കൊല്ലം : പഴയാറ്റിൻകുഴി വാട്ടർ ടാങ്കിന് സമീപത്തെ ചേതക് ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് സെൻ്ററിൽ വൻ തീപിടിത്തം. ഷോറൂമിൽ സർവീസിനായി എത്തിച്ചിരുന്ന മുപ്പതോളം വാഹനങ്ങൾ തീപിടിത്തത്തിൽ പൂർണ്ണമായി കത്തിനശിച്ചതായാണ് വിവരം. ഇത് സ്ഥിരീകരിച്ചിട്ടില്ല. വിവരമറിഞ്ഞ് കൊല്ലത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ തുടരുകയാണ്.
പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഷോറൂമിന് തീപിടിക്കാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. തീപിടിത്തത്തെ തുടർന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.
കൊല്ലത്ത് ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് സെൻ്ററിൽ വൻ തീപിടിത്തം…!, 30 ഓളം വണ്ടികൾ കത്തിനശിച്ചു
ഇരുനില വീടിൻ്റെ മുകളിൽ നിന്നു വീണത് രക്ഷകൻ്റെ കൈകളിലേക്ക്
നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പതിച്ച തൊഴിലാളിയെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷിച്ച് സഹപ്രവർത്തകൻ. കണ്ണൂർ പാനൂരിനടുത്തുള്ള തൂവ്വക്കുന്നിലാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന ഈ രക്ഷാപ്രവർത്തനം നടന്നത്.
കല്ലുമ്മൽ പള്ളിക്ക് സമീപമുള്ള ഷൗക്കത്തിന്റെ ഇരുനില വീടിന്റെ ഓട് മാറ്റുന്ന ജോലികൾക്കിടെയായിരുന്നു അപകടം. വളയം സ്വദേശിയായ നിർമ്മാണ തൊഴിലാളി ചന്ദ്രി ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം വീടിന് താഴെയായി കപ്പിയും കയറും ഉപയോഗിച്ച് ഓട് ശേഖരിച്ച് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു കൂടെ ജോലി ചെയ്തിരുന്ന അയൽവാസി രഞ്ചിഷ്.
ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട നിമിഷം തന്നെ ഒട്ടും പരിഭ്രമിക്കാതെ രഞ്ചിഷ് അവരെ കൈകളിൽ താങ്ങി പിടിക്കുകയായിരുന്നു. കൃത്യസമയത്തുള്ള ഈ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. ചെറിയ പരിക്കുകളോടെ ചന്ദ്രി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
സമയോചിതമായ ഇടപെട്ട രഞ്ചിഷിന്റെ ഈ പ്രവൃത്തിയെ വീട്ടുകാരും നാട്ടുകാരും ഒറ്റക്കെട്ടായി അഭിനന്ദിക്കുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. രഞ്ചിഷിന്റെ ധീരതയെ വാഴ്ത്തുന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം.സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ച നിർദേശങ്ങൾ സ്വാഗതാർഹമാണെന്നും അതുകൂടി പരിഗണിച്ചു മുന്നോട്ട് തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ തസ്തിക വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയെന്നത് സർക്കാരിൻ്റെ നയമാണ്. അതിൽ വെള്ളം ചേർക്കില്ല. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജും ആരംഭിക്കും. അതോടൊപ്പം നിലവിലുള്ള മെഡിക്കൽ കോളേജുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയൻ രാജിവച്ച് ശൈലജയെ മത്സരിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്ന്തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി
കോട്ടയം .പിണറായി വിജയൻ രാജിവച്ച് ശൈലജയെ മത്സരിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്ന്
തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ ആവശ്യം. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് അംഗങ്ങൾ ആവശ്യം ഉന്നയിച്ചത്. വലിയ തോൽവി ഉണ്ടായിട്ടും പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് ശരിയായില്ല.
ശൈലജ ടീച്ചറെ പേരാവൂരിൽ മത്സരിപ്പിച്ചത് തെറ്റായ തീരുമാനം. പരാജയത്തിന് പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും പെരുമാറ്റവും കാരണമായി.
