തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും. നിയമപരിശോധനകൾ ആരംഭിച്ചു.
ഇന്നലെയാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസിന്റേതാണ് ഉത്തരവ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.
2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.


































