വെറ്റമുക്ക്-തേവലക്കര റോഡില്‍ ഡ്രൈവര്‍മുക്ക്- എ.വി.എച്ച്.എസ് ഭാഗത്ത് ചപ്പാത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ജൂലൈ മൂന്ന് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.ആര്.എപ്.ബി-പി.എം.യു അറിയിച്ചു. ഡ്രൈവര്മുക്കില് നിന്നും വരുന്നവര്‍ വെളുത്തമണല്‍ ഇടക്കുളങ്ങരവഴിയും എ.വി.എച്ച്.എസില്‍ നിന്നും വരുന്നവര്‍ വട്ടപറമ്പ് – ചെട്ടിയത്തു മൂക്ക് വഴിയും തിരിഞ്ഞു പോകണം.
12,256 ഒഴിവുകൾ, കേന്ദ്ര സർവീസിൽ ബിരുദക്കാർക്ക് അവസരം
ബിരുദധാരികൾക്ക് കേന്ദ്ര ഗവൺമെന്റ് സർവീസിലെ നിയമനത്തിന് അവസരമൊരുക്കുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക്(2026) സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിവിധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിൽപ്പെടുന്ന തസ്തികകളിലേക്കാണ് വിജ്ഞാപനം. 12,256 ഒഴിവുണ്ട്.
പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ https://ssc.gov.in/ വഴിയോ എസ്.എസ്.സി. മൊബൈൽ ആപ്ലിക്കേഷൻ വഴിയോ (പ്ലേസ്റ്റോറിൽ ലഭ്യമാണ്) നൽകാം. വൺടൈം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർ അത് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 22-ന് രാത്രി 11 വരെ. അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് 29 മുതൽ ജൂലായ് ഒന്നുവരെ അവസരമുണ്ട്. തിരുത്തലിന് നിർദിഷ്ട ഫീസ് ഈടാക്കും.
രാത്രി മുഴുവൻ ഉറങ്ങിയിട്ടും ക്ഷീണം വിട്ടുമാറുന്നില്ലേ? എങ്കിൽ കാരണം ഇതാവാം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
രാത്രിയിൽ കൂടുതൽ നേരം ഉറങ്ങിയിട്ടും ക്ഷീണം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. എങ്ങനെയെങ്കിലും ഉറങ്ങിയതുകൊണ്ട് കാര്യമില്ല. നല്ല രീതിയിലുള്ള ഉറക്കം ലഭിച്ചാൽ മാത്രമേ ക്ഷീണം മാറുകയുള്ളൂ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
നല്ല ഉറക്കം ലഭിക്കാത്തത്
രാത്രി ഇടയ്ക്കിടെ ഉണരുന്നത് നിങ്ങളുടെ ഉറക്കത്തെ നന്നായി ബാധിക്കും. ഇത് രാവിലെ കൂടുതൽ ക്ഷീണം അനുഭവപ്പെടാനും കാരണമാകാറുണ്ട്. അതിനാൽ ഇടയ്ക്ക് ഉണരുന്ന ശീലം ഒഴിവാക്കാം.
സമ്മർദ്ദം
സമ്മർദ്ദത്തിലായിരിക്കുമ്പോൾ നിങ്ങളുടെ ശരീരം എപ്പോഴും അലർട്ട് ആയിരിക്കും. ഇത് നിങ്ങളുടെ ഉറക്കത്തെ നന്നായി ബാധിക്കുന്നു.
അമിതമായ കഫീന്റെ ഉപയോഗം
അമിതമായി കഫീൻ ഉപയോഗിക്കുന്നത് ഉറക്കത്തിന് തടസമാകുന്നു. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് കോഫി പോലുള്ളവ കുടിക്കുന്നത് ഒഴിവാക്കാം.
ബ്ലഡ് ഷുഗറിലുണ്ടാകുന്ന മാറ്റങ്ങൾ
രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും കൃത്യമല്ലാത്ത ഭക്ഷണ രീതികളും ബ്ലഡ് ഷുഗറിൽ മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാകും. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു.
