Home News Local കൊല്ലം പൂരം നാടിനാകെ ആഘോഷ വിസ്മയമായി

കൊല്ലം പൂരം നാടിനാകെ ആഘോഷ വിസ്മയമായി

Advertisement

കൊല്ലം.ആനയും വർണ്ണക്കുടകളും ആലവട്ടവും വെഞ്ചാമരവും പഞ്ചവാദ്യ മേളവും ഒപ്പം ആരവമുയര്‍ത്തിയ ആയിരങ്ങളും.ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ കൊല്ലം പൂരം നാടിനാകെ ആഘോഷ വിസ്മയമായി.ആശ്രമം മൈതാനത്തേക്ക് ഒഴുകിയെത്തിയ ജനം കുടമാറ്റത്തിന്റെ വർണ്ണഭംഗി ആസ്വദിച്ച് പൂരക്കാഴ്ചകൾ നുകർന്ന് ആഘോഷത്തിന്റെ ഭാഗമായി


കത്തിജ്ജ്വലിച്ചു നിന്ന മേടസൂര്യനെ വകവയ്ക്കാതെ പൂരപ്രേമികൾ ക്ഷേത്രമൈതാനത്തും ആശ്രാമം മൈതാനത്തും നിറഞ്ഞൊഴുകി. കലാശങ്ങളുടെ സൂചിമുനയിൽ താളപ്രപഞ്ചം പൊട്ടിവിരിഞ്ഞ മനോഹരനിമിഷങ്ങൾ. കുടമാറ്റത്തിന്റെ ആരവം ആകാശങ്ങളിൽ തട്ടി പ്രതിഫലിച്ച പ്രൗഢഗംഭീര ആഘോഷം.

ആശ്രാമം മൈതാനത്ത് താമരക്കുളത്തിന്റെയും പുതിയകാവിന്റെയും 26കൊമ്പന്മാർ അണിനിരന്നപ്പോൾ ആവേശം വാനോളം.

ശിൽപ്പങ്ങളും ചിത്രങ്ങളും ദേവരൂപങ്ങളും വർണക്കുടകൾക്കൊപ്പം ആനപ്പുറം കയറി. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തിന്റെ ഭാ​ഗമായുള്ള കുടമാറ്റം കൊല്ലത്തിനു സമ്മാനിച്ചത് വർണവിസ്മയത്തിന്റെ മായക്കാഴ്ച.ആനപ്പുറത്ത് ധ്വജസ്തംഭം സ്ഥാപിച്ച്‌ കൊടിയേറ്റിയാണ് കുടമാറ്റം തുടങ്ങിയത്. ഉദയസൂര്യൻ, ശ്രീരാമൻ, ആശ്രാമം കണ്ണൻ, എടുപ്പുകുതിര, കുടയിൽ തട്ട് വിളക്ക്, തുണി തട്ട് കുട, ശിവലിംഗം, താമരയിൽ സരസ്വതി, ചിത്രശലഭം തുടങ്ങിയവ പുതിയകാവ് വിഭാഗം അണിനിരത്തിയപ്പോൾ താമരപ്പൂവിൽ ഗണപതി, ശിവൻ, വേൾഡ് കപ്പ്, സഞ്ജു സാംസൺ, തിരുപ്പതി ഭഗവാൻ, ഗുളികൻ തെയ്യം, കുടം തലയിൽ വച്ചുള്ള ബാവ ഡാൻസ്, എൽ.ഇ.ഡി ലൈറ്റുള്ള ഹനുമാൻ, ഗണപതി എന്നിവ താമരക്കുളം വിഭാഗം ഉയർത്തി. കരിവീരന്മാരുടെ നെറ്റിയിൽ വർണക്കുടകളുടെ രൂപങ്ങൾ മിന്നിമറഞ്ഞപ്പോൾ ജനസാഗരം ആർത്തുവിളിച്ചു.

പതിനായിരങ്ങളാണ് പൂരം കാണാൻ ആശ്രാമം മൈതാനത്തേക്ക് ഒഴുകിയെത്തിയത്.കുടമാറ്റത്തിനുശേഷം താമരക്കുളം വിഭാഗവും പുതിയകാവും ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെപൂരത്തിനു പരിസമാപ്തിയായത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here