Home Blog Page 650

വാട്ടര്‍ ടാങ്കില്‍ നിന്ന് 27 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി

ഹരിദ്വാര്‍: ഹരിദ്വാറിലെ സരായ് ഗ്രാമത്തില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് 27 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. ജൂണ്‍ എട്ടിനായിരുന്നു സംഭവം. ജലസംഭരണിയില്‍ നിന്ന് വെള്ളം വരാത്തതിനെ തുടര്‍ന്ന് തുറന്ന് നോക്കിയപ്പോഴാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടത്. കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ഏറെ നേരം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ചെയ്തു.
അതേസമയം, പാമ്പിന്‍ കുഞ്ഞുങ്ങളെങ്ങനെയാണ് വാട്ടര്‍ ടാങ്കിനുള്ളിലെത്തിയതെന്നതില്‍ വ്യക്തതയില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുടനീളമുള്ള ശുദ്ധജലാശയങ്ങള്‍ക്ക് സമീപം സാധാരണയായി കാണപ്പെടുന്ന ചെക്കര്‍ഡ് കീല്‍ബാക്ക് (നീര്‍ക്കോലി) ഇനം പാമ്പുകളെയാണ് ഇവിടെ കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ്; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും. നിയമപരിശോധനകൾ ആരംഭിച്ചു.

ഇന്നലെയാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസിന്റേതാണ് ഉത്തരവ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറിയായി വി ജോയി തുടരൽ; അതൃപ്തി വ്യക്തമാക്കി വി ശിവൻകുട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നു

തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ മന്ത്രി വി ശിവൻകുട്ടി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. വി ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിലാണ് അതൃപ്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎൽഎ തന്നെ തുടരാൻ കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ ധാരണയായത്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ നിർണ്ണായക യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറി പദവിയിൽ നിലനിർത്താനുള്ള ധാരണയായത്. എ കെ ജി സെന്ററിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി വി ജോയി തത്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. രാജ്യസഭാംഗമായ എ എ റഹിമായിരുന്നു താത്കാലിക ജില്ലാ സെക്രട്ടറി. എം എൽ എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സി പി എമ്മിലെ സംഘടനാ രീതി. എന്നാൽ ജില്ലയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കം കാരണമാണ് ജോയിക്ക് ഒഴിയാനാകാത്തത്.

ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ നാടും നഗരവും

കൊല്ലം: ലോകകപ്പ് ഫുട്ബാള്‍ മാമാങ്കത്തിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നാടെങ്ങും ആവേശത്തില്‍. നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും കട്ടൗട്ടുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന തിരക്കിലാണ് ഫുട്ബാള്‍ പ്രേമികള്‍.
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളുടെ തുടങ്ങിയ ടീമുകളുടെ ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക തലങ്ങളില്‍ ഫുട്ബാള്‍ കളിക്കാരുടെ കൂട്ടായ്മകള്‍ ചേര്‍ന്ന് വലിയ സ്‌ക്രീനില്‍ കളികാണാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇഷ്ട ടീമിന്റെ കൊടികള്‍ ഉയര്‍ത്തിയും ജഴ്‌സി അണിഞ്ഞും ലോകകപ്പിന്റെ ആവേശം ഗ്രാമീണ മേഖലയില്‍ പ്രകടമാണ്. പ്രാദേശിക തലങ്ങളില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റുകളും സജീവമാണ്.
പതിവുപോലെ അര്‍ജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകരേറെയെങ്കിലും പോര്‍ച്ചുഗലിനെയും ഫ്രാന്‍സിനെയും സ്പെയിനെയും പിന്തുണയ്ക്കുന്നവരും കുറവില്ല. അന്തിക്കൂട്ടങ്ങളിലും ഓഫീസുകളിലും സ്‌കൂളുകളിലും കോളജുകളിലുമെല്ലാം ചര്‍ച്ച ഫുട്ബോള്‍ തന്നെ. കളിപ്രേമികള്‍ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചും ഇന്‍സ്റ്റഗ്രാം റീല്‍സ് ഒരുക്കിയും ആവേശം ആഘോഷിക്കുകയാണ്.
ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിനീസ്യൂസ് ജൂണിയര്‍, നെയ്മര്‍, എംബാപ്പേ, ലാമിന്‍ യമാല്‍ തുടങ്ങി താരങ്ങളുടെ കൂറ്റന്‍ ഫ്ളക്സുകളും ബോര്‍ഡുകളുമാണ് കവലകളിലും ജങ്ഷനുകളിലും ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്.
മൂന്നും നാലും ടീമുകളുടെ ഫ്ളക്സുകള്‍ ആരാധക കേന്ദ്രങ്ങളിലുണ്ട്. ജില്ലയില്‍ കൊട്ടാരക്കര, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ ഫ്ളക്സുകള്‍ ഉയര്‍ന്നിട്ടുണ്ട്. കളിക്കളങ്ങളിലും ക്ലബുകളിലും വായശാലകളിലുമൊക്കെ ബിഗ് സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണുന്നതിനുള്ള തയാറെടുപ്പ് തുടങ്ങി കഴിഞ്ഞു.

