28.6 C
Kollam
Wednesday 10th June, 2026 | 03:39:35 PM
Home News Local മഴക്കാലപൂർവ്വ ശുചീകരണം പാളി;മാലിന്യ കൂമ്പാരമായി കുന്നത്തൂർ താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ

മഴക്കാലപൂർവ്വ ശുചീകരണം പാളി;മാലിന്യ കൂമ്പാരമായി കുന്നത്തൂർ താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ

Advertisement

ശാസ്‌താംകോട്ട:കാലവർഷം എത്തുന്നതിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നടത്തിവരുന്ന മഴക്കാലപൂർവ്വ ശുചീകരണം ഇക്കുറി പാളിയതോടെ മാലിന്യ കൂമ്പാരമായി നാട്.സാധാരണ ഏപ്രിൽ,മെയ് മാസങ്ങളിലാണ് പഞ്ചായത്തുകൾ ശുചീകരണം നടത്താറുള്ളത്.ഇത് കൊതുകിൻ്റെ പെരുപ്പം കുറയ്ക്കാനും പകർച്ചവ്യാധി രോഗങ്ങൾ തടയാനും ഒരുപരിധിവരെ സഹായിച്ചിരുന്നു.എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പും വോട്ടെണ്ണലുമൊക്കെ ആയിരുന്നതിനാൽ,അധികൃതർ അലംഭാവം കാട്ടിയതാണ് നാട് ചീഞ്ഞുനാറാൻ ഇടയാക്കിയിരിക്കുന്നത്.

ചില പഞ്ചായത്തുകൾ മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ഉദ്ഘടനം നടത്തിയതല്ലാതെ കാര്യമായി പ്രവർത്തനങ്ങളൊന്നും നടത്തിയില്ല.ശാസ്‌താംകോട്ട ഗ്രാമപഞ്ചായത്തിലെ ടൗൺ ബസ് സ്റ്റോപ്പിൽ മാലിന്യം ചീഞ്ഞു നാറിയിട്ടും നീക്കം ചെയ്യാൻ നടപടിയില്ല.നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഭരണിക്കാവ് റോഡിലെ കാത്തിരിപ്പ് കേന്ദ്രവും,അതിൻ്റെ പരിസരവും മാലിന്യം മൂടിയിരിക്കയാണ്.അസഹ്യമായ ദുർഗന്ധമാണ് വമിക്കുന്നത്.ഭരണിക്കാവ് ബസ് സ്റ്റാൻഡിലെ ഓടയിൽ മഴ തുടങ്ങിയ നാൾ മുതൽ മലിനജലം കെട്ടിക്കിടക്കുകയാണ്.ഇത് പകർച്ചവ്യാധി രോഗങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്കയാണുള്ളത്.കുന്നത്തൂർ പാലത്തിനു സമീപം ചാക്കിൽ കുത്തിനിറച്ച് തള്ളുന്ന മാലിന്യം ചീഞ്ഞളിഞ്ഞ് കിടക്കുന്നു.

അർദ്ധരാത്രിയിൽ വാഹനങ്ങളിലെത്തിച്ചാണ് ഇവിടെ മാലിന്യം തള്ളുന്നത്.പ്രധാന പാതകൾ ഉൾപ്പെടെ പാതയോരങ്ങൾ കാടുമൂടി കിടക്കുന്നതും പ്രശ്‌നമായിട്ടുണ്ട്.ശാസ്താംകോട്ട തടാക തീരത്തടക്കം വൻതോതിൽ മാലിന്യം കാണാം.മൻകാലങ്ങളിൽ ആശാപ്രവർത്തകർ വീടുകളിലെത്തി പരിസര ശുചീകരണം സംബന്ധിച്ച് നോട്ടീസ് നൽകുകയും ക്ലോറിൻ പൗഡർ അടക്കം നൽകുമായിരുന്നെങ്കിലും ഇക്കുറി അതുണ്ടായില്ല.ഇതിനാൽ കൊതുക്,ഈച്ച,കറുത്ത അട്ട ഇവ ക്രമാതീതമായി വർദ്ധിക്കുകയുണ്ടായി.കൊതുക് ശല്യം മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി,ശൂരനാട് വടക്ക്,ശൂരനാട് തെക്ക്,പോരുവഴി,കുന്നത്തൂർ പഞ്ചായത്തുകളിൽ മഴക്കാല പൂർവ്വ ശുചീകരണം പേരിനു പോലും നടത്തിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here