Home Blog Page 619

പ്രമേഹ രോഗികള്‍ക്ക് മധുരത്തോടുള്ള അമിത ഇഷ്ടം കുറയ്ക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം

പ്രമേഹ രോഗികളില്‍ പലര്‍ക്കും മധുരത്തോട് അമിത ഇഷ്ടവും ആര്‍ത്തിയും തോന്നാറുണ്ട്. മധുരം കഴിക്കരുതെന്ന് വിലക്കുള്ളതിനാല്‍ ഇവര്‍ക്ക് മധുരം കഴിക്കാനുള്ള ആവേശം കൂടുകയും ചെയ്യും. ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കഴിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും.
എന്നാല്‍, ശരിയായി ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോട് ആര്‍ത്തി തോന്നുന്നതെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ അനാരോഗ്യകരമായ ഭക്ഷണപ്രിയത്തിനു കാരണം, ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെത്തുടരെ ഇമ ചിമ്മുന്നതാണ്. ഇവര്‍ക്ക് കൂടുതല്‍ പ്രിയം മധുര, എണ്ണ പലഹാരങ്ങളോടായിരിക്കും.
ഉറക്കം കുറയുമ്പോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്.
എലികളെ ഉറങ്ങാനനുവദിക്കാതെ നടത്തിയ പഠനത്തിലാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ഉറക്കശീലം വളര്‍ത്തിയെടുത്താല്‍ അമിതമായ മധുരപ്രിയത്തെ മനസ്സിന്റെ നിയന്ത്രണത്തിലാക്കാമെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തല്‍.

പിണറായിയുടെ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: നവകേരള ബസിന് നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ മുന്‍മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ആലപ്പുഴ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ജാമ്യം അനുവദിച്ചത്. ജാമ്യഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ഇപ്പോൾ നിയമപരമായ ആശ്വാസം ലഭിച്ചിരിക്കുന്നത്.

2023 ഡിസംബര്‍ 15ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വച്ച് അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധമുയര്‍ത്തിയതിന്റെ പേരില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗണ്‍മാനും അകമ്പടി സേനയും ചേര്‍ന്നു മര്‍ദിച്ചെന്നാണു കേസ്.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേസ് പുനരന്വേഷിക്കുകയാണ്. ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തിരുന്നു. സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമാണ് കേസ് അന്വേഷിക്കുന്നത്.

നടുക്കിയ മര്‍ദ്ദന രംഗങ്ങല്‍പുറത്തുവന്നതോടെ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കേസില്‍ അന്വേഷണ സംഘത്തിന്‍റെ ഉദ്ദേശശുദ്ധിയെ കോടതി വിമര്‍ശിച്ചിരുന്നു.

ജനങ്ങളുടെ അഭിപ്രായംകൂടി കേട്ടുള്ള തിരുത്തല്‍ നടപടിക്ക് തുടക്കമിടാന്‍ സിപിഎം

തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ അഭിപ്രായംകൂടി കേട്ടുള്ള തിരുത്തല്‍ നടപടിക്ക് തുടക്കമിടാന്‍ സി.പി.എം. പരസ്യമായ സ്വയംവിമര്‍ശനവുമായിട്ടാണ് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്. പരാജയം മുന്‍കൂട്ടിയറിയാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഏതെങ്കിലും ഒരുവിഭാഗത്തില്‍ നിന്നല്ല, എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നഷ്ടമായി. തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ചപറ്റിയെന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റി വിലയിരുത്തി. പ്രാദേശിക ഘടകങ്ങളില്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിച്ചു. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായം തേടും. വാട്‌സ് ആപിലൂടെയും ഇ മെയിലായും ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അടിസ്ഥാന സ്വഭാവത്തില്‍ നിന്നുള്ള വ്യതിയാനം തിരുത്തലാണ് ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-യു.ഡി.എഫ് ഡീലുണ്ടായെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിംവിരുദ്ധ പ്രസ്താവനയെ സി.പി.എം നേരത്തെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: ചന്തേരയില്‍ മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം. പിതാവിനൊപ്പമാണ് കുട്ടി കടയില്‍ മുടിമുറിക്കാനായി എത്തിയത്. കുട്ടിയെ ഇരുത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയ സമയത്തായിരുന്നു അതിഥിത്തൊഴിലാളിയായ പതിനേഴുകാരന്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Also Read:

