Home Blog Page 718

കാണാതായ ഇരട്ട സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടതിന്‍റെ നടുക്കത്തില്‍ ചിറ്റൂര്‍

പാലക്കാട്. കാണാതായ ഇരട്ട സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടതിന്‍റെ നടുക്കത്തിലാണ് ചിറ്റൂര്‍ നാട്. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥിന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിയോടുകൂടിയാണ് ഇരുവരെ കാണാതായത് തുടർന്ന് നടത്തി തിരച്ചിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്

വൈകിട്ട് 5 മണിയോടുകൂടി പിതാവിന്റെ ചക്രവാഹനവും എടുത്ത് പുറത്ത് പോയതായിരുന്നു ഇരട്ട സഹോദരങ്ങളായ രാമനും ലക്ഷ്മണനും. സാധാരണഗതിയിൽ വൈകിട്ട് 7 മണിയോടുകൂടി വീട്ടിൽ തിരിച്ചെത്തുന്ന മക്കളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തി പോലീസിൽ പരാതി നൽകി. ചിറ്റൂർ ലങ്കേഷ് ശിവക്ഷേത്ര കുളത്തിന്റെ സമീപത്തു ഉൾപ്പെടെ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. നീന്തൽ പരിശീലനം ഉൾപ്പെടെ നടക്കാറുള്ള കുളമാണിത്. ആദ്യത്തെ പടവുകൾ കഴിഞ്ഞാൽ പിന്നീട് കുളത്തിന് ആഴം കൂടുതലാണ്. തുടർന്ന് ഇന്ന് രാവിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളാണ് മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്

ഇവരുടെയും വസ്ത്രങ്ങളും വാഹനവും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.കുട്ടികൾ കുളിക്കാൻ ഇറങ്ങിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും

ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്

തിരുവനന്തപുരം.ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്.ബെല്ലാരിയിലെ ജ്വലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്.മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്കുമാറിന്റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. ഗോവർധനെ കേസിൽ മാപ്പു സാക്ഷിയാക്കാനും ആലോചനയുണ്ട്

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ നിർണായക മൊഴിയാണ്  എസ് ഐ റ്റിക്ക് ലഭിച്ചത്. ശബരിമലയിലെ സ്വർണ്ണം 15 ലക്ഷം രൂപയ്ക്കാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് വിറ്റതെന്ന് ബെല്ലാരിയിലെ ജുവല്വറി ഉടമ ഗോവർധൻ മൊഴി നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ് ഐ റ്റിക്ക് മുന്നിൽ ഹാജരായി തെളിവുകൾ സഹിതമാണ് മൊഴി നൽകിയത്. ശബരിമലയിലെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് താൻ അടക്കമുള്ള ആളുകളുടെ കൈയ്യിൽ നിന്ന് 70 ലക്ഷം രൂപ പോറ്റി വാങ്ങിയതായും മൊഴിയിലുണ്ട്. ശബരിമലയിലെ മോഷണ വിവരങ്ങൾ പുറത്തായതോടെ പോറ്റി ചെന്നൈയിലും, ബംഗലൂരുവിലും എത്തി. തനിക്കെതിരെ ഒന്നും ആരോടും പറയരുതെന്ന് സ്പോൺസർമാരോട് ആവശ്യപ്പെട്ടു. കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷവും ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയുടെ പേര് പറഞ്ഞ് പണം പിരിക്കാൻ ശ്രമിച്ചു. എന്നാൽ താനടക്കം പിന്നീട് പണം നൽകിയില്ല എന്നും ഗോവർധൻ മൊഴി നൽകി. മോഷ്ടിച്ച സ്വർണം പൂർണമായും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമായിരിക്കുന്നതിനിടെയാണ് എസ് ഐറ്റിക്ക് നിർണായക തെളിവുകളും മൊഴിയും ലഭിച്ചത്. കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. നിലവിലെ മൊഴി പരിശോധിച്ച് ഗോവർധനെ മാപ്പുസാക്ഷി ആക്കാൻ ആവുമോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 90,200രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

