26.1 C
Kollam
Thursday 10th September, 2026 | 04:22:10 AM
Home News Breaking News കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു രണ്ടായി പിളര്‍ന്നു,വീണത് കാറിനു മീതേ ഒരാള്‍...

കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു രണ്ടായി പിളര്‍ന്നു,വീണത് കാറിനു മീതേ ഒരാള്‍ മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡിവൈഡറില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്. കാറിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ നടുഭാഗം രണ്ടായി പിളര്‍ന്നു. കോഴിക്കോട്- തൃശൂര്‍ റൂട്ടിലോടുന്ന ‘ഡിഫന്‍ഡര്‍’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസ് അമിത വേഗതയിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസില്‍ 26 പേര്‍ ഉണ്ടായിരുന്നുവെന്നും, പന്തീരാങ്കാവ് പെരുവയല്‍ സ്വദേശിയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.