Home News Kerala ബലാത്സംഗ കേസ് ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

ബലാത്സംഗ കേസ് ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രതിശ്രുതവരനെതിരായ ബലാത്സംഗ കേസ് ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹനിശ്ചയത്തിനുശേഷം വരന്‍ ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ തള്ളിയത്.
പ്രണയിതാക്കളായിരുന്ന എംബിബിഎസ് ബിരുദധാരികളാണ് കേസിലെ വാദിയും പ്രതിയും. കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് യുവതി നല്‍കിയ സത്യവാങ്ങ്മൂലത്തോടൊപ്പം യുവാവ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്നുവെന്ന പരാതിക്കാരിയുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തതെന്നും അവിവാഹിതയായ യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത് ഹീനമായ കുറ്റകൃത്യമാണന്നും കേസ് റദ്ദാക്കാനുള്ള വിവേചനാധികാരം വിനിയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സമാനരീതിയില്‍ ഇരുവരും കോടതിയെ സമീപിച്ചെങ്കിലും പിന്നിട് യുവതി ഹര്‍ജി പിന്‍വലിച്ചിരുന്നു. ഇതില്‍നിന്ന് അവര്‍ക്ക് വ്യക്തമായ നിലപാട് ഇല്ലെന്നുകാണാമെന്നും കോടതി പറഞ്ഞു. വിവാഹനിശ്ചയത്തിനുശേഷം തന്റെ വീട്ടിലെത്തിയ പ്രതി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ബലാല്‍സംഗം ചെയ്തെന്നുമാണ് കേസ്. പിന്നീട് പ്രതി വിവാഹത്തിന് തയ്യാറായില്ലെന്നും കൂട്ടുകാര്‍ക്കു മുന്നില്‍ അധിക്ഷേപിച്ചെന്നും പറയുന്നു. ഇത്തരത്തില്‍ ഗുരുതരമായ കുറ്റകൃത്യത്തെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യതര്‍ക്കമായി മാത്രം കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി സീന ഹാജരായി.