കയ്യെത്തും ദൂരെ ലോക കിരീടം…ചരിത്രം കുറിക്കാൻ ഇന്ത്യ

സ്വന്തം നാട്ടില്‍ ഏകദിന ലോകചാംപ്യന്‍മാരാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യൻ പെൺ പുലികൾ. ഫൈനലുകളിൽ രണ്ടുതവണ  കൈ വിട്ടുപോയ ലോക കിരീടം ഇന്ത്യൻ വനിതകൾക്ക് നേടാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകരും. നവി മുംബൈയില്‍ നടക്കുന്ന  ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ലോകകപ്പിന്റെ 13-ാം പതിപ്പിൽ പുതിയ ചാംപ്യന്‍മാരെയാണ് ക്രിക്കറ്റ്‌ ലോകം കാത്തിരിക്കുന്നത്. മൂന്നാം തവണ ഫൈനലിലെത്തുന്ന ഇന്ത്യയും, ആദ്യമായി ഫൈനൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയും തമ്മിൽ വരുമ്പോൾ തീ പാറും പോരാട്ടം തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്.
വികാരനിർഭരമായ സെമിഫൈനലില്‍ കരുത്തരായ ഓസീസിനെ തോല്‍പിച്ചാണ്‌ ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. ഓപ്പണര്‍ സ്മൃതി മന്ഥനയും മൂന്നാം നമ്പറിൽ ടീമിന്റെ വിശ്വസ്ത ജമീമ റോഡ്രിഗ്സും ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. 17 വിക്കറ്റുകളുമായി മുന്നിലുള്ള ദീപ്തി ശർമയുടെ പ്രകടനം നിർണായകമാകും. 

ഏകദിന ലോകകപ്പ് ഉയർത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രത്തിൽ ഇടംനേടാൻ ഹർമൻപ്രീത് കൗറിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇന്നത്തെ പോരാട്ടം. ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരെ 69 റൺസിന് പുറത്തായ ശേഷം അതേ വേദിയിൽ അതേ എതിരാളികളെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം. ഉയർന്ന സ്കോറുകൾക്കും വൈകുന്നേരത്തെ മഞ്ഞിനും പേരുകേട്ട ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെ ഫ്ലാറ്റ് പിച്ചിൽ മറ്റൊരു റൺമഴയ്ക്കാണ് സാധ്യത. ഇന്ന് വൈകിട്ട് മൂന്നിന്‌ ആണ് മത്സരം.

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം: പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ നാളെ

സംസ്ഥാനത്ത് ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

രാജ്യത്ത് സ്ത്രീകളില്‍ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം. അര്‍ബുദ അനുബന്ധ മരണനിരക്ക് കൂടാനും ഇത് കാരണമാണ്. വരുംതലമുറയെ രോഗത്തില്‍നിന്ന് രക്ഷിക്കാന്‍ എച്ച്പിവി വാക്‌സിന്‍ എല്ലാ പെണ്‍കുട്ടികളും സ്വീകരിക്കുന്നത് നല്ലതാണ്. ഇത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
വാക്സിനേഷന്‍ പദ്ധതി വിവിധ സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാനാണ് ലക്ഷ്യം. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, മറ്റ് സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണവുമുണ്ട്.

ഇരട്ടസഹോദരങ്ങളെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട് ചിറ്റൂരിൽ ഇരട്ടസഹോദരങ്ങളെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിറ്റൂർ ഗവ.ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രാമൻ, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്.


ശനി വൈകിട്ട് കുളത്തിന് അടുത്തുള്ള ലങ്കേശ്വരം ശിവക്ഷേത്രത്തിൽ ഇരുവരും പോയിരുന്നു. ഇതിന് ശേഷം ഇവരെ കാണാതാകുകയായിരുന്നു. ഇന്നലെ മുതൽ കുളത്തിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


ഞായർ പുലർച്ചെ കുളിക്കാനെത്തിയവരാണ് ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സും പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ രാമന്റെ മൃതദേഹവും കണ്ടെത്തി.


നീന്തൽ അറിയില്ലാത്ത ഇരുവരും മീൻ പിടിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് സൂചന.

