദം കേൾക്കൽ നടക്കും.ജസ്റ്റിസ് ദീപാങ്കർ ദത്ത,ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഉച്ചയ്ക്ക് 2 മണിക്കാണ് 68 ഹർജികൾ പരിഗണിക്കുന്നത്.സാധാരണഗതിയിൽ ചേംബറിൽ തീർപ്പാക്കുന്ന പുനഃപരിശോധനാ ഹർജികൾ,വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

വിഷയത്തിൽ ദേശീയ അധ്യാപക പരിഷത്തിന്റെ (എൻടിയു) നിർണ്ണായക ഇടപെടൽ:

ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) കേരള ഘടകത്തിന് വേണ്ടി സംസ്ഥാന സെക്രട്ടറി സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ അഡ്വ.ടോമി ചാക്കോ ഹാജരാകും.ആയിരക്കണക്കിന് അധ്യാപകരുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താൻ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സംഘടനയുടെ പ്രത്യേക അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് ഈ അവസരം ലഭിച്ചത്.കേരളത്തിലെ 75,000ത്തിലധികം അധ്യാപകരുടെ തൊഴിൽ സുരക്ഷയെ ബാധിക്കുന്ന വിധിയിൽ നേരിട്ട് വാദം ഉന്നയിക്കാൻ ഇതോടെ എൻ.ടി.യുവിന് സാധിക്കും.

ഗവർണറുടെ ഇടപെടൽ തേടി നിവേദനം:

കേസ് നടത്തിപ്പിൽ കേരള സർക്കാർ പുലർത്തുന്ന അനാസ്ഥ ചൂണ്ടിക്കാട്ടി എൻ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപകുമാർ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് അടിയന്തര നിവേദനം സമർപ്പിച്ചു.സർക്കാർ സമർപ്പിച്ച ഹർജിയിലെ (Diary No. 248/2026) സത്യവാങ്മൂലം ശൂന്യവും ഒപ്പിടാത്തതുമാണെന്ന ഗുരുതരമായ വീഴ്ച നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.പുതിയ സർക്കാർ ചുമതലയേൽക്കുന്ന ഈ മാറ്റകാലത്ത് അഡ്വക്കേറ്റ് ജനറലിനും ചീഫ് സെക്രട്ടറിക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഈ നിയമക്കുരുക്ക് പരിഹരിക്കാൻ ഗവർണർ ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു.

അടിയന്തരമായി പിഴവുകൾ തീർക്കണമെന്ന ആവശ്യം:

സർക്കാർ സമർപ്പിച്ച ഹർജി ഇപ്പോഴും സാങ്കേതിക പിഴവുകളാൽ ‘ഡിഫക്ട് ലിസ്റ്റിൽ’ തുടരുകയാണ്.പിഴവുകൾ പരിഹരിച്ച് 90 ദിവസത്തിനകം പുനഃസമർപ്പിക്കാത്തതിനാൽ ഈ ഹർജി നിലവിൽ അനിശ്ചിതത്വത്തിലാണ്.മേയ് 13ലെ തുറന്ന കോടതി വാദത്തിന് മുൻപായി ഈ പിഴവുകൾ തിരുത്തിയില്ലെങ്കിൽ സർക്കാരിന്റെ ഹർജി തള്ളപ്പെടാൻ സാധ്യതയുണ്ട്. അധ്യാപകർക്ക് നൽകിയിട്ടുള്ള താൽക്കാലിക പ്രൊമോഷനുകളും ആനുകൂല്യങ്ങളും സുപ്രീം കോടതിയിലെ ഈ പുനഃപരിശോധനാ ഹർജിയുടെ വിധിക്ക് വിധേയമായതിനാൽ, സർക്കാരിന്റെ വീഴ്ച അധ്യാപക സമൂഹത്തെയാകെ വലിയ പ്രതിസന്ധിയിലാക്കും.

