Home Blog Page 598

ബലാത്സംഗ കേസ് ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രതിശ്രുതവരനെതിരായ ബലാത്സംഗ കേസ് ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹനിശ്ചയത്തിനുശേഷം വരന്‍ ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ തള്ളിയത്.
പ്രണയിതാക്കളായിരുന്ന എംബിബിഎസ് ബിരുദധാരികളാണ് കേസിലെ വാദിയും പ്രതിയും. കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് യുവതി നല്‍കിയ സത്യവാങ്ങ്മൂലത്തോടൊപ്പം യുവാവ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്നുവെന്ന പരാതിക്കാരിയുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തതെന്നും അവിവാഹിതയായ യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത് ഹീനമായ കുറ്റകൃത്യമാണന്നും കേസ് റദ്ദാക്കാനുള്ള വിവേചനാധികാരം വിനിയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സമാനരീതിയില്‍ ഇരുവരും കോടതിയെ സമീപിച്ചെങ്കിലും പിന്നിട് യുവതി ഹര്‍ജി പിന്‍വലിച്ചിരുന്നു. ഇതില്‍നിന്ന് അവര്‍ക്ക് വ്യക്തമായ നിലപാട് ഇല്ലെന്നുകാണാമെന്നും കോടതി പറഞ്ഞു. വിവാഹനിശ്ചയത്തിനുശേഷം തന്റെ വീട്ടിലെത്തിയ പ്രതി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ബലാല്‍സംഗം ചെയ്തെന്നുമാണ് കേസ്. പിന്നീട് പ്രതി വിവാഹത്തിന് തയ്യാറായില്ലെന്നും കൂട്ടുകാര്‍ക്കു മുന്നില്‍ അധിക്ഷേപിച്ചെന്നും പറയുന്നു. ഇത്തരത്തില്‍ ഗുരുതരമായ കുറ്റകൃത്യത്തെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യതര്‍ക്കമായി മാത്രം കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി സീന ഹാജരായി.

മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

കോഴിക്കോട്.കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ. 7.940 ഗ്രാം ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസും പിടികൂടി. വളപട്ടണം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ആണ് റഹീം പിടിയിലായത്

ബോംബയിൽ നിന്ന് മൊത്തമായി എത്തിക്കുന്ന ബ്രൗൺ ഷുഗർ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

വിജയ്-തൃഷ വിവാഹം കഴിഞ്ഞോ….? തൃഷയുടെ കഴുത്തിലെ താലിമാല സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും തൃഷയുമായുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. വിജയ്-സംഗീത ദാമ്പത്യം തകരാന്‍ കാരണം വിജയ്ക്ക് തൃഷയുമായുള്ള അടുപ്പമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്യെ അഭിനന്ദിക്കാന്‍ തൃഷ വീട്ടിലേക്ക് വന്നതും, വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവുമെല്ലാം ഈ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടി.
നടന്‍ അജിത്തിന്റെ അമ്മ മരിച്ചപ്പോള്‍ വിജയ്ക്കൊപ്പം തൃഷയും അജിത്തിനെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. വിജയും തൃഷയും തങ്ങളുടെ പ്രണയം പറയാതെ പറയുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ഇതിനിടെ ഇപ്പോഴിതാ തൃഷയുടെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വൈറലായി മാറിയിരിക്കുന്ന വിഡിയോയില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പതിച്ചത് തൃഷയുടെ കഴുത്തിലെ മാലയിലായിരുന്നു.
നീളം കുറഞ്ഞ ആലില രൂപത്തിലുള്ള ലോക്കറ്റുള്ള മാലയാണ് തൃഷ ധരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇതുവരെ കാണാത്ത മോതിരവും തൃഷയുടെ വിരലിലുണ്ട്. ഇത് രണ്ടും വച്ച് വിജയ്യും തൃഷയും രഹസ്യമായി വിവാഹം കഴിച്ചുവോ എന്നും വിവാഹ നിശ്ചയം കഴിഞ്ഞുവോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം സംഗീതയുമായുള്ള വിജയ്യുടെ വിവാഹ മോചനത്തിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
എന്നാല്‍ വൈറലായിരിക്കുന്ന വിഡിയോ പുതിയതല്ലെന്നും 2025ല്‍ നിന്നുള്ളതാണെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. തൃഷയുടെ കഴുത്തിലുള്ളത് താലിമാലയല്ലെന്നും ആലിലയുടെ രൂപമുള്ള നെക്ലേസാണെന്നും അവര്‍ പറയുന്നു. അതേസമയം വിഡിയോ എഐ നിര്‍മിതമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. തൃഷയോ വിജയ്യോ വാര്‍ത്തകളോടും ചര്‍ച്ചകളോടും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ജൂൺ 15 മുതൽ ‘പ്രിയദർശിനി’ പദ്ധതി; സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; കോളടി ച്ച് തലസ്ഥാന ജില്ല