പി.ജയരാജനെ ഇനിയെങ്കിലും നേതൃ നിരയിലേക്ക് കൊണ്ടു വരണം. പി.ജയരാജന് അനുകൂലമായി പാട്ടുണ്ടാക്കിയപ്പോൾ എതിർത്ത നേതൃത്വം പിണറായി വിജയനുവേണ്ടി പാട്ടുണ്ടാക്കിയപ്പോൾ മൗനം പാലിച്ചു. മുൻമന്ത്രി വി എൻ വാസവൻ മുതലാളിമാരുമായി മാത്രം ബന്ധം പുലർത്തിയെന്നും
യുവജനങ്ങൾക്കായി പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നും വിമർശനമുണ്ടായി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അടക്കമുള്ളവർ മർദിച്ചെന്ന് കേസ് ഡയറിയിൽ
ആലപ്പുഴ.രക്ഷാപ്രവർത്തനത്തിൽ ആദ്യ കേസ് ഡയറി പുറത്ത്.ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അടക്കമുള്ളവർ മർദിച്ചെന്ന് കേസ് ഡയറിയിൽ.സിസിടിവി ദൃശ്യവും അടിച്ച ആയുധവും കണ്ടെത്തണമെന്നും കേസ് ഡയറിയിൽ
കറുത്ത കാറിൽ എത്തിയവർ ലാത്തി എന്ന് തോന്നിക്കുന്ന വടി ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുവെന്ന് ആദ്യ കേസ് ഡയറിയിൽ.മർദ്ദനമേറ്റവർ റോഡരികിലെ തട്ടുകടയിലേക്ക് തെറിച്ചുവീണതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒട്ടനവധി സാക്ഷികളെ കണ്ട് ചോദ്യം ചെയ്യേണ്ടതുണ്ട്.കൃത്യ സമയത്തെ CCTV ദൃശ്യങ്ങൾ ശേഖരിക്കേണ്ടതുണ്ട്.പ്രതികളെ അറസ്റ്റ് ചെയ്യണം.ഉപയോഗിച്ച ആയുധങ്ങൾ കണ്ടുകെട്ടേണ്ടതുണ്ട് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ നേതൃത്വം പാർട്ടിയെ എത്തിച്ചു,സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം
കണ്ണൂര്‍. തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ഏരിയ കമ്മിറ്റി പിരിച്ചു വിടണമെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പുനരന്വേഷണം വേണമെന്നും
കമ്മിറ്റിയിൽ ആവശ്യമുയർന്നു. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ നേതൃത്വം എത്തിച്ചുവെന്നും എന്ത് വന്നാലും ജയിക്കുമെന്ന ധാർഷ്ട്യം തിരിച്ചടിയായെന്നും ചില അംഗങ്ങൾ കുറ്റപ്പെടുത്തി.
വി കുഞ്ഞികൃഷ്ണന് വേണ്ടി പാർട്ടി നേതാക്കൾ രഹസ്യ ക്യാമ്പയിൻ നടത്തി വോട്ട് മറിച്ചെന്ന വിമർശനവും കമ്മിറ്റിയിൽ ഉയർന്നു. കണക്ക് പുറത്തുവിടില്ലെന്ന് നേതാക്കൾ പറഞ്ഞത് പാർട്ടി അംഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ചു ഒപ്പം നിർത്തുന്നതിൽ ജില്ലാ സംസ്ഥാന നേതാക്കൾക്ക് വീഴ്ച്ചപറ്റി. എം വി ഗോവിന്ദന്റെ ശൈലി പാർട്ടി ബന്ധുക്കളെ അകറ്റി തുടങ്ങിയ രൂക്ഷ വിമർശനമാണ് കമ്മിറ്റിയിൽ ഉയർന്നത്.
പ്ലസ് ടു പരീക്ഷാഫലം ചൊവ്വാഴ്ച….പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും…
തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും. അന്നേദിവസം രാവിലെ ഇതിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഹയര്‍സെക്കന്‍ഡറിയില്‍ നിലവില്‍ 3,61,044 സീറ്റുണ്ട്.
വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ 33,000 സീറ്റ് ഉണ്ട്. കൂടാതെ പോളി ടെക്‌നിക്കുകളിലും ഐടിഐകളിലുമായി 30,545 സീറ്റുമുണ്ട്.
അതിനിടെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി ആര്‍ ഡി ചേംബറിലാണ് പരിപാടി. എസ്എസ്എല്‍സി പരീക്ഷാ ഫലം ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയതു പോലെ പ്ലസ്ടു ഫലവും ലഭ്യമാകും. പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂര്‍ണമായി ഒഴിവാക്കാനും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശികയില്ലാതെ അംശാദായം അടയ്ക്കുന്നവരുമായ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും രേഖകളും സഹിതം http://services.unorganisedwssb.org/index.php/home ല്‍ ജൂണ്‍ 15നകം അപേക്ഷിക്കണം. ഫോണ്‍: 0474-2749847.
50 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ കുടുങ്ങിയ പരുന്തിനെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി
കണ്ണൂര്‍: 50 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ കുടുങ്ങിയ പരുന്തിനെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച്ച വൈകിട്ട് 4.45 നാണ് കണ്ണൂർ കാല്‍ടെക്‌സ് എന്‍എസ് തിയറ്ററിന് സമീപം പരിസരവാസികള്‍ പരുന്ത് തെങ്ങിന്റെ മുകളില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ടത് ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നി രക്ഷാസേന തെങ്ങിന്റെ മുകളില്‍ കയറി പരുന്തിനെ രക്ഷപ്പെടുത്തി.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. വിനേഷാണ് കയറി പരുന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.പരുന്തിന് കാലിന് പരിക്കേറ്റതിനാല്‍ ഉടന്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ മാര്‍ക്ക് സംഘടന പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. സീനിയര്‍ ആന്‍ഡ് ന്യൂ ഓഫീസര്‍ കെ ഷാജു വി ന്റെ നേതൃത്വത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തനം ഉദ്യോഗസ്ഥരായ ടി കെ ശ്രീകേ ഷ്, പി.വി സച്ചിന്‍, കെ പി നസീര്‍, കെ അഖില്‍, ദിലീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി…. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ് സംഭവം നടന്നത്. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. മരണത്തില്‍ ആരോപണവുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി.
ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നതായും കുടുംബം ആരോപിച്ചു. വിദ്യാനഗര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.





































