30.5 C
Kollam
Saturday 12th September, 2026 | 03:04:23 PM
Home News Breaking News ടൂറിസ്റ്റ് ബസുകള്‍ കളറാകും! വെള്ളനിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ടൂറിസ്റ്റ് ബസുകള്‍ കളറാകും! വെള്ളനിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നിലവിലുള്ള ഏകീകൃത വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി. ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശ അതോറിറ്റി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മില്‍ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ നിറം മാറ്റം പ്രാബല്യത്തില്‍ വരണമെങ്കില്‍ സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.

Also Read:


പാലക്കാട് വടക്കഞ്ചേരിയില്‍ 2022 ഒക്ടോബറില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ള നിറം കര്‍ശനമാക്കിയത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ഈ ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മുന്‍പ് ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ വലിയ പോസ്റ്ററുകളും, ബഹുവര്‍ണ ചിത്രങ്ങളും, ഗ്രാഫിക്സുകളും ഉപയോഗിച്ചിരുന്നു. ഇത്തരം അലങ്കാരങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. രാത്രിയും പകലും മറ്റു ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍ പെട്ടെന്ന് പെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളില്‍ പൊതുവാഹനങ്ങള്‍ക്ക് വെള്ള നിറം നല്‍കിയ മാതൃകയും ഈ മാറ്റത്തിന് വലിയൊരു പ്രേരണയായി.
ബസുകള്‍ ആകര്‍ഷകമാക്കാന്‍ വേണ്ടി ബസുടമകള്‍ക്കിടയില്‍ വലിയ തോതിലുള്ള അനാരോഗ്യകരമായ മത്സരം നിലനിന്നിരുന്നു. ബസുകള്‍ക്കുള്ളില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് സമാനമായ ഡാന്‍സ് ഫ്ലോറുകള്‍, ലേസര്‍ ലൈറ്റുകള്‍, അമിതമായ ശബ്ദമുള്ള മ്യൂസിക് സിസ്റ്റങ്ങള്‍ എന്നിവ സജ്ജീകരിക്കുന്നത് പതിവായിരുന്നു. വടക്കഞ്ചേരി അപകടത്തിന് ശേഷം നടന്ന വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ഇത്തരം അമിത ലൈറ്റുകളും ശബ്ദസംവിധാനങ്ങളും പല വര്‍ണങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചത്.