ന്യൂഡൽഹി/തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിന്മേലുള്ള പുനഃപരിശോധനാ ഹർജികളിൽ മേയ് 13ന് തുറന്ന കോടതിയിൽ നേരിട്ടുള്ള വാദം കേൾക്കൽ നടക്കും.ജസ്റ്റിസ് ദീപാങ്കർ ദത്ത,ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഉച്ചയ്ക്ക് 2 മണിക്കാണ് 68 ഹർജികൾ പരിഗണിക്കുന്നത്.സാധാരണഗതിയിൽ ചേംബറിൽ തീർപ്പാക്കുന്ന പുനഃപരിശോധനാ ഹർജികൾ,വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
വിഷയത്തിൽ ദേശീയ അധ്യാപക പരിഷത്തിന്റെ (എൻടിയു) നിർണ്ണായക ഇടപെടൽ:
ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) കേരള ഘടകത്തിന് വേണ്ടി സംസ്ഥാന സെക്രട്ടറി സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ അഡ്വ.ടോമി ചാക്കോ ഹാജരാകും.ആയിരക്കണക്കിന് അധ്യാപകരുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താൻ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സംഘടനയുടെ പ്രത്യേക അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് ഈ അവസരം ലഭിച്ചത്.കേരളത്തിലെ 75,000ത്തിലധികം അധ്യാപകരുടെ തൊഴിൽ സുരക്ഷയെ ബാധിക്കുന്ന വിധിയിൽ നേരിട്ട് വാദം ഉന്നയിക്കാൻ ഇതോടെ എൻ.ടി.യുവിന് സാധിക്കും.
ഗവർണറുടെ ഇടപെടൽ തേടി നിവേദനം:
കേസ് നടത്തിപ്പിൽ കേരള സർക്കാർ പുലർത്തുന്ന അനാസ്ഥ ചൂണ്ടിക്കാട്ടി എൻ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപകുമാർ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് അടിയന്തര നിവേദനം സമർപ്പിച്ചു.സർക്കാർ സമർപ്പിച്ച ഹർജിയിലെ (Diary No. 248/2026) സത്യവാങ്മൂലം ശൂന്യവും ഒപ്പിടാത്തതുമാണെന്ന ഗുരുതരമായ വീഴ്ച നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.പുതിയ സർക്കാർ ചുമതലയേൽക്കുന്ന ഈ മാറ്റകാലത്ത് അഡ്വക്കേറ്റ് ജനറലിനും ചീഫ് സെക്രട്ടറിക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഈ നിയമക്കുരുക്ക് പരിഹരിക്കാൻ ഗവർണർ ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു.
അടിയന്തരമായി പിഴവുകൾ തീർക്കണമെന്ന ആവശ്യം:
സർക്കാർ സമർപ്പിച്ച ഹർജി ഇപ്പോഴും സാങ്കേതിക പിഴവുകളാൽ ‘ഡിഫക്ട് ലിസ്റ്റിൽ’ തുടരുകയാണ്.പിഴവുകൾ പരിഹരിച്ച് 90 ദിവസത്തിനകം പുനഃസമർപ്പിക്കാത്തതിനാൽ ഈ ഹർജി നിലവിൽ അനിശ്ചിതത്വത്തിലാണ്.മേയ് 13ലെ തുറന്ന കോടതി വാദത്തിന് മുൻപായി ഈ പിഴവുകൾ തിരുത്തിയില്ലെങ്കിൽ സർക്കാരിന്റെ ഹർജി തള്ളപ്പെടാൻ സാധ്യതയുണ്ട്. അധ്യാപകർക്ക് നൽകിയിട്ടുള്ള താൽക്കാലിക പ്രൊമോഷനുകളും ആനുകൂല്യങ്ങളും സുപ്രീം കോടതിയിലെ ഈ പുനഃപരിശോധനാ ഹർജിയുടെ വിധിക്ക് വിധേയമായതിനാൽ, സർക്കാരിന്റെ വീഴ്ച അധ്യാപക സമൂഹത്തെയാകെ വലിയ പ്രതിസന്ധിയിലാക്കും.



