ടൂറിസ്റ്റ് ബസുകള്‍ കളറാകും! വെള്ളനിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നിലവിലുള്ള ഏകീകൃത വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി. ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശ അതോറിറ്റി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മില്‍ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ നിറം മാറ്റം പ്രാബല്യത്തില്‍ വരണമെങ്കില്‍ സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.

Also Read:


പാലക്കാട് വടക്കഞ്ചേരിയില്‍ 2022 ഒക്ടോബറില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ള നിറം കര്‍ശനമാക്കിയത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ഈ ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മുന്‍പ് ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ വലിയ പോസ്റ്ററുകളും, ബഹുവര്‍ണ ചിത്രങ്ങളും, ഗ്രാഫിക്സുകളും ഉപയോഗിച്ചിരുന്നു. ഇത്തരം അലങ്കാരങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. രാത്രിയും പകലും മറ്റു ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍ പെട്ടെന്ന് പെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളില്‍ പൊതുവാഹനങ്ങള്‍ക്ക് വെള്ള നിറം നല്‍കിയ മാതൃകയും ഈ മാറ്റത്തിന് വലിയൊരു പ്രേരണയായി.
ബസുകള്‍ ആകര്‍ഷകമാക്കാന്‍ വേണ്ടി ബസുടമകള്‍ക്കിടയില്‍ വലിയ തോതിലുള്ള അനാരോഗ്യകരമായ മത്സരം നിലനിന്നിരുന്നു. ബസുകള്‍ക്കുള്ളില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് സമാനമായ ഡാന്‍സ് ഫ്ലോറുകള്‍, ലേസര്‍ ലൈറ്റുകള്‍, അമിതമായ ശബ്ദമുള്ള മ്യൂസിക് സിസ്റ്റങ്ങള്‍ എന്നിവ സജ്ജീകരിക്കുന്നത് പതിവായിരുന്നു. വടക്കഞ്ചേരി അപകടത്തിന് ശേഷം നടന്ന വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ഇത്തരം അമിത ലൈറ്റുകളും ശബ്ദസംവിധാനങ്ങളും പല വര്‍ണങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ശാസ്താംകോട്ട യൂ.ഐ.ടി പുതിയ അധ്യയന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചു

ശാസ്താംകോട്ട യൂ. ഐ.ടി പുതിയ അധ്യയന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ ക്ക് സൈറ്റ് തുറന്നു.ബി. ബി. എ, ബി കോം കോഴ്‌സുകളിലേക്കാണ് അപേക്ഷ.

മഴക്കാലപൂർവ്വ ശുചീകരണം പാളി;മാലിന്യ കൂമ്പാരമായി കുന്നത്തൂർ താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ

ശാസ്‌താംകോട്ട:കാലവർഷം എത്തുന്നതിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നടത്തിവരുന്ന മഴക്കാലപൂർവ്വ ശുചീകരണം ഇക്കുറി പാളിയതോടെ മാലിന്യ കൂമ്പാരമായി നാട്.സാധാരണ ഏപ്രിൽ,മെയ് മാസങ്ങളിലാണ് പഞ്ചായത്തുകൾ ശുചീകരണം നടത്താറുള്ളത്.ഇത് കൊതുകിൻ്റെ പെരുപ്പം കുറയ്ക്കാനും പകർച്ചവ്യാധി രോഗങ്ങൾ തടയാനും ഒരുപരിധിവരെ സഹായിച്ചിരുന്നു.എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പും വോട്ടെണ്ണലുമൊക്കെ ആയിരുന്നതിനാൽ,അധികൃതർ അലംഭാവം കാട്ടിയതാണ് നാട് ചീഞ്ഞുനാറാൻ ഇടയാക്കിയിരിക്കുന്നത്.