പോഷകക്കുറവുകൾ
അയൺ, മഗ്നീഷ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ b12 എന്നീ പോഷകങ്ങളുടെ കുറവ് നിങ്ങളിൽ വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവാൻ കാരണമാകുന്നു. ഇത് നല്ല ഉറക്കം ലഭിക്കുന്നതാണ് തടസമാകും.
പത്തനംതിട്ട സ്വദേശി മേജർ ജനറൽ റേച്ചൽ തോമസ് അഡീഷണൽ ഡയറക്ടർ ജനറൽ മിലിട്ടറി നഴ്സിംഗ് സർവീസസായി ചുമതലയേറ്റു
ന്യൂഡൽഹി: മിലിട്ടറി നഴ്സിംഗ് സർവീസിന്റെ (എംഎൻഎസ്) പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളി മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു. നാല് പതിറ്റാണ്ടുകാലത്തെ നീണ്ട സേവനത്തിന് ശേഷം മെയ് 31ന് വിരമിച്ച മേജർ ജനറൽ ലിസ്സമ്മ പി വിക്ക് പകരക്കാരിയായാണ് 2026 ജൂൺ 1 മുതൽ റേച്ചൽ തോമസ് പുതിയ പദവിയിൽ നിയമിതയായത്. പുണെയിലെ സായുധ സേനാ മെഡിക്കൽ കോളേജിലെ കോളേജ് ഓഫ് നഴ്സിംഗ് പൂർവ്വവിദ്യാർത്ഥിയായ റേച്ചൽ തോമസ്, 1988 ജൂൺ ഒന്നിനാണ് മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ഭാഗമായത്.
ഏകദേശം നാല് പതിറ്റാണ്ടോളം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിൽ സായുധ സേനാ മെഡിക്കൽ സർവീസിന് കീഴിലുള്ള വിവിധ മിലിട്ടറി ആശുപത്രികളിൽ നിരവധി ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പദവികൾ അലങ്കരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സൈനിക ആശുപത്രികൾക്ക് പുറമെ, നോർത്തേൺ, ഈസ്റ്റേൺ കമാൻഡുകൾക്ക് കീഴിലുള്ള അതിർത്തി മേഖലകളിലെ ആശുപത്രികളിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദുർഘടമായ സാഹചര്യങ്ങളിൽ രോഗീപരിചരണം, നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ, ആരോഗ്യ പരിപാലനം എന്നിവയിൽ അവർ നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. യുദ്ധകാലത്തും സമാധാനാന്തരീക്ഷത്തിലും രാജ്യത്തെ സൈനികർക്ക് മികച്ച നഴ്സിംഗ് പരിചരണവും വൈദ്യസഹായവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സായുധ സേനയുടെ സുപ്രധാന വിഭാഗമായ മിലിട്ടറി നഴ്സിംഗ് സർവീസ് വലിയ സേവനമാണ് നൽകുന്നത്. പത്തനംതിട്ട സ്വദേശിയാണ് മേജർ ജനറൽ റേച്ചൽ തോമസ്. ഭർത്താവ്: സജി സാം.
കഴിഞ്ഞ മെയ് മാസം കിട്ടിയത് 167% അധിക മഴ, ഇത്തവണ 12% മാത്രം; കേരളത്തിലെ കാലവർഷത്തെ വട്ടംകറക്കാൻ എൽ നിനോ, ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മെയ് മാസത്തിൽ ലഭിച്ചത് 12 % അധിക മഴയെന്ന് കണക്കുകൾ. മെയ് മാസത്തിൽ കേരളത്തിൽ മൊത്തത്തിൽ സാധാരണയേക്കാൾ 12% കൂടുതൽ മഴ ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷം 167% അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇത്തവണ ആലപ്പുഴ ജില്ലയിലാണ് സാധാരണ ലഭിക്കേണ്ടതിനേക്കാൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (+96%), തൃശൂർ ,കാസർഗോഡ് , ഇടുക്കി , മലപ്പുറം , പാലക്കാട് ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. അതേസമയം എൽനിനോ സ്വാധീനം മൂലം ഇത്തവണ കാലവർഷത്തിൽ മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉൾപ്പെടെയുള്ള സൂചന.
