ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്, ‘ദയവായി കാത്തിരിക്കൂ, രണ്ടു ദിവസത്തിനകം നമുക്ക് ഇരുന്ന് സംസാരിക്കാം’ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ഡൽഹിക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹം തമിഴ്‌നാട്ടിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈ സഞ്ചരിച്ച വാഹനത്തിൽ പതിവായി കാണാറുള്ള ബിജെപിയുടെ കൊടിയും ഉണ്ടായിരുന്നില്ല. ജൂൺ നാലിനാണ് അണ്ണാമലൈയുടെ ജന്മദിനം. ഇതിൻ്റെ ഭാഗമായി കോയമ്പത്തൂരിൽ പലയിടത്തായി അദ്ദേഹത്തിന്റെ അനുയായികൾ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ‘ഞങ്ങളുടെ നേതാവേ, വരൂ ഞങ്ങളെ നയിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ഇത് അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായുള്ള ശക്തിപ്രകടനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം അദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നില്ല. ഇതിന് ശേഷം പാർട്ടിയുമായി അകൽച്ചയിലായിരുന്ന അദ്ദേഹം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തെ പരസ്യമായി വിമർശിച്ചിരുന്നു. ഈ വിമർശനം ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളുടെ സൂചനയായി വിലയിരുത്തപ്പെട്ടു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കെ. അണ്ണാമലൈ 2020-ലാണ് ബിജെപിയിൽ ചേർന്നത്. 2021 മുതൽ 2025 വരെ തമിഴ്‌നാട് ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചു. അതേസമയം അണ്ണാമലൈയുടെ രാഷ്ട്രീയ വളർച്ച ബിജെപിയിലൂടെയാണെന്നും അദ്ദേഹം പാർട്ടിയിൽ തുടരുമെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയ്ക്കാണ് അണ്ണാമലൈ ഡൽഹിയിലേക്ക് പോയതെന്നാണ് വിവരം. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം എന്ത് പറയുമെന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.



