ഭയന്നുപോയ കുട്ടി നിലവിളിച്ച് ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവെക്കുകയും ചന്തേര പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജനക്കൂട്ടം ബാര്‍ബര്‍ ഷോപ്പ് അടിച്ചുതകര്‍ത്തു. മാണിയാട്ട് മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന കടയുടെ ബോര്‍ഡുകളും പൂട്ടും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പിഡബ്ല്യൂഡി കോണ്‍ട്രാക്ടറില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍

കോഴിക്കോട്: പിഡബ്ല്യൂഡി കോണ്‍ട്രാക്ടറില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍. റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ബില്‍ പാസാക്കുന്നതിനായിട്ടാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ നവീന്‍ രവിയെ (47) ആണ് വിജിലന്‍സ് സംഘം പിടികൂടിയത്.

Also Read:

പിഡബ്ല്യൂഡി കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരന്‍ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വര്‍ക്കുകളുടെ കരാറുകള്‍ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളില്‍ കരാര്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച രണ്ട് റോഡ് വര്‍ക്കുകളുടെ ബില്ലുകള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ മെഷര്‍മെന്റ് പൂര്‍ത്തിയാക്കി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അപ്രൂവ് ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രൈസ് സോഫ്റ്റ്വെയര്‍ വഴിയും നേരിട്ടും അയച്ചിരുന്നു.
രണ്ടു ബില്ലുകളും ഒന്നരമാസമായി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പെന്റിംഗ് ആയി കിടന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഒരു സുഹൃത്തുമായി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എത്തി ഓവര്‍സിയര്‍ നവീന്‍ രവിയെ നേരില്‍ കണ്ട് വിവരം തിരക്കി. തുടര്‍ന്ന് ബില്‍ പെട്ടെന്ന് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ നവീന്‍, 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്‍പര്യമില്ലാത്ത പരാതിക്കാരന്‍ ഈ വിവരം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ചെവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് പരാതിക്കാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വച്ചാണ് നവീന്‍ രവിയെ വിജിലന്‍സ് സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

എംഎസ്‌സി എല്‍സ ത്രി കപ്പലിന് കാലപ്പഴക്കമുണ്ടായിരുന്നുവെന്നും സുരക്ഷാ സംവിധാനം ഫലപ്രദമായിരുന്നില്ലെന്നും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ റിപ്പോര്‍ട്ട്

അറബിക്കടലില്‍ കേരള തീരത്തിന് സമീപം മുങ്ങിയ എംഎസ്‌സി എല്‍സ ത്രി കപ്പലിന് കാലപ്പഴക്കമുണ്ടായിരുന്നുവെന്നും സുരക്ഷാ സംവിധാനം ഫലപ്രദമായിരുന്നില്ലെന്നും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ റിപ്പോര്‍ട്ട്. 2025 മേയ് 25നുണ്ടായ കപ്പല്‍ അപകടത്തെക്കുറിച്ച് ഡിജി ഷിപ്പിങ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാങ്കേതിക തകരാറാണ് അപകടകാരണം.
കപ്പലിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ബാലസ്റ്റ് വാട്ടര്‍ സംവിധാനം പരാജയപ്പെട്ടു. കപ്പലിന്റെ നിര്‍മിതിയില്‍ ഘടനാപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിഴിഞ്ഞത്തു നിന്നും പുറപ്പെടുമ്പോള്‍ തന്നെ കപ്പലിന് 5 ഡിഗ്രി ചെരിവുണ്ടായിരുന്നു. ആ സമയത്ത് തന്നെ കപ്പിലില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. ഇത് ഫലപ്രദമായി തടയാന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ല.
അപകടസാധ്യതയെക്കുറിച്ച് കപ്പല്‍ കമ്പനിയെ വിഴിഞ്ഞത്തുവച്ച് അദാനി പോര്‍ട്‌സ് അറിയിച്ചിരുന്നു. 2006ല്‍ ഇതേ കപ്പല്‍ അപകടത്തില്‍പ്പെട്ടിരുന്നെങ്കിലും കാര്യമായ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ലെന്നും ഡിജി ഷിപ്പിങ്ങിന്റെ റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ക്യാപറ്റന്‍ അടക്കം കപ്പല്‍ ജീവനക്കാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും കപ്പല്‍ കമ്പനിയുടെ ഗ്യാരണ്ടി മാത്രം കണക്കിലെടുത്ത് ഇവര്‍ക്ക് യാത്രാ അനുമതി നല്‍കുന്നത് ജുഡീഷ്യല്‍ നടപടികളെ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം

ആലപ്പുഴ: അതിവേ​ഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം. കഞ്ഞിക്കുഴി തകിടിവെളിയിൽ സുനിൽ കുമാറിന്റെ മകൻ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.15നാണ് അപകടമുണ്ടായത്. ആലപ്പുഴ പഴവീട് മെഡിക്കൽ സെന്ററിനു എതിർവശത്താണ് സംഭവം. കാർ ആദ്യം മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷം സുധീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നിർമാണത്തൊഴിലാളിയായ സുധീഷ്, ഭാര്യ സുജിമോൾക്കൊപ്പം തിരുവല്ലയിലെ ബന്ധു വീട്ടിൽപ്പോയി ബൈക്കിൽ മുഹമ്മയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ ചായകുടിക്കാൻ നിർത്തി. ചായ വാങ്ങിയ ഭാര്യ, സുധീഷിനു കൊടുത്ത ശേഷം കടയുടെ ഭാഗത്തേക്കു മാറിനിന്നു. ബൈക്കിൽ ചാരിനിന്നു ചായ കുടിക്കുന്നതിനിടെയാണ് കുതിച്ചെത്തിയ കാർ സുധീഷിനെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈതവന ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു വന്ന കാർ ആദ്യം ഓട്ടോയിലും പിന്നീട് സ്കൂട്ടറിലും മറ്റൊരു ബൈക്കിലും ഇടിച്ചിരുന്നു. റോഡരികിലെ മൺകൂന കടന്ന് വൈദ്യുതിത്തൂണിലിടിച്ചാണ് കാർ നിന്നത്. റോഡരികിൽ നിർത്തി ചായ കുടിക്കാൻ നിന്നവരുടെ വാഹനങ്ങളിലാണ് കാർ ആദ്യമിടിച്ചത്.

ആലപ്പുഴ പുന്നമട സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഗർഭിണിയായ യുവതിയെ വയറുവേദന കാരണം കാറിൽ കടപ്പുറത്തെ വനിതാ ശിശു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഭർത്താവും കൈക്കുഞ്ഞും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ സഹോദരനാണ് ഡ്രൈവറെന്നു പറയുന്നു. ആലപ്പുഴ സൗത്ത് പൊലീസ് ഇയാൾക്കെതിരേ കേസെടുത്തു.

സുധീഷിന്റെ മക്കൾ: വരുൺദേവ്, വാമിക. അമ്മ: ജാസ്മിൻ. സഹോദരൻ: സുമേഷ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

ബഡ്ജറ്റ് ഒരുക്കം തുടങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം.ബഡ്ജറ്റ് ഒരുക്കം തുടങ്ങി മുഖ്യമന്ത്രി.2016 ഇൽ ഉമ്മൻചാണ്ടിക്ക് ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.9 ദിവസം മാത്രമാണ് ഇനി ബജറ്റ് അവതരണത്തിന് ബാക്കി. ഇന്നലെ വ്യാപാരികൾ ട്രേഡ് യൂണിയനുകൾ ബജറ്റ് തയ്യാറാക്കുന്ന സംഘം വകുപ്പ് മേധാവികൾ എന്നിവരുമായി വെവേറെ ചർച്ച നടത്തി

സർവകാലശാല വൈസ് ചാൻസിലർമാർ ശാസ്ത്രജ്ഞർ സാമ്പത്തിക വിദഗ്ദ്ധർ, വ്യവസായികൾ യുവജന സംഘടനകൾ
സ്വകാര്യ ആശുപത്രി പ്രതിനിധികൾ, ടൂറിസം രംഗത്തെ പ്രമുഖര്‍ എന്നിവരുമായി തുടർചര്‍ച്ചകൾ നടക്കും

ബജറ്റ് തയ്യാറാക്കുന്ന തിരക്കിൽ സന്ദർശകരെ കടത്തി വിടുന്നതിൽ സെക്രട്ടറിയേറ്റിൽ ഇന്ന് മുതൽ നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം. 52 ദിവസം ആഴക്കടലിലേക്കില്ലാതെ കടലോരജീവിതം മാത്രം. വിപണിയിൽ മാത്രമാകില്ല തീരത്തും ഇതിന്റെ പ്രതിഫലനമുണ്ടാകും. മീൻ ലഭ്യതയിലുണ്ടാകുന്ന കുറവ്‌ തീരദേശത്തും സാധാരണ ജനങ്ങളുടെ ജീവിതത്തിലും പ്രതിസന്ധി തീർക്കും. ആഴക്കടൽ മീൻപിടിത്തം വിലക്കിയതോടെ ചെറുവള്ളങ്ങളിലും മറ്റുമുള്ള മീൻപിടിത്തമേ ഇനിയാകാവൂ. എന്നാൽ കനത്ത മഴയും കാറ്റും ഇതിനും തടസ്സമാകുമെന്നതാണ്‌ ആശങ്ക. ചുമട്ടുതൊഴിലാളികൾ‍, ഐസ്‌ പ്ലാന്റ്‌ ജീവനക്കാർ, മത്സ്യവിൽപ്പനക്കാർ, ഉണക്കമീൻ നിർമാതാക്കൾ എന്നിവരെയെല്ലാം ഇത്‌ ബാധിക്കും.