ചില പഞ്ചായത്തുകൾ മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ഉദ്ഘടനം നടത്തിയതല്ലാതെ കാര്യമായി പ്രവർത്തനങ്ങളൊന്നും നടത്തിയില്ല.ശാസ്‌താംകോട്ട ഗ്രാമപഞ്ചായത്തിലെ ടൗൺ ബസ് സ്റ്റോപ്പിൽ മാലിന്യം ചീഞ്ഞു നാറിയിട്ടും നീക്കം ചെയ്യാൻ നടപടിയില്ല.നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഭരണിക്കാവ് റോഡിലെ കാത്തിരിപ്പ് കേന്ദ്രവും,അതിൻ്റെ പരിസരവും മാലിന്യം മൂടിയിരിക്കയാണ്.അസഹ്യമായ ദുർഗന്ധമാണ് വമിക്കുന്നത്.ഭരണിക്കാവ് ബസ് സ്റ്റാൻഡിലെ ഓടയിൽ മഴ തുടങ്ങിയ നാൾ മുതൽ മലിനജലം കെട്ടിക്കിടക്കുകയാണ്.ഇത് പകർച്ചവ്യാധി രോഗങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്കയാണുള്ളത്.കുന്നത്തൂർ പാലത്തിനു സമീപം ചാക്കിൽ കുത്തിനിറച്ച് തള്ളുന്ന മാലിന്യം ചീഞ്ഞളിഞ്ഞ് കിടക്കുന്നു.

അർദ്ധരാത്രിയിൽ വാഹനങ്ങളിലെത്തിച്ചാണ് ഇവിടെ മാലിന്യം തള്ളുന്നത്.പ്രധാന പാതകൾ ഉൾപ്പെടെ പാതയോരങ്ങൾ കാടുമൂടി കിടക്കുന്നതും പ്രശ്‌നമായിട്ടുണ്ട്.ശാസ്താംകോട്ട തടാക തീരത്തടക്കം വൻതോതിൽ മാലിന്യം കാണാം.മൻകാലങ്ങളിൽ ആശാപ്രവർത്തകർ വീടുകളിലെത്തി പരിസര ശുചീകരണം സംബന്ധിച്ച് നോട്ടീസ് നൽകുകയും ക്ലോറിൻ പൗഡർ അടക്കം നൽകുമായിരുന്നെങ്കിലും ഇക്കുറി അതുണ്ടായില്ല.ഇതിനാൽ കൊതുക്,ഈച്ച,കറുത്ത അട്ട ഇവ ക്രമാതീതമായി വർദ്ധിക്കുകയുണ്ടായി.കൊതുക് ശല്യം മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി,ശൂരനാട് വടക്ക്,ശൂരനാട് തെക്ക്,പോരുവഴി,കുന്നത്തൂർ പഞ്ചായത്തുകളിൽ മഴക്കാല പൂർവ്വ ശുചീകരണം പേരിനു പോലും നടത്തിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം

മാനന്തവാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. മാനന്തവാടി കാട്ടിക്കുളം പുളിമൂട്കുന്നില്‍ കാട്ടാന ആക്രണത്തില്‍ പരിക്കേറ്റ രാജുവാണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് പുളിമുട്കുന്ന് ഉന്നതിയിലെ രാജുവിനെ കാട്ടാന ആക്രമിച്ചത്. പ്രദേശത്തിറങ്ങിയ ആനയെ വനംവകുപ്പ് തുരത്തുന്നതിനിടെ രാജു മുന്നില്‍പ്പെടുകയായിരുന്നു. പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ജീവന്‍ നഷ്ടമായി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം മൂന്നാഴ്ചയ്ക്കുള്ളില്‍ ആറുപേരാണ് സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്. മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ പരിയാപുരം സ്വദേശി സലീമിന്റെ മകൻ ഷെമിലാണ് മുങ്ങി മരിച്ചത്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