വിദ്യാർത്ഥികളെ ബാധിക്കുന്ന നൂറിലേറെ വിഷയങ്ങള്‍, സിന്‍ഡിക്കേറ്റിന് കെ എസ് അനില്‍കുമാര്‍ എന്ന ഒറ്റ അജണ്ട

തിരുവനന്തപുരം. കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം.വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുത്തില്ല.ഫിനാൻസ് കമ്മിറ്റി പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകിയില്ല. രണ്ട് മാസം മുമ്പ് സമർപ്പിച്ച പ്രൊപ്പോസൽ വി.സി പാസ്സാക്കിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട്, ഇൻ്റർ യൂണിവേഴ്സിറ്റി കലോത്സവം എന്നിവയ്ക്കായി ആവശ്യപ്പെട്ടത് 33 ലക്ഷം രൂപ. ഫണ്ട് പാസ്സാക്കാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനമടക്കം പ്രതിസന്ധിയിൽ

150 ലധികം അജണ്ടകളുണ്ടായിരുന്ന യോഗത്തിൽ ചർച്ചയ്ക്കെടുത്തത് രജിസ്ട്രാറുടെ സസ്പെൻഷൻ മാത്രം. അടുത്ത സിൻഡിക്കേറ്റ് യോഗം എന്ന് ചേരുമെന്ന് അറിയിച്ചില്ല. കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ഭൂരിപക്ഷം തീരുമാനിച്ചതോടെ വി സി ഇറങ്ങിപ്പോവുകയായിരുന്നു

ലീഗും കോൺഗ്രസും ഇത്തവണയും നേർക്കുനേർ മല്‍സരിക്കും

മലപ്പുറം.ലീഗും കോൺഗ്രസും ഇത്തവണയും നേർക്കുനേർ. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊന്മുണ്ടം പഞ്ചായത്തിൽ ലീഗും കോൺഗ്രസും ഒറ്റക്ക് മത്സരിക്കും. നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഇരു വിഭാഗവും അനുനയ ചർച്ച നടത്തിയെങ്കിലും പൊളിഞ്ഞു. കഴിത്ത തവണ പഞ്ചായത്തിൽ ലീഗും കോൺഗ്രസും ഒറ്റക്കാണ് മത്സരിച്ചത്. നിലവിൽ മുസ്ലീം ലീഗ് ആണ് പഞ്ചായത്ത് ഭരണസമിതി

മുസ്ലിം ലീഗിന് 16 സീറ്റും കോൺഗ്രസിന് 4 സീറ്റുമാണ് ഉള്ളത് ,എൽഡിഎഫിന് സീറ്റില്ല

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം

കൊച്ചി.കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇടപ്പള്ളിയിലാണ് താമസം. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ അയച്ചു

ഇന്ത്യൻ സിനിമയുടെ കിങ് ഖാൻ 60-ന്റെ നിറവിൽ

ആരാധകരുടെ കിംഗ് ഖാന്‍ എന്ന ഷാരൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാള്‍.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. ഷാരൂഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരൂഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒറ്റയ്ക്കൊരാൾ സ്വയം ഒരു ബ്രാൻഡ് ആയി മാറിയ കഥയാണ് ബോളിവുഡിലെ ഖാന്‍ ത്രയത്തിലെ ഈ പ്രധാനിയുടേത്. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ് ഷാരൂഖ്. പതിനഞ്ചാം വയസിൽ അച്ഛനും ഇരുപത്തിയഞ്ചാം വയസിൽ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു. വൈകാരികമായ ആ ശൂന്യതയ്ക്ക് മുകളില്‍ നിന്നുകൊണ്ടാണ് കലാരംഗത്തേക്ക് തന്‍റെ സര്‍ഗശക്തി അദ്ദേഹം പ്രകടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ചലച്ചിത്ര താരങ്ങളിലൊരാളാണ് ഷാരൂഖ് ഇന്ന് സാക്ഷാൽ അർണോൾഡ് ഷ്വാസ്നെഗറെയും ടോം ക്രൂസിനെയും ജാക്കി ചാനെയുമൊക്കെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്മാരില്‍ ഒരാളുമാണ്.
പിറന്നാളിനോട് അനുബന്ധിച്ച് ഇന്ത്യൻ സിനിമയുടെ കിങ് ഖാന്റെ എട്ട് എവർഗ്രീൻ പടങ്ങൾ റീ റിലീസ് ആയി ബിഗ് സ്ക്രീനിലേക്ക് എത്തി.
ഷാറൂഖിൻറെ പിറന്നാളിനോടനുബന്ധിച്ച് പിവിആറും ഐനോക്സ് സിനിമാസും എസ്ആർകെ ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. മെം ഹൂൻ നാ, ദേവദാസ്, ഓം ശാന്തി ഓം, ദിൽ സെ, കഭി ഹാൻ കഭി നാ, ചെന്നൈ എക്സ്പ്രസ്, ജവാൻ, ഫാൻ എന്നിവയാണ് സ്ക്രീനിംഗ് നടത്തുന്നത്.