Also Read: പുതിയ പാർട്ടി രൂപീകരണം? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ; ‘രണ്ടു ദിവസത്തിനകം സംസാരിക്കാം’
വരാനിരിക്കുന്നത് 2016നേക്കാൾ കരുത്തനായ എൽ നിനോ ആകുമെന്നാണ് റിപ്പോർട്ടുകൾ. എൽ നിനോയുടെ വരവ് ഇന്ത്യക്ക് ഭീഷണിയാകും. മൺസൂൺ എത്താൻ വൈകുന്നത് കൊണ്ടുതന്നെ രാജ്യത്ത് വിവിധയിടങ്ങളിൽ കുടിവെള്ളക്ഷാമമടക്കം നേരിട്ട് തുടങ്ങി. എൽ നിനോ പ്രതിഭാസം രാജ്യത്തെ ബാധിച്ചാൽ ഇത്തവണ കാലവർഷം 90 ശതമാനമായി കുറയുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഐഎംഡിയുടെ പുതിയ അറിയിപ്പനുസരിച്ച് കേരളമടക്കം ദക്ഷിണേന്ത്യയിലും മഴ ശരാശരിയിലും കുറവായിരിക്കുമെന്നാണ് നിഗമനം. ദീർഘകാല ശരാശരിയുടെ 90% മാത്രമായിരിക്കും രാജ്യത്തെ മഴയുടെ ലഭ്യത. ഏപ്രിൽ 30 നു പുറത്തുവിട്ട പ്രവചനത്തിലും മഴ കുറയുമെന്ന സൂചന ഐഎംഡി നൽകിയിരുന്നു.
അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 5-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ജൂൺ മൂന്ന്, നാല്. അഞ്ച് തീയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും, നാലാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 5ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
ഒന്നാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, രണ്ടാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂൺ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, നാലിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും 5ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പുതിയ പാർട്ടി രൂപീകരണം? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ; ‘രണ്ടു ദിവസത്തിനകം സംസാരിക്കാം’
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്, ‘ദയവായി കാത്തിരിക്കൂ, രണ്ടു ദിവസത്തിനകം നമുക്ക് ഇരുന്ന് സംസാരിക്കാം’ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ഡൽഹിക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹം തമിഴ്നാട്ടിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈ സഞ്ചരിച്ച വാഹനത്തിൽ പതിവായി കാണാറുള്ള ബിജെപിയുടെ കൊടിയും ഉണ്ടായിരുന്നില്ല. ജൂൺ നാലിനാണ് അണ്ണാമലൈയുടെ ജന്മദിനം. ഇതിൻ്റെ ഭാഗമായി കോയമ്പത്തൂരിൽ പലയിടത്തായി അദ്ദേഹത്തിന്റെ അനുയായികൾ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ‘ഞങ്ങളുടെ നേതാവേ, വരൂ ഞങ്ങളെ നയിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ഇത് അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായുള്ള ശക്തിപ്രകടനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം അദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നില്ല. ഇതിന് ശേഷം പാർട്ടിയുമായി അകൽച്ചയിലായിരുന്ന അദ്ദേഹം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തെ പരസ്യമായി വിമർശിച്ചിരുന്നു. ഈ വിമർശനം ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളുടെ സൂചനയായി വിലയിരുത്തപ്പെട്ടു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കെ. അണ്ണാമലൈ 2020-ലാണ് ബിജെപിയിൽ ചേർന്നത്. 2021 മുതൽ 2025 വരെ തമിഴ്നാട് ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചു. അതേസമയം അണ്ണാമലൈയുടെ രാഷ്ട്രീയ വളർച്ച ബിജെപിയിലൂടെയാണെന്നും അദ്ദേഹം പാർട്ടിയിൽ തുടരുമെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയ്ക്കാണ് അണ്ണാമലൈ ഡൽഹിയിലേക്ക് പോയതെന്നാണ് വിവരം. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം എന്ത് പറയുമെന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
വീണ്ടും കർശന നിയന്ത്രണം; എംവിഡിയും പൊലീസും ചേർന്നെടുത്ത തീരുമാനം; ഇന്ന് മുതൽ രാവിലെയും വൈകിട്ടും ടിപ്പർ ലോറികൾക്ക് നിയന്ത്രണം
തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ടിപ്പർ ലോറികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായാണ് ടിപ്പർ ലോറികളടക്കമുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് സർവീസിന് സമയക്രമം ഏർപ്പെടുത്തിയത്.
