Home News Local ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ നാടും നഗരവും

ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ നാടും നഗരവും

കൊല്ലം: ലോകകപ്പ് ഫുട്ബാള്‍ മാമാങ്കത്തിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നാടെങ്ങും ആവേശത്തില്‍. നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും കട്ടൗട്ടുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന തിരക്കിലാണ് ഫുട്ബാള്‍ പ്രേമികള്‍.
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളുടെ തുടങ്ങിയ ടീമുകളുടെ ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക തലങ്ങളില്‍ ഫുട്ബാള്‍ കളിക്കാരുടെ കൂട്ടായ്മകള്‍ ചേര്‍ന്ന് വലിയ സ്‌ക്രീനില്‍ കളികാണാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇഷ്ട ടീമിന്റെ കൊടികള്‍ ഉയര്‍ത്തിയും ജഴ്‌സി അണിഞ്ഞും ലോകകപ്പിന്റെ ആവേശം ഗ്രാമീണ മേഖലയില്‍ പ്രകടമാണ്. പ്രാദേശിക തലങ്ങളില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റുകളും സജീവമാണ്.
പതിവുപോലെ അര്‍ജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകരേറെയെങ്കിലും പോര്‍ച്ചുഗലിനെയും ഫ്രാന്‍സിനെയും സ്പെയിനെയും പിന്തുണയ്ക്കുന്നവരും കുറവില്ല. അന്തിക്കൂട്ടങ്ങളിലും ഓഫീസുകളിലും സ്‌കൂളുകളിലും കോളജുകളിലുമെല്ലാം ചര്‍ച്ച ഫുട്ബോള്‍ തന്നെ. കളിപ്രേമികള്‍ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചും ഇന്‍സ്റ്റഗ്രാം റീല്‍സ് ഒരുക്കിയും ആവേശം ആഘോഷിക്കുകയാണ്.
ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിനീസ്യൂസ് ജൂണിയര്‍, നെയ്മര്‍, എംബാപ്പേ, ലാമിന്‍ യമാല്‍ തുടങ്ങി താരങ്ങളുടെ കൂറ്റന്‍ ഫ്ളക്സുകളും ബോര്‍ഡുകളുമാണ് കവലകളിലും ജങ്ഷനുകളിലും ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്.
മൂന്നും നാലും ടീമുകളുടെ ഫ്ളക്സുകള്‍ ആരാധക കേന്ദ്രങ്ങളിലുണ്ട്. ജില്ലയില്‍ കൊട്ടാരക്കര, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ ഫ്ളക്സുകള്‍ ഉയര്‍ന്നിട്ടുണ്ട്. കളിക്കളങ്ങളിലും ക്ലബുകളിലും വായശാലകളിലുമൊക്കെ ബിഗ് സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണുന്നതിനുള്ള തയാറെടുപ്പ് തുടങ്ങി കഴിഞ്ഞു.