ശാസ്താംകോട്ട കോളേജില്‍ ഗണിതശാസ്ത്രം വിഷയത്തിലേക്ക്ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട: കെ.എസ്.എം.ഡി.ബി കോളേജില്‍ 2026 – 2027 അദ്ധ്യയന വര്‍ഷത്തേക്ക് ഗണിതശാസ്ത്രം വിഷയത്തിലേക്ക് അതിഥി അദ്ധ്യാപക ഒഴിവുകള്‍ ഉണ്ട്.യു.ജി.സി റെഗുലേഷന്‍ 2018 പ്രകാരം യോഗ്യതയുള്ളവര്‍ ആയിരിക്കണം അപേക്ഷകര്‍.ഇവരുടെ അഭാവത്തില്‍ 55% മിനിമം മാര്‍ക്കോടുകൂടി ബിരുദാനന്തരബിരുദം ലഭിച്ചവരേയും പരിഗണിക്കുന്നതാണ്.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനല്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ മെയ് 19 ചൊവ്വാഴ്ച രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, അനുബന്ധ രേഖകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ചക്കുവള്ളിയിൽ അഖിലേന്ത്യ സെവൻസ്ഫുട്ബോൾ ടൂർണമെൻ്റിന് ആവേശകരമായ കിക്കോഫ്

ചക്കുവള്ളി:ചക്കുവള്ളി കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചക്കുവള്ളി പബ്ലിക് സ്റ്റേഡിയത്തിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കമായി.ജില്ലാ പഞ്ചായത്ത് അംഗം എ.റമീസ് ഉത്ഘാടനം നിർവഹിച്ചു.ക്ലബ്‌ പ്രസിഡന്റ്‌ സുഹൈൽ അൻസാരി അധ്യക്ഷത വഹിച്ചു.പോരുവഴിപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനു ഐ നായർ കിക്ക് ഓഫ് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അസൂറ അർത്തിയിൽ,ഗ്രാമപഞ്ചായത്ത്‌ അംഗം റിഷാദ് ആർ.സി,രക്ഷാധികാരികളായ ഡോ.എം.എ സലിം വിളയിൽ,ഫാദർ വർഗീസ്‌ ഇടവന,സെക്രട്ടറി അമാൻ കണ്ടത്തിൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഉബൈദ്,നിയാസ്,റഫീഖ് എന്നിവർ സംസാരിച്ചു.ടീം മാനേജർ അൻഷാദ് നന്ദി പറഞ്ഞു.24 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

സിനിമാപറമ്പിന് ഭീഷണിയായി ആൽമരം

സിനിമാപറമ്പ്:വണ്ടിപ്പെരിയാർ- ഭരണിക്കാവ് ദേശീയ പാതയും കൊട്ടാരക്കരയ്ക്കുള്ള പ്രധാന പാതയും രണ്ടായി തിരിയുന്ന സിനിമാപറമ്പ് ജംഗ്ഷനിൽ കൂറ്റൻ ആൽമരം ഭീഷണിയാകുന്നു.ഇരു പാതകളുടെയും ഓരത്തായി ജംഗ്ഷൻ്റെ മധ്യഭാഗത്ത് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നാണ് മരം സ്ഥിതി ചെയ്യുന്നത്.വേനലിൽ ഇലകൾ കൊഴിഞ്ഞ്,ശിഖരങ്ങൾ ഒടിഞ്ഞു വീഴാറായ അവസ്ഥയാണുള്ളത്.ഏത് സമയവും തിരക്കേറിയ ജംഗ്ഷനാണ് സിനിമാപറമ്പ്.

സ്‌ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നതും മരത്തിന് സമീപത്തായിട്ടാണ്.വേനൽ മഴയും കാറ്റും ശക്തമായതോടെ ജനങ്ങൾ ഭീതിയിലാണ്.ശിഖരങ്ങൾ ഇരിഞ്ഞ് വീഴാനോ,മരം കടപുഴകാനോ സാധ്യതയുള്ളതായി യാത്രക്കാർ പറയുന്നു.ഇങ്ങനെ സംഭവിച്ചാൽ വലിയ ദുരന്തത്തിനാകും സിനിമാപറമ്പ് സാക്ഷ്യം വഹിക്കുക.അടിയന്തിരമായി അധികൃതർ ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.