തിരുവനന്തപുരം :ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുമ്പോൾ തലസ്ഥാന ജില്ലയ്ക്ക് നേട്ടം. എന്നാൽ, ഈ സൗകര്യം ലഭിക്കുന്നതിൽ ജില്ലകൾ തമ്മിൽ വലിയ അന്തരം ഉണ്ടെന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ (687) സർവീസ് നടത്തുന്നത്, അതിനാൽ ഏറ്റവും വലിയ ഗുണഭോക്താക്കൾ തലസ്ഥാന നിവാസികളാകും. അതേസമയം, മലപ്പുറം ജില്ലയിൽ വെറും 98 ഓർഡിനറി ബസുകൾ മാത്രമാണ് ഉള്ളത്, ഇത് അവിടുത്തെ യാത്രക്കാർക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

സംസ്ഥാനത്താകെ 3125 ഓർഡിനറി ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ, തിരുവനന്തപുരത്തിന് തൊട്ടുപിന്നിലായി 415 ബസുകളുമായി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തു നിൽക്കുന്നു. എറണാകുളം (325), ആലപ്പുഴ (227), കണ്ണൂർ (205) എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ ഓർഡിനറി ബസുകളുടെ എണ്ണം. യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ ‘സീറോ ടിക്കറ്റ്’ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എത്രപേർ ഈ സൗകര്യം ഉപയോഗിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

ഈ സൗജന്യ യാത്ര കെഎസ്ആർടിസിയുടെ സാമ്പത്തിക അടിത്തറയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും, വർഷത്തിൽ 800 കോടിയോളം രൂപയും വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ബാധ്യത കെഎസ്ആർടിസിയുടെ തലയിൽ കെട്ടിവെക്കില്ലെന്നും, നഷ്ടം ഗ്രാൻ്റായി സർക്കാർ നൽകുമെന്നുമാണ് ഔദ്യോഗിക അറിയിപ്പ്. പ്രതിദിനം രണ്ട് കോടിയിലധികം രൂപയുടെ അധികച്ചെലവാണ് ഇതിനായി സർക്കാരിന് വരുന്നത്. എങ്കിലും, സാധാരണക്കാരായ യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകുന്ന ഈ പദ്ധതി, കെഎസ്ആർടിസിയുടെ ഭാവിയിൽ എന്ത് മാറ്റങ്ങളാണ് കൊണ്ടുവരിക എന്നത് കണ്ടുതന്നെ അറിയണം.

ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ വരുമാനമോ പ്രായമോ പരിഗണിക്കാതെയാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോരുവഴിസ്വദേശി അടക്കം 2 പേർ അറസ്റ്റിൽ

ശാസ്താംകോട്ട:പോരുവഴിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. പോരുവഴിയിലെ സിപിഎം സജീവ പ്രവര്‍ത്തകന്‍ കമ്പലടി കല്യാശേരി വീട്ടിൽ കുമാരൻ (70),പന്തളം കുരമ്പാല പറയന്ത്യത്ത് വീട്ടിൽ പ്രകാശൻ (49) എന്നിവരാണ് പിടിയിലായത്.

