27.2 C
Kollam
Sunday 27th September, 2026 | 11:46:37 PM
Home News Breaking News തിരുവനന്തപുരം കോർപ്പറേഷനിലെ നിർണ്ണായക കൗൺസിൽ യോഗം ഇന്ന്; അവിശ്വാസ സാധ്യത മങ്ങി

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണ്ണായക കൗൺസിൽ യോഗം ഇന്ന്; അവിശ്വാസ സാധ്യത മങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിർണ്ണായക കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെ ബി.ജെ.പി. ഭരണസമിതിക്ക് എതിരായി കോൺഗ്രസ്‌ പ്രഖ്യാപിച്ച അവിശ്വാസ പ്രമേയത്തിന് സാധ്യത മങ്ങി. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽ.ഡി.എഫ്. വ്യക്തമാക്കിക്കഴിഞ്ഞു. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് കരുതിയ സ്വതന്ത്രൻ സുധീഷ് കുമാറും വഴങ്ങിയിട്ടില്ല. ഇതോടെ അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ കോൺഗ്രസിന് സാധിക്കില്ല.

അവിശ്വാസ പ്രമേയത്തിൽ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി. അവിശ്വാസ പ്രമേയത്തോട് സി.പി.എം. സഹകരിക്കാത്തത് ബി.ജെ.പിയുമായുള്ള രഹസ്യ ധാരണ മൂലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ പറഞ്ഞു.

കോർപ്പറേഷനിലെ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരമായിരുന്ന ഇതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിനുവേണ്ടി വെമ്പൽ കൊണ്ടിരിക്കുന്നവരല്ല യു.ഡി.എഫെന്നും റിസോർട്ട് രാഷ്ട്രീയം നടത്തുന്നവരല്ല തങ്ങളെന്നും കെ.എസ്. ശബരിനാഥൻ പറഞ്ഞു. അവിശ്വാസപ്രമേയം ഒരു ആയുധം ആണെന്നും അത് കൃത്യമായി ഉപയോഗിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.