Also Read: മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു
മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മുൻകാലങ്ങളിൽ സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ഉണ്ടാക്കിയ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക, സ്കൂൾ ബസുകൾക്കും രക്ഷിതാക്കളുടെ വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാൻ വഴിയൊരുക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ നിയന്ത്രണങ്ങൾ ലംഘിച്ച് നിശ്ചിത സമയങ്ങളിൽ സർവീസ് നടത്തുന്ന ടിപ്പർ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നിയമനടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലും എംവിഡിയുടെ സ്പെഷ്യൽ സ്ക്വാഡുകൾ നിരന്തര പരിശോധന നടത്തും.
ഓരോ ജില്ലയിലെയും സമയനിയന്ത്രണം ഇങ്ങനെ
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ രാവിലെ 8:00 മുതൽ 10:00 മണി വരെ ടിപ്പറുകൾക്ക് കർശന നിരോധനമുണ്ട്. വൈകുന്നേരങ്ങളിൽ തിരുവനന്തപുരത്ത് 3:00 മുതൽ 4:30 വരെയും, കണ്ണൂരിൽ 4:00 മുതൽ 6:00 വരെയുമാണ് നിയന്ത്രണം. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ രാവിലെ 8:30 മുതൽ 10:00 മണി വരെയാണ് നിയന്ത്രണ സമയം. വൈകുന്നേരങ്ങളിൽ കൊല്ലത്ത് 3:30 മുതൽ 4:30 വരെയും, പത്തനംതിട്ടയിൽ 3:00 മുതൽ 4:30 വരെയുമുള്ള സമയങ്ങളിൽ ടിപ്പർ വാഹനങ്ങൾ സർവീസ് നടത്തുന്നത് നിരോധിച്ചു.
കോട്ടയം ജില്ലയിൽ രാവിലെ 8:30 മുതൽ 9:30 വരെയും വൈകുന്നേരം 3:30 മുതൽ 4:30 വരെയുമാണ് നിയന്ത്രണം. ഇടുക്കി, എറണാകുളം ജില്ലകളിൽ രാവിലെ 8:30 മുതൽ 10:00 മണി വരെയും വൈകുന്നേരം 4:00 മുതൽ 5:00 വരെയുമാണ് ടിപ്പറുകൾക്ക് വിലക്കുള്ളത്. കാസർകോട് ജില്ലയിൽ രാവിലെ 9:00 മുതൽ 10:00 വരെയും വൈകുന്നേരം 4:00 മുതൽ 5:00 വരെയുമാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 6 ജില്ലകളിൽ ഒരേ സമയക്രമമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ സ്കൂൾ കുട്ടികളുടെ യാത്ര സുഗമമാക്കാൻ രാവിലെ 8:30 മുതൽ 10:00 മണി വരെയും, വൈകുന്നേരം 3:30 മുതൽ 5:00 മണി വരെയും ടിപ്പർ വാഹനങ്ങൾക്ക് പൂർണ്ണ നിരോധനമുണ്ടായിരിക്കും.