പീഡനം കുട്ടിയുടെ ബന്ധുവിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശൂരനാട് പൊലീസിൽ വിവരമറിയിച്ചത്.തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കവേയാണ് പന്തളം സ്വദേശിയും തന്നെ പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയത്.പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

ഹൈ പ്രോട്ടീൻ ഡയറ്റുകളും സപ്ലിമെന്റുകളും കരളിന്റെ ആരോഗ്യത്തിന് നല്ലതാണോ?


ഇന്ന് ആരോഗ്യ ചർച്ചകളിൽ ഏറ്റവും കൂടുതൽ ഇടംപിടിക്കുന്ന ഒന്നാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണരീതികൾ. ഫിറ്റ്‌നസ് ട്രെയിനർമാർ മുതൽ ഹെൽത്ത് കോച്ചുകളും സെലിബ്രിറ്റികളും വരെ പ്രോട്ടീന്റെയും അതിന്റെ സപ്ലിമെന്റുകളുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ ഏതെങ്കിലും ഒരു സപ്ലിമെന്റ് തിരഞ്ഞെടുക്കുന്നതിന് മുൻപ് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഹൈ-പ്രോട്ടീൻ ഡയറ്റും സപ്ലിമെന്റുകളും നമ്മുടെ കരളിനെ എങ്ങനെ ബാധിക്കുന്നു എന്നറിയാം.

ഫാറ്റി ലിവർ വരുന്നതിന്റെ കാരണം

അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, അമിതമായി കലോറി അടങ്ങിയ ഭക്ഷണം കഴിക്കുക, വ്യായാമമില്ലായ്മ എന്നിവയാണ് ഫാറ്റി ലിവർ വരുന്നതിന്റെ പ്രധാന കാരണം.

നമുക്ക് എത്രത്തോളം പ്രോട്ടീൻ ആവശ്യമുണ്ട്?

ശരീരത്തിലെ പേശികളുടെ ആരോഗ്യത്തിനും മെറ്റബോളിസത്തിനും പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും ഇത് അമിതമായി കഴിക്കുന്നത് കൊണ്ട് കരളിന് പ്രത്യേകം ആരോഗ്യമൊന്നും ലഭിക്കില്ല. പ്രോട്ടീൻ സപ്ലിമെന്റുകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കരളിന് അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കാം. ഒന്നിലധികം സപ്ലിമെന്റുകൾ ഒരുമിച്ച് കഴിക്കുമ്പോഴോ വണ്ണം കുറയ്ക്കാനുള്ള മരുന്നുകളോടൊപ്പം കഴിക്കുമ്പോഴോ കരളിന് കേടുപാടുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രോട്ടീൻ ആവശ്യമാണോ?

ഭൂരിഭാഗം ആളുകൾക്കും പ്രകൃതിദത്തമായ ആഹാരസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ തന്നെ ധാരാളമാണ്. നമ്മുടെ മൊത്തത്തിലുള്ള ജീവിതശൈലിയാണ് കരളിന്റെ ആരോഗ്യം നിർണ്ണയിക്കുന്നത്. ഫാറ്റി ലിവർ രോഗം തടയുന്നതിനും മാറ്റിയെടുക്കുന്നതിനും എപ്പോഴും പ്രധാനം ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതുമാണ്.

അടിപൊളി ഓഫർ, വർക്കല കെഎഫ്സിയിൽ വിളമ്പാൻ വച്ചത് വൃത്തിഹീനമായ ഇറച്ചി, കോഴിയുടെ മാംസം നിലത്ത് വച്ച നിലയിൽ

