Home Blog Page 705

മനോവൈകൃതം ബാധിച്ചയാളെ ചുമക്കേണ്ട അവസ്ഥ, എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ഇടുക്കിയിലെ വിമത വിഭാഗം വീണ്ടും രംഗത്ത്

ഇടുക്കി.എൻഎസ്എസ് ജനറൽ സെക്രട്ടറി കെ.സുകുമാരൻ നായർക്കെതിരെ ഇടുക്കിയിലെ വിമത വിഭാഗം വീണ്ടും രംഗത്ത്. സുകുമാരൻ നായർക്ക് മനോവൈകൃതമെന്ന് ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ. മനോവൈകൃതം ബാധിച്ചയാളെ ചുമക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ നായന്മാരെന്നും യൂണിയൻ പ്രസിഡന്റ് ആക്ഷേപിച്ചു.


ഏറെനാളുകളായി എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി ഇടഞ്ഞു നിൽക്കുകയാണ് ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ.
യൂണിയന്റെ അമ്പത്തിനാലാമത് വാർഷിക പൊതുയോഗത്തിൽ സുകുമാരൻ നായരെ രൂക്ഷമായ ഭാഷയിലാണ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ വിമർശിച്ചത്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവും എന്നുള്ള ഘട്ടത്തിൽ അതിന് കഴിവില്ലാത്തയാളാണെന്ന് പറഞ്ഞ് 15 വർഷങ്ങൾക്കു മുമ്പ് ചാനൽ അഭിമുഖത്തിൽ ഇരുന്ന് ആക്ഷേപിച്ചയാളാണ് സുകുമാരൻ നായർ. വിശ്വപൗരൻ എന്ന് മാധ്യമങ്ങൾ വാഴ്ത്തിയ ശശിതരൂരിനെ ഡൽഹി നായർ എന്നുവിളിച്ച് അധിക്ഷേപിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനെ കറുത്ത നായർ എന്ന് പറഞ്ഞവഹേളിച്ചു. കെ സി വേണുഗോപാലിനെ എല്ലാ തെരഞ്ഞെടുപ്പുകളിലും തോൽപ്പിക്കുവാൻ ശ്രമിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കാതിരിക്കാൻ ജനറൽ സെക്രട്ടറി കളിച്ചുവെന്നും മണികുട്ടൻ ആരോപിച്ചു

എൻഎസ്എസിന്റെ ഭൂമി വിൽക്കുകയും ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയതുമെല്ലാം വിളിച്ചുപറഞ്ഞത് പുറത്ത് പോയ ഡയറക്ടർ ബോർഡ് മെമ്പർമാരാണ്. കരിമണൽ കൊള്ളയിൽ ജനറൽ സെക്രട്ടറിക്ക് പിഴ ഈടാക്കിയെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം

ഇടുക്കി. നെടുങ്കണ്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം. നെടുങ്കണ്ടം ഗുരുനഗര്‍ മാളിയേക്കല്‍ 20 വയസുള്ള അഭിജിത് എം ആർ ആണ് മരിച്ചത്. കുമളി – മൂന്നാര്‍ ഹൈവേയിൽ നെടുങ്കണ്ടം കോടതിക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. പമ്പിലെത്തിയ ശേഷം ഭക്ഷണം വാങ്ങുന്നതിനായി പോകുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അഭിജിത്തിനെ
കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദളിത് യുവതിക്ക് എതിരായ ലൈംഗിക പീഡന കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ പൊലീസിൽ കീഴടങ്ങി

പാലക്കാട്.ദളിത് യുവതിക്ക് എതിരായ ലൈംഗിക പീഡന കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി.വത്സൻ പൊലീസിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രശോഭ്.


വിശദമായ വാദം കേട്ടശേഷം കഴിഞ്ഞ ദിവസം ആണ് ഹൈ കോടതി പ്രശോഭ് സി വത്സന്റെ മുൻ‌കൂർ ജാമ്യം റദ്ദ് ആക്കിയത്.
ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറിയും പിന്നീട് കാറിൽ വച്ചും പ്രശോഭ് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.. തുടർന്ന് ബലാത്സംഗം,എസ് ഇ എസ് ടി പീഡന നിരോധന നിയമം എന്നിവ ചുമത്തി പോലീസ് കേസെടുത്തു. എന്നാൽ മാർച്ച്‌ 28 ന് യുവതി പരാതി നൽകിയതിന് പിന്നാലേ ഒളിവിൽ പോയ പ്രശോഭിനെ കണ്ടെത്താൻ രണ്ട് മാസത്തോളം പോലീസിന് ആയില്ല. ഒളിവിൽ തുടരവേ മുൻ‌കൂർ ജാമ്യത്തിനായി മണ്ണാർക്കാട് sc,st കോടതിയെ പ്രശോഭ് സമീപിച്ചെങ്കിലും തള്ളി. തുടർന്നാണ് ഹൈ കോടതിയെ സമീപിച്ചത്.പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നുമാണ് പ്രശോഭ് സി. വത്സൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഹൈ കോടതിയും മുൻ‌കൂർ ജാമ്യം തള്ളിയത്തോടെ ഉച്ചക്ക് 3 മണിയോടെ പാലക്കാട്‌ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടുങ്ങുകഴിക്കുന്നു. നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഇരയാന് താൻ എന്ന് പ്രശോഭ് പ്രതികരിച്ചു