ചവറ വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം
ശാസ്താംകോട്ട:ചവറ വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം മൈനാഗപ്പള്ളിയിൽ ശ്രീചിത്തിരവിലാസം ഗവ.എൽ.പി സ്കൂളിൽ ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.ചവറ
ബ്ലോക്ക് പഞ്ചാത്ത് പ്രസിഡൻ്റ് ഷംല നൗഷാദ് അധ്യക്ഷത വഹിച്ചു.ചവറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത റ്റി.ആർ മുഖ്യപ്രഭാഷണം നടത്തി.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം മെഹറുന്നീസ ബീവി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി വേണുഗോപാൽ,പഞ്ചായത്ത് അംഗങ്ങളായ ജെ.റഹിയാനത്ത്,സന്തോഷ് കുമാർ,വർഗീസ് തരകൻ,ഉണ്ണി ഇലവിനാൽ,സി.ആർ സി കോ ഓർഡിനേറ്റർ പ്രദീപ് കുമാർ സി.എസ്,എസ്എംസി ചെയർമാൻ അഡ്വ.സി.പ്രസന്നകുമാർ,വൈസ് ചെയർമാൻ ദർശൻ,ഡയറ്റ് ഫാക്കൽറ്റി സോണി ആൽഫ്രഡ്,ഹെഡ്മിസ്ട്രസ് അന്നമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.
പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന നമ്പറാണ് കട്ട് ചെയ്തത്. മുഖ്യമന്ത്രിയെന്ന നിലയില്‍ അനുവദിച്ച നമ്പര്‍ മുന്‍കൂട്ടി പറയാതെ കട്ട് ചെയ്യുകയായിരുന്നു.
Also Read:
മന്ത്രിയെന്ന നിലയില്‍ ഭരണകാലയളവില്‍ ഓരോരുത്തര്‍ക്കും ഔദ്യോഗിക നമ്പറുകള്‍ അനുവദിക്കാറുണ്ട്. ഇത്തരത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ പിണറായി വിജയന് നല്കിയ നമ്പറാണ് കട്ട് ചെയ്തത്. ഇന്ന് രാവിലെ ഉപയോഗിക്കുന്നതിനിടെയാണ് കട്ട് ചെയ്ത വിവരമറിയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഔദ്യോഗിക ഉപയോഗത്തിന് മറ്റൊരു നമ്പര്‍ അനുവദിച്ചേക്കുമെന്നാണ് വിവരം.
വാഹന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
പാലക്കാട്. വാഹന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കിണാശ്ശേരി സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം.
കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിന് മൂന്നുലക്ഷം രൂപ വാഹനത്തിന്റെ ആർസി പണയപ്പെടുത്തി കടം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബന്ധുക്കളായ രണ്ട് പേര് ഉൾപ്പടെ ഉള്ള സംഘം ആണ് അക്രമത്തിനു പിന്നിൽ. സംഘം നല്ലേപ്പിള്ളി, പഴനി, ചാവടി തുടങ്ങി വിവിധ ഇടങ്ങളിൽ ബിനുവിനെ കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു.
വീടും വാഹനങ്ങളും l എഴുതി നൽകണം. ബാങ്കിൽ ഡെപ്പോസിറ്റ് ഉള്ള പണം നൽകണം എന്നതായിരുന്നു പ്രതികാളീടെ ആവശ്യം. എന്നാൽ തന്റെ കൈയിൽ പണം ഇല്ലെന്ന് പറഞ്ഞത്തോടെ നിരവധി ചെക്ക് ലീഫുകൾ പ്രതികൾ ഒപ്പിട്ട് വാങ്ങി. ബിനുവിന്റെ പേരിലുള്ള അഞ്ചോളം വാഹനങ്ങൾ ബന്ധുവായ യുവാവിന്റെ പേരിലേക്ക് എഴുതി വാങ്ങിപ്പിക്കാനുള്ള ശ്രമവും നടന്നു.
മർദ്ദന ശേഷം അക്രമി സംഘം സിഗരറ്റ് വലിക്കാനായി പുറത്ത് പോയ സമയത്ത് ജനൽ വഴി പുറത്തേക്ക് ചാടിയ ബിനു കിലോമിറ്ററുകളോളം ഓടി പ്രദേശത്തെ ഒരു കമ്പനിയിൽ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് സ്ഥാപന ഉടമ പോലീസിനെ ഉൾപ്പെടെ വിളിച്ചതോടെ രക്ഷപ്പെട്ട ബിനു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്ന് ഹെമാമ്പിക നഗർ പോലീസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു



