തിരുവനന്തപുരം: ലോകമെമ്പാടും ജനപ്രിയമായ പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിയിലും പഴകിയ ചിക്കൻ വിൽപന. കെഎഫ്സിയുടെ വർക്കല ഔട്ട്‌ലെറ്റിൽ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻ പിടിച്ചെടുത്തു. രണ്ട് കിലോ വീതമുള്ള 90 പാക്കറ്റുകളിലാണ് പഴകിയ മാംസം പിടികൂടിയതെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Also Read: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15ന്, 17 വരെ പ്രവേശനം നേടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യവിഭാഗം പാചകപ്പുരക്കകത്ത് പരിശോധന നടത്തിയപ്പോൾ വൃത്തിഹീനമായ സ്ഥലത്ത് കോഴിയുടെ മാംസം നിലത്ത് രക്തത്തോട് കൂടി കിടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഫ്രീസറിൽ സൂക്ഷിച്ച് വയ്ക്കേണ്ടവയാണ് നിലത്ത് വൃത്തിഹീനമായി സൂക്ഷിച്ചിരുന്നത്. ഇന്ന് പ്രത്യേക ഓഫറുകളടക്കം പ്രഖ്യാപിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് പരിശോധന.

പ്രധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ വർക്കലയിൽ തിരക്കേറിയ ഔട്ട്ലറ്റിലാണ് പഴകിയ ചിക്കൻ പിടികൂടിയത്. പിടിച്ചെടുത്ത കോഴി മാംസങ്ങൾ നഗരസഭ ഉദ്യോഗസ്ഥർ നശിപ്പിച്ചെന്നും സ്ഥാപനത്തിന് നോട്ടീസ് നൽകിയെന്നും നഗരസഭ അധികൃതർ അറിയിച്ചു. വർക്കല ബീച്ചി റോഡിന് അടുത്തുള്ള ഔട്ട്ലെറ്റിൽ നിന്ന് പിടികൂടിയ ഇറച്ച് നഗരസഭാ അധികൃതർ നശിപ്പിച്ചു.

റീൽസ് ചിത്രികരിക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച അരവിന്ദിന് നാടിൻ്റെ അന്ത്യാഞ്ജലി

കരുനാഗപ്പള്ളി:റീൽസ് ചിത്രികരിക്കുന്നതിനിടെ അമിത വേഗതയിൽ പാഞ്ഞ ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ച നഴ്‌സിങ് വിദ്യാർത്ഥിയായ അരവിന്ദിന് നാടിൻ്റെ അന്ത്യാഞ്ജലി.കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് തിരുവാതിരയില്‍ അരവിന്ദിൻ്റെ (18) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെയാണ് വീട്ടിലെത്തിച്ചത്.
മാതാപിതാക്കളെയും ഏക സഹോദരനെയും സമാധാനിപ്പിക്കാൻ ബന്ധുക്കളും പരിസരവാസികളും ഏറെ പ്രയാസപ്പെട്ടു.നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിയാളുകൾ അന്ത്യാജ്ഞലി അർപ്പിച്ചു.തുടർന്ന് 2 മണിയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌ക്കരിച്ചു. എന്തിനു മക്കളേ ഈ മരണക്കളികളെന്ന ചോദ്യമാണ് ബന്ധുക്കളും അറിയുന്നവരും സമൂഹമാധ്യമത്തില്‍ ദു:ഖം പങ്കിടുന്നവരും ചോദിക്കുന്നത്. ദുരിതം വിതയ്ക്കുന്ന ഇത്തരം ബൈക്കുകള്‍ നിരോധിക്കണമെന്നുവരെ അഭിപ്രായപ്പെടുന്നവരുണ്ട്.

ബാംഗ്ലൂരിൽ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിയായ അരവിന്ദ് ഉൾപ്പെടെ 6 യുവാക്കളാണ് റീൽസ് ചിത്രീകരണത്തിനായി 3 ബൈക്കുകളിൽ പുറപ്പെട്ടത്.മുൻപേ പോയ ബൈക്കിലെ യുവാക്കൾ പിറകിലെത്തിയ ബൈക്കുകളുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.മൂന്ന് ബൈക്കുകളും അമിത വേഗതയിലായിരുന്നു. ഇതിനിടയിൽ രണ്ട് ബൈക്കുകളുടെ ഹാൻഡിൽ തമ്മിൽ കുരുങ്ങുകയും നിയന്ത്രണം വിട്ട് ഒരു ബൈക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും മറ്റൊരു ബൈക്ക് ടൈൽ ഷോറുമിലേക്കും ഇടിച്ചു കയറുകയുമായിരുന്നു. ബൈക്കുകള്‍ അമിതവേഗത്തില്‍ പായിച്ച് റീല്‍സ് ചിത്രീകരിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.