ആരോപണം ഉയർന്ന ഉടനെ പ്രശോഭിനെ കോൺഗ്രസ്സ് പ്രാഥമിക അംഗതത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. അക്രമത്തിൽ ഇഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ച് ആക്രമിച്ചെന്ന് ഉദ്യോഗസ്ഥൻ മൊഴിയിൽ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെ‍യ്ഡ‍ിനെത്തിയ ഇ ഡി ഉദ്യോ​ഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. അതിക്രമത്തിൽ ഇ ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവിനെയാണ് ആദ്യം കേസിൽ അറസ്റ്റ് ചെയ്തത്. 10 പ്രതികളുടെ ചിത്രങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് പൊലീസ് കൈമാറിയിരുന്നു.

തങ്കമ്മയെ കൊലപ്പെടുത്തി കായലില്‍തള്ളിയതോ,കായലില്‍ മുക്കി കൊന്നതോ

ഹരിപ്പാട്: മുതുകുളം കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ തങ്കമ്മയുടെ തലയുടെ പിന്നിൽ അടിയേറ്റ തരത്തിലുള്ള പരിക്കുകളുണ്ട്. പ്രതികൾ അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ ജീവനോടെ തന്നെ കായലിൽ കെട്ടിത്താഴ്ത്തിയതാകാമെന്നാണ് പൊലീസ് ബലമായി സംശയിക്കുന്നത്. മോഷണത്തിനുവേണ്ടി നടത്തിയ കൊലപാതകം എന്ന നിലയിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ആദ്യഘട്ടം മുതൽ തന്നെ, തങ്കമ്മയെയും അവരുടെ വീടിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആരോ ആണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ഒന്നിൽ കൂടുതൽ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും സംശയമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശവാസിയായ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അയൽവാസികളുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതലാണ് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന തങ്കമ്മയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കനകക്കുന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് സമീപം കായലിൽ മൃതദേഹം കണ്ടെത്തിയത്.

രാജഗിരി ബ്രൂക് ഇൻ്റർനാഷണൽ സ്കൂളിൽ നവാഗതരെ സ്വാഗതം ചെയ്തു

ശാസ്താംകോട്ട: പുതിയ അധ്യയനവർഷത്തിൻ്റെ പുതുമയും പ്രതീക്ഷകളും നിറഞ്ഞ അന്തരീക്ഷത്തിൽ ശാസ്താംകോട്ട രാജഗിരി ബ്രൂക് ഇൻ്റർനാഷണൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തിലേക്ക് കടന്നുവരുന്ന നവാഗതരെ സ്വാഗതം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂളിലേക്ക് പുതുതായി പ്രവേശനം നേടിയ കുഞ്ഞുങ്ങളെയും അവരുടെ രക്ഷിതാക്കളെയും സ്വീകരിച്ച് സ്കൂൾ കുടുംബത്തിലേക്ക് ആനയിച്ചു.

ചടങ്ങുകൾക്ക് മുന്നോടിയായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ശാസ്താംകോട്ട ശുദ്ധജല തടാകതീരത്തേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു.Founder & Director റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ, വിദ്യാഭ്യാസം അറിവ് പകർന്നുനൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, കുട്ടികളുടെ മാനവിക മൂല്യങ്ങൾ, സൃഷ്ടിപരമായ ചിന്ത, ആത്മവിശ്വാസം, സാമൂഹികബോധം എന്നിവ വളർത്തിയെടുക്കുന്നതിനും നിർണായക പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കുട്ടികളുടെ സർഗ്ഗശേഷിയും നേതൃപാടവവും വളർത്താൻ വിദ്യാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസന്റ് സ്വാഗതപ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ ടെസ്സി തങ്കച്ചൻ വിശദീകരണം നടത്തി. രക്ഷിതാക്കൾക്കും

കുട്ടികൾക്കായി വിവിധ വിനോദപരിപാടികൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുകയും ഗെയിമുകൾ, വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ച് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വൃക്ഷത്തൈകളും വിതരണം ചെയ്തു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായ ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീമതി കൊച്ചുമോൾ സാമുവൽ നന്ദി രേഖപ്പെടുത്തി.

ഇഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിക്ക് മുന്നിൽ വെച്ച് ഇഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സിപിഎമ്മിന്‍റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസ്സപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ല. അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പതിവുപോലെ, തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സിപിഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. രണ്ടല്ല ഒന്നാണ്. സത്യമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ല. ഭീഷണികളിലൂടെയോ അക്രമങ്ങളിലൂടെയോ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെയോ നീതി അട്ടിമറിക്കപ്പെടില്ലെന്ന് ബിജെപി/എൻഡിഎ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെയിഡില്‍ നിര്‍ണായകരേഖകള്‍ കിട്ടി, ഇഡി വാര്‍ത്താക്കുറിപ്പിറക്കി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്‌സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി.

സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി തിരച്ചില്‍ നടന്നത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചു.

അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി 2026 മെയ് 26-ന് കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇഡി അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി മുന്‍പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ നിയന്ത്രണത്തിലുള്ള എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന കമ്പനിയില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായും എക്‌സാലോജിക് സ്വീകരിച്ചിട്ടുണ്ട്. എസ്എഫ്‌ഐഒ നടത്തിയ അന്വേഷണത്തില്‍ സിഎംആര്‍എല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകള്‍ കാണിച്ചതായും വെളിപ്പെട്ടിരുന്നു.

ഇഡി റെയിഡ്,ആദ്യ പരാതിയയച്ച ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്

കോട്ടയം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്. മാസപ്പടിക്കേസില്‍ ആദ്യ ഹര്‍ജി നല്‍കിയത് ഷോണ്‍ ജോര്‍ജ് ആണെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.

മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഷോണ്‍ ജോര്‍ജിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇരുവിഭാഗങ്ങളും തമ്മില്‍ വാക്‌പോരും ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തിവീശി.

2023 സെപ്റ്റംബര്‍ 25-ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് ഷോണ്‍ ജോര്‍ജ് അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിഎംആര്‍എലിനും എക്‌സാലോജിക്കിനുമെതിരെ അന്വേഷണം ആരംഭിച്ചത്.

കൊല്ലം ജില്ലാതല ദുരന്ത നിവാരണ പരിശീലനം സമാപിച്ചു

ശാസ്‌താംകോട്ട:സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും സംസ്ഥാന നാഷണൽ സർവ്വീസ് സ്‌കീമുമായി ചേർന്ന് ശാസ്താംകോട്ട ബസേലിയോസ് മാത്യു സെക്കൻഡ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് നടത്തിയ എൻഎസ്എസ് വളണ്ടിയർമാർക്ക് വേണ്ടിയുള്ള കൊല്ലം ജില്ലാതല പരിശീലനം സമാപിച്ചു.സമാപന സമ്മേളനം കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ.കെ.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഡിസാസ്റ്റർ മാനേജ്മെൻറ് (എൻഎസ്എസ്) ജില്ലാ കോഡിനേറ്റർ ഡോ.ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു.

കോളേജ് ഡയറക്ടർ ഫാദർ തോമസ് വർഗീസ്,ഐഎച്ച്ആർഡി എൻഎസ്എസ് കോഡിനേറ്റർ മനോ രാജേന്ദ്രൻ,ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്,പ്ലാൻ കോഡിനേറ്റർ മീനു ,പ്രോഗ്രാം ഓഫീസർമാരായ ആശാജി,ദർശന ബാബു, ലക്ഷ്മി മോഹൻ,സുരേഷ്.ജി,മാസ്റ്റർ ട്രെയിനർമാരായ ശർമിള,ശരണ്യ,വോളണ്ടിയർ ലീഡർ രഹന എന്നിവർ സംസാരിച്ചു.ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും പങ്കെടുത്ത 100 വിദ്യാർത്ഥികൾ അടങ്ങിയ പരിശീലനത്തിൽ ദുരന്തനിവാരണത്തിന്റെ വിവിധ വശങ്ങൾ പരിശീലിപ്പിച്ചു.ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനമാണ് ശാസ്താംകോട്ടയിൽ നടന്നത്.ജില്ലയിൽ ഇപ്പോൾ 250 എൻഎസ്എസ് വളണ്ടിയർമാരെ പരിശീലിപ്പിച്ചു കഴിഞ്ഞു.