വാറങ്കൽ: ഹൈദരാബാദിൽ 800 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം സർക്കാർ അനുമതിയോടെ തകർത്തു. ഇതിന് പിന്നാലെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ഖനപുർ മണ്ഡലത്തിലെ അശോക് നഗർ ഗ്രാമത്തിലെ ക്ഷേത്രമാണ് സ്‌കൂൾ നിർമ്മാണത്തിൻ്റെ പേരിൽ തകർത്തത്.
കാകതിയ രാജവംശ കാലത്ത് അന്നത്തെ രാജാവ് ഗണപതി ദേവ നിർമ്മിച്ചതാണ് ക്ഷേത്രമെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിൻ്റെ തകർത്ത ഭാഗങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ പ്രതിഷേധം ഉയർന്നു. ഏറെക്കാലമായി ആവർത്തിച്ച് സർക്കാർ സംവിധാനങ്ങളോട് ആവശ്യപ്പെട്ടിട്ടും ക്ഷേത്രം പുനരുദ്ധരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ അവഗണിക്കുകയായിരുന്നു എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിധിയുണ്ടെന്ന വിശ്വാസത്തിൽ ക്ഷേത്രത്തിൽ അജ്ഞാതരായ പലരും സ്ഫോടകവസ്തുക്കൾ അടക്കം ഉപയോഗിച്ച് മുൻപ് തിരച്ചിൽ നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ സർക്കാർ ഏജൻസികൾ തന്നെ ക്ഷേത്രം തകർക്കുമെന്ന് കരുതിയില്ലെന്നാണ് നാട്ടുകാരുടെ ഭാഗം.
പ്രദേശത്തെ 30 ഏക്കറോളം സ്ഥലം ഇൻ്റഗ്രേറ്റഡ് സ്‌കൂൾ പദ്ധതിക്കായി സർക്കാർ കണ്ടെത്തിയതാണ്. ഈ പദ്ധതിക്കായി പദ്ധതി പ്രദേശം വൃത്തിയാക്കുന്നതിനിടയിലാണ് ക്ഷേത്രത്തിൻ്റെ ഭാഗങ്ങൾ തകർത്തത്. ക്ഷേത്രം ഉടൻ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം രംഗത്തെത്തി. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നാണ് മുന്നറിയിപ്പ്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ വാറങ്കൽ ജില്ലാ കളക്ടർ സത്യ ശാരദയും നർസംപേട് എംഎൽഎ ദോന്തി മാധവ റെഡ്ഡിയും സ്ഥലത്തെത്തി. പദ്ധതി സ്ഥലത്തെ ക്ഷേത്രത്തിൻ്റെ സവിശേഷതകൾ പരിഗണിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് എംഎൽഎ കുറ്റപ്പെടുത്തി. സിവ ക്ഷേത്രം സ്‌കൂൾ പദ്ധതിക്കൊപ്പം പുനർനിർമിക്കുമെന്നും ഇവിടെ സരസ്വതി ദേവിയുടെ പ്രതിഷ്‌ഠ നടത്തുമെന്നും എംഎൽഎ ജനങ്ങൾക്ക് ഉറപ്പുനൽകി.






