പോരുവഴി ഇടയ്ക്കാട് കെ.ആർ ഭവനത്തിൽ ആദർശ് (18),തഴവ കൃഷ്ണ ഭവനത്തിൽ ദേവ് കൃഷ്‌ണ (18), ജയകൃഷ്ണൻ (18),കാർത്തിക്ക് (18) എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകിട്ട് 5 കഴിഞ്ഞ് പുതിയകാവ്-ചക്കുവള്ളി റൂട്ടിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം പതാരം റോഡിനു സമീപത്തായിരുന്നു അപകടം.

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15ന്, 17 വരെ പ്രവേശനം നേടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധമായിരിക്കും ഫലം പ്രസിദ്ധികരിക്കുക. ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുമണി വരെ നടക്കും.

അലോട്ട്‌മെന്റ് വിവരങ്ങൾ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ ‘https://www.hscap.kerala.gov.in’ ൽ പ്രവേശിച്ച് ‘Candidate Login-SWS’ എന്നതിലൂടെ ലോഗിൻ ചെയ്ത് ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ ‘First Allot Results’ എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ ‘First Allot Results’ എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം മെയ് 25ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെൻറ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.

ആദ്യ അലോട്ട്‌മെന്റ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ അടയ്ക്കാം.
മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
ആദ്യ അലോട്ട്‌മെൻ്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കുക.
വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോസ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് എത്തിച്ചേരണം.

ഇതുവരെ അപേക്ഷിക്കാത്തവർ ശ്രദ്ധിക്കുക

പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്‌മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.

മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. എസ്.എസ്.എൽ.സി പുനഃപരിശോധനാ റിസൾട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്‌മെന്റ് റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗല്ല സ്ഥിരീകരിച്ചു, ഇന്ന് മാത്രം സംസ്ഥാനത്ത് 18 പുതിയ കേസുകൾ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

മലപ്പുറം: സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറത്ത് കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കീഴാറ്റൂർ സ്വദേശി സരോജിനി (59) ക്കാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ മരണം.

Also Read: കാമുകനൊപ്പമുള്ള ജീവിതത്തിന് തടസം ഇരുണ്ട നിറമുള്ള മകൾ, പിറന്നാൾ ദിനത്തിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി, ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് കൂട്ടുനിന്ന് അമ്മ

വയറിളക്കം കടുത്തതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണശേഷമുള്ള വിശദമായ പരിശോധനാ ഫലത്തിലാണ് ഇവർക്ക് ഷിഗല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് മാത്രം പുതുതായി 18 പേർക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറത്ത് മരിച്ച സരോജിനിയുടെ കേസ് ഉൾപ്പെടെയാണ് ഇന്നത്തെ ഔദ്യോഗിക രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. തോന്നക്കൽ, പുത്തൻതോപ്പ് ,ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു. വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാനത്തും മലപ്പുറത്തും കൂടി ഷി​ഗല്ല രോ​ഗബാധ റിപ്പോർട്ട് ചെയ്തതോടെ ആശങ്കയും കനക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നതിനും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ

കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.ആഹാരത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക. പുറത്തുനിന്നുള്ള തുറന്നുവെച്ച ഭക്ഷണങ്ങളും പഴകിയ ജ്യൂസുകളും പൂർണ്ണമായും ഒഴിവാക്കുക. വിട്ടുമാറാത്ത പനി, വയറുവേദന, രക്തം കലർന്ന വയറിളക്കം എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.