പാചകവാതക വിലവർധന ഉണ്ടാക്കിയ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന ജനത്തിന്‌ ഇനി മീനിനും നൽകണം പൊള്ളുന്ന വില. പ്രധാനമായും മത്തി, അയല, പാര, പരവ, ചൂര, നത്തോലി എന്നീ മത്സ്യങ്ങളുടെ പ്രജനനകാലമായതിനാലാണ്‌ ട്രോളിങ്‌ നിരോധനം ഏർപ്പെടുത്തുന്നത്‌.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസ്സമില്ല. എന്നാൽ മീൻ ലഭ്യത വൻതോതിൽ കുറയും. വളർത്തുമത്സ്യങ്ങൾ, പുഴമീനുകൾ എന്നിവയ്‌ക്ക്‌ ആവശ്യക്കാർ കൂടും.


ജില്ലയിൽ വിഴിഞ്ഞം, പൂന്തുറ, പെരുമാതുറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ആഴക്കടലിൽ പോയിരുന്ന ട്രോൾ ബോട്ടുകൾ ഭൂരിഭാഗവും തിരിച്ചെത്തി. ബോട്ടുകൾ സുരക്ഷിതമാക്കുന്ന തിരക്കിലാണ്‌ മത്സ്യത്തൊഴിലാളികൾ. എൻജിൻ പണി, പെയിന്റിങ്‌, വലകളുടെ കേടുപാട്‌ തീർക്കൽ എന്നിവയ്‌ക്കുള്ള സമയമാണിനി. അനധികൃത മീൻപിടിത്ത രീതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ചുഴലിക്കാറ്റിൽ തൃശൂർ ജില്ലയിലാകെ വ്യാപക നാശനഷ്ടം

തൃശൂർ: ചുഴലിക്കാറ്റിൽ തൃശൂർ ജില്ലയിലാകെ വ്യാപക നാശനഷ്ടം. നടത്തറ, പൂത്തൂർ, വില്ലടം മേഖലയിൽ വൻ നാശമാണുണ്ടായത്. നടത്തറയിൽ പൂച്ചട്ടി ഭവൻ സ്കൂൾ കോമ്പൗണ്ടിൽ മരങ്ങൾ കടപുഴകി. വാഹനങ്ങൾ നശിച്ചു.


മരങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണും വീടുകളുടെ മുകളിൽ ഉറപ്പിച്ചിരുന്ന ഷീറ്റുകൾ പറന്നുപോയും കടകൾക്കു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ താഴെ വീണും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണുമാണ് വ്യാപക നഷ്ടമുണ്ടായത്. ഇതേത്തുടർന്ന് വില്ലടം, പെരേപ്പാടം, നെല്ലിക്കാട് പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഏഴ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു.


ഇന്ന് രാവിലെ 8:50നാണ് ചുഴലിക്കാറ്റുണ്ടായത്. രണ്ടു മിനിറ്റോളം കാറ്റ് നീണ്ടുനിന്നു. വില്ലടം പെരേപ്പാടം കാങ്കപ്പറമ്പിൽ ഗോപിയുടെ വീടിന്റെ മുകളിൽ മേഞ്ഞിരുന്ന ഷീറ്റുകൾ പറന്നുപോയി. വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന മകൻ വിപിന്റെ ഓട്ടോറിക്ഷ തകർന്നു. വില്ലടം പെരേപ്പാടം നെല്ലിക്കാട് നടുവത്ത് സുബ്രഹ്മണ്യന്റെ വീടിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റ് പറന്നുപോയി. വീടിന്റെ പാരപ്പറ്റ് തകർന്നു. വില്ലടം പെരേപ്പാടം നെല്ലിക്കാട് വിളക്കത്തറ തങ്കയുടെ വീടിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റും ശക്തമായ കാറ്റിൽ പറന്നുപോയി. മരം റോഡിലേക്ക് വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.