പാലക്കാട് ഇരട്ടയാലിലെ സ്വകാര്യ കോളെജ് ഫാർമസി അവസാന വർഷ വിദ്യാർഥിയാണ് ഷെമിൽ. ഇന്നലെ വൈകിട്ട് 5 മണിയോടെ 12 പേരടങ്ങുന്ന സംഘമായാണ് ഷെമിലും സുഹൃത്തുക്കളും തെക്കേ മലമ്പിഴയിൽ ഡാമിൽ എത്തിയത്. കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽ പെട്ട് മുങ്ങി താഴുകയായിരുന്നു.. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രദേശവാദികളെ വിവരം അറിയിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രാത്രി 7 മണി വരെ തെരച്ചിൽ നടത്തിയെങ്കിലും ഷെമിലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് രാവിലെ വീണ്ടും തെരച്ചിൽ പുനരാരമ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത് കാണിച്ച് കൊടുത്ത അതെ സ്ഥലത്ത് നിന്ന് രാവിലെ 8:30 ഓടെ സ്ക്യൂബ ടീം മൃതദേഹം കണ്ടെടുത്തു..വിങ്ങി പൊട്ടി സുഹൃത്തുക്കൾ ഷെമിലിന്റ മൃതദേഹം നോക്കി നിന്നു


കുളിക്കുന്നതിനിടെ ഷെമിൽ നീന്തി ആഴം കൂടിയ ഭാഗത്തേക്ക്‌ പോകുകയായിരുന്നെന്നും തിരികെ വിളിച്ചെങ്കിലും അതിനിടക്ക് ഷെമിൽ മുങ്ങി താഴുകയായിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു.മലപ്പുറം തിരൂർ പരിയാപുരം സ്വദേശി ചെക്കുമാരകത്തിൽ വീട്ടിൽ സലീമിന്റെ മകനാണ് ഷെമിൽ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ഒമ്പത് വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞു

rep image

മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ഒമ്പത് വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞു. നിലമ്പൂര്‍ ചുങ്കത്തറ കൈപ്പിനി കവല പാര്‍ട്ടിക്കുന്നിലാണ് സംഭവം. 35 റിങ്ങുകളുള്ള ആഴമേറിയ കിണറ്റില്‍ വീണിട്ടും കുട്ടി പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭര്‍ത്താവുമായി ഉണ്ടായ കടുത്ത കലഹത്തിനൊടുവിലാണ് മാതാവ് മകളെ കിണറ്റിലേക്ക് തള്ളിയിട്ടത്.

മകളോട് കിണറ്റിലെ മീന്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും പെട്ടെന്ന് കിണറ്റിലേക്ക് തള്ളുകയുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. സംഭവം നേരിട്ട് കണ്ട അയല്‍വാസികള്‍ നിമിഷങ്ങള്‍ക്കകം കിണറ്റിലേക്ക് കോണി ഇറക്കിക്കൊടുത്തു. കുട്ടി ഈ കോണിയില്‍ പിടിച്ച് കിടന്നു. തൊട്ടുപിന്നാലെ ബന്ധുവായ ഒരാള്‍ കിണറ്റിലിറങ്ങി കുട്ടിയെ ചേര്‍ത്തുപിടിച്ച് മോട്ടോര്‍ പൈപ്പില്‍ താങ്ങിനിര്‍ത്തുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് അഗ്‌നിരക്ഷാസേന ഉടന്‍ തന്നെ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തക്ക സമയത്തെ ഇടപെടലിലൂടെ കുട്ടിയെയും കിണറ്റിലിറങ്ങിയ ബന്ധുവിനെയും സുരക്ഷിതമായി പുറത്തെടുത്തു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി. അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അമ്മയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ കോടതിയിൽ ഹാജരാക്കിയപ്പോൾ കോഴിക്കോട് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി