Home Blog Page 599

രാജ്യത്ത് ഇങ്ങനെ ഒരു പരീക്ഷ ആദ്യം,നീറ്റ് നീറ്റാക്കാന്‍ വ്യോമസേന അടക്കം രംഗത്ത്

ai image

ന്യൂഡല്‍ഹി. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് വീണ്ടും നടത്താനിരിക്കുന്ന നീറ്റ് യുജി  പരീക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ചോദ്യപേപ്പറുകളും പരീക്ഷയ്ക്ക് ശേഷമുള്ള ഒഎംആര്‍ ഉത്തരക്കടലാസുകളും സുരക്ഷിതമായി എത്തിക്കാന്‍ സിആര്‍പിഎഫ്, സിഐഎസ്എഫ് സേനകളെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. മേയ് 3ന് നടന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ മാസം 21നാണ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂണ്‍ 7ലെ ഉത്തരവ് പ്രകാരം, അഹമ്മദാബാദിലെയും ഹൈദരാബാദിലെയും പ്രധാന ഹബ്ബുകളില്‍ നിന്ന് ചോദ്യപേപ്പറുകള്‍ പുറപ്പെടുന്ന നിമിഷം മുതല്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നതുവരെ രണ്ട് തലങ്ങളിലുള്ള സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങള്‍, ഹെലിപാഡുകള്‍, ഗതാഗത ശൃംഖലയിലെ നിര്‍ണായക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെയും കേന്ദ്ര സായുധസേനാ ഉദ്യോഗസ്ഥര്‍ സുരക്ഷാ ചുമതല വഹിക്കും.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്. ചോദ്യപേപ്പറുകള്‍ നിശ്ചിത ബാങ്ക് ശാഖകളിലെത്തിക്കുന്നതും പിന്നീട് പരീക്ഷ കഴിഞ്ഞ് ഒഎംആര്‍ ഷീറ്റുകള്‍ തിരിച്ചുകൊണ്ടുപോകുന്നതും ഉള്‍പ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും കേന്ദ്ര സേനയുടെ സാന്നിധ്യം ഉറപ്പാക്കും. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമസേനയെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്.

വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ എത്തിക്കുക. ഈ യാത്രകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകും. ആദ്യഘട്ട വിതരണത്തിനായി ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, ഗുവാഹത്തി ഉള്‍പ്പെടെ 15 പ്രധാന നഗരങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 85 നഗരങ്ങളിലേക്കും ചോദ്യപ്പേപ്പര്‍ എത്തിക്കും. കൂടാതെ 34 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഹെലികോപ്റ്റര്‍ വഴി ചോദ്യപേപ്പറുകള്‍ എത്തിക്കും.

വ്യോമസേനയുടെ നിര്‍ദേശപ്രകാരം ഡ്യൂട്ടിയിലുള്ള സായുധ സേന ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് സര്‍വീസ് ആയുധങ്ങള്‍ ഹാജരാക്കണം. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം നടപടിക്രമങ്ങള്‍ പാലിച്ച് അവ തിരികെ കൈമാറും. വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനായി സിആര്‍പിഎഫ്, സിഐഎസ്എഫ് ആസ്ഥാനങ്ങളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വലിയ നീക്കമായാണ് പുതിയ സംവിധാനം വിലയിരുത്തപ്പെടുന്നത്.

കാമുകനൊപ്പമുള്ള ജീവിതത്തിന് തടസം ഇരുണ്ട നിറമുള്ള മകൾ, പിറന്നാൾ ദിനത്തിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി, ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് കൂട്ടുനിന്ന് അമ്മ

ബെംഗളൂരു: ബെംഗളൂരുവിൽ ആറുവയസ്സുകാരിയായ പെൺകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ കുട്ടിയുടെ അമ്മയും അഭിഭാഷകയുമായ പ്രിയങ്ക പിയും കാമുകൻ മോഹൻ എം ജിയ്ക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറുവയസുകാരിയായ വെണ്ണില മാർച്ച് മാസം 24നാണ് മരിച്ചത്. വെണ്ണിലയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബിരിയാണിയും ഐസ്ക്രീമും കഴിച്ച് ഉറങ്ങാൻ കിടന്ന ആറുവയസുകാരി പിന്നീട് ഉണർന്നില്ല.

Also Read: പീഡനദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് സീല്‍ ചെയ്തു ഹൈക്കോടതിക്ക് കൈമാറാന്‍ നിര്‍ദ്ദേശം

രാവിലെ മകൾ ഉണരാത്തത് കണ്ട് നോക്കിയപ്പോഴാണ് മകളെ അനക്കമറ്റ നിലയിൽ കണ്ട് പ്രിയങ്ക ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയെന്ന സംശയത്തിൽ അസ്വഭാവിക മരണത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ പ്രിയങ്കയുടെ മൊഴിക്ക് വിരുദ്ധമായതോടെയാണ് പ്രിയങ്കയുടെ ആദ്യ ഭർത്താവും കുട്ടിയുടെ അച്ഛനും ദുരൂഹതയാരോപിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പൊലീസ് നടത്തിയത്.

കുട്ടിയുടെ മരണത്തിന് മൂന്ന് മാസം മുൻപ് തന്നെ അമ്മയും കാമുകനും ചേർന്ന് ഒരു പുതിയ കുടുംബം ആരംഭിക്കുന്നതിനായി ഐ.വി.എഫ് ചികിത്സയ്ക്കായി ആശുപത്രി സന്ദർശിച്ചിരുന്നതായും അവിടെ പ്രിയങ്കയുടെ അണ്ഡത്തിന്റെ സാമ്പിൾ ശേഖരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പുതിയ കുടുംബം കെട്ടിപ്പടുക്കാനുള്ള പദ്ധതിയാണോ കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന കാര്യമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. കുട്ടിയുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രിയങ്കയെ ഏഴു ദിവസത്തെ തിരച്ചിലിനൊടുവിൽ ബെംഗളൂരുവിൽ നിന്നും ഏകദേശം 220 കിലോമീറ്റർ അകലെയുള്ള ഹാസൻ ജില്ലയിലെ സകലേശ്പൂരിലെ ഒരു ഫാം ഹൗസിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് അവർ രണ്ടുതവണ താമസം മാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രിയങ്കയുമായി അകന്നു കഴിയുകയായിരുന്ന ഭർത്താവ് പ്രവീൺ ജൂൺ 4ന് നൽകിയ പരാതിയെ തുടർന്നാണ് ഈ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പരാതി ലഭിച്ചയുടൻ തന്നെ കാമുകനായ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലിൽ, കാറിനുള്ളിൽ വെച്ച് കുട്ടിയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് മോഹൻ മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചർമ്മത്തിന്റെ നിറത്തിൽ പ്രിയങ്കയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നും കുഞ്ഞിനോടുള്ള ഈ വെറുപ്പും കൊലപാതകത്തിന് ഒരു കാരണമായിട്ടുണ്ടാകാമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. കേസിന്റെ പ്രാരംഭ ഘട്ടത്തിൽ അന്വേഷണത്തിൽ ചില വീഴ്ചകൾ സംഭവിച്ചതായി ബെംഗളൂരു പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഈ വീഴ്ചകൾക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റുകയും, മറ്റൊരു ഡിവിഷനിൽ നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസിന്റെ പുതിയ ചുമതല കൈമാറുകയും ചെയ്തിട്ടുണ്ട്.

2007 ഫെബ്രുവരി 22നായിരുന്നു പ്രിയങ്ക പ്രവീൺ ബാസപ്പയെ വിവാഹം ചെയ്തത്.17 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2025ൽ ഒരു കേസ് സംബന്ധിയായാണ് പ്രിയങ്ക കോളേജിലെ സഹപാഠിയായ മോഹനുമായി വീണ്ടും കാണുന്നത്. 1000 കോടിയിലേറെ മൂല്യമുള്ള ബിസിനസ് സംരംഭങ്ങളുടെ ഉടമയായ മോഹനുമായുള്ള പ്രിയങ്കയുടെ ചങ്ങാത്തം വളരെ പെട്ടന്ന് പ്രണയത്തിൽ എത്തുകയായിരുന്നു. പ്രവീണുമായി പിരിഞ്ഞ് പ്രിയങ്ക മകളുമൊന്നിച്ച് മോഹനൊപ്പം താമസവും ആരംഭിച്ചു. ജനുവരി മാസത്തിലാണ് പ്രവീണുമായുള്ള വിവാഹം വേർപെടുത്താൻ പ്രിയങ്ക മുൻകൈ എടുത്തത്. പെൺമക്കളെ കാണിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയിലാണ് വിവാഹ മോചനത്തിന് വഴങ്ങിയതെന്നാണ് പ്രവീൺ മാധ്യമങ്ങളോട് വിശദമാക്കിയത്. പിരിഞ്ഞതിന് ശേഷം മൂത്ത മകൾ പ്രവീണിന് ഒപ്പവും ഇളയ മകൾ വെണ്ണില പ്രിയങ്കയ്ക്ക് ഒപ്പവും ആയിരുന്നു താമസിച്ചത്. വെണ്ണിലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അസ്വഭാവികത പ്രവീണിന്റെ സഹോദരിയാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പ്രവീൺ പരാതി നൽകിയത്.

മെറ്റ പണി മുടക്കി….ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം

ന്യൂയോര്‍ക്ക്: മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി ഏഴരയോടു കൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. എന്താണ് ഇത്തരമൊരു തടസത്തിന് കാരണമെന്ന് മെറ്റയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല. ഉടന്‍ തന്നെ അവരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കള്‍.

അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു, ആംബുലന്‍സ് പോകാനാവാതെ വെന്റിലേറ്ററിലായിരുന്ന ആദിവാസി യുവാവ് മരിച്ചു

പാലക്കാട്. അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാതെ വെന്റിലേറ്ററിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി വെള്ളമാരി ഉന്നതി സ്വദേശിയായ സജീവ് കുമാർ (25) ആണ് മരണപ്പെട്ടത്.

കടുത്ത പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ദാരുണ സംഭവം.

അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടിക്ക് സമീപം വലിയ മരം വീണ് റോഡ് പൂർണ്ണമായി തടസ്സപ്പെടുകയായിരുന്നു. ഇതോടെ രോഗിയുമായി പോയ ആംബുലൻസ് ഏകദേശം ഒരു മണിക്കൂറോളം ചുരത്തിൽ കുടുങ്ങിക്കിടന്നു. ഇതുമൂലം യുവാവിന് അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. പിന്നീട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി യാത്ര പുനരാരംഭിച്ചുവെങ്കിലും സജീവിന്റെ ജീവൻ രക്ഷിക്കാനായില്ല.

നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥി സൗഹൃദ മാറ്റങ്ങള്‍,പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഈ മാറ്റങ്ങളും

ന്യൂഡല്‍ഹി: ജൂണ്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥി സൗഹൃദ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിക്കുകയും ചോദ്യപ്പേപ്പര്‍ ബുക്ക്‌ലെറ്റില്‍ റഫ് പേജുകളുടെ എണ്ണം കൂട്ടുകയും ചെയ്തതുള്‍പ്പെടെയാണ് പുതിയ മാറ്റങ്ങള്‍. വിദ്യാര്‍ഥികളുടെ സൗകര്യം മാനിച്ചാണ് പരിഷ്‌കാരങ്ങളെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ എന്‍ടിഎ വ്യക്തമാക്കി.

നേരത്തെ ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ 5 വരെയായിരുന്നു പരീക്ഷാസമയം. പുതിയ പരിഷ്‌കരണമനുസരിച്ച് 5.15 വരെയായി ഇത് ദീര്‍ഘിപ്പിച്ചു. അതായത് 180 മിനിറ്റുണ്ടായിരുന്ന പരീക്ഷ ഇനി 195 മിനിറ്റാകും. 15 മിനിറ്റ് അധികം ലഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ഉത്തരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പരീക്ഷയ്ക്ക് മുമ്പുള്ള അറ്റന്‍ഡന്‍സ് മാര്‍ക്കിങ്, ഇന്‍വിജിലേഷന്‍ നടപടികള്‍ എന്നിവയുള്‍പ്പെടെ ഈ സമയത്തില്‍ വരും. 15 മിനിറ്റ് അധികം ലഭിക്കുന്നതോടെ പരീക്ഷക്കിടയില്‍ ഒപ്പിടുന്നതുള്‍പ്പെടെ മറ്റ് നടപടികള്‍ ഒഴിവായിക്കിട്ടും.

ചോദ്യപ്പേപ്പര്‍ ബുക്ക്‌ലെറ്റില്‍ റഫ് വര്‍ക്കിനായി ഇനി മുതല്‍ നാല് പേജുകളുണ്ടാകും. ഇതുവരെ ഇത് രണ്ടായിരുന്നു. കണക്കുകൂട്ടലുകള്‍ നടത്താനും ഡയഗ്രങ്ങള്‍ വരച്ചുനോക്കാനും ഉള്‍പ്പെടെ ഇത് ഉപയോഗപ്പെടുത്താം. രണ്ട് റഫ് പേജുകള്‍ മുമ്പത്തേതു പോലെ ബുക്ക്‌ലെറ്റിന്റെ പിന്നിലും രണ്ടെണ്ണം നിര്‍ദേശങ്ങളെഴുതിയ പേജിന് തൊട്ടരികിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുള്ള ചോദ്യപ്പേപ്പറിലും ഇത് ലഭ്യമായിരിക്കും. ഇടതു കൈക്ക് സ്വാധീനം കൂടുതലുള്ള കുട്ടികളെ കൂടി പരിഗണിച്ചാണ് ഇരുവശത്തായി റഫ് പേജുകള്‍ നല്‍കിയതെന്ന് എന്‍ടിഎ വ്യക്തമാക്കി.

ചെറിയ മാറ്റങ്ങള്‍ പോലും നീറ്റ് പോലുള്ള പരീക്ഷകളില്‍ വിദ്യാര്‍ഥികളുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന് എന്‍ടിഎ പറയുന്നു. പരീക്ഷ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃതമാക്കാനാണ് ഏജന്‍സി ലക്ഷ്യമിടുന്നത്. അതേസമയം പരീക്ഷാ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല. പരീക്ഷക്കെത്തുന്നവര്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കണമെന്നും എന്‍ടിഎ ആവശ്യപ്പെടുന്നു.

മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ പുനഃപരീക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. അന്വേഷണത്തിന് പിന്നാലെ എന്‍ടിഎ പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഐസിസി വനിതാ ടി-20 ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടില്‍ കൊടിയേറ്റം

ഐസിസി വനിതാ ടി-20 ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടില്‍ കൊടിയേറ്റം. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ കിരീടത്തിനായി 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മലയാളി ക്രിക്കറ്റ് ആരാധകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കായികപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ജൂണ്‍ 14-ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനാണ്. 2025-ല്‍ തങ്ങളുടെ കന്നി ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഹര്‍മന്‍പ്രീത് കൗറും സംഘവും കരിയറിലെ ആദ്യ ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ പാകിസ്താനെതിരെ തങ്ങളുടെ ലോകകപ്പ് കാമ്പെയ്ന്‍ ആരംഭിക്കുന്നത്. 2020-ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല.
ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, പാകിസ്താന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം കന്നി ലോകകപ്പിനെത്തുന്ന നെതര്‍ലാന്‍ഡ്സും അണിനിരക്കുന്നുണ്ട്. പാകിസ്താനെതിരായ ആദ്യ മത്സരത്തിന് ശേഷം ജൂണ്‍ 17-ന് നെതര്‍ലാന്‍ഡ്സിനെയും, 21-ന് ദക്ഷിണാഫ്രിക്കയെയും, 25-ന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും. ജൂണ്‍ 28-ന് ശക്തരായ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആറ് ലോകകിരീടങ്ങള്‍ സ്വന്തമാക്കിയ ഓസ്ട്രേലിയ തന്നെയാണ് ഇത്തവണയും ടൂര്‍ണമെന്റിലെ കരുത്തര്‍.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും. ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.00 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടോസ് രാത്രി 10.30-ന് നടക്കും. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇംഗ്ലണ്ടിനുണ്ടെങ്കിലും ക്യാപ്റ്റന്‍ ചമരി അത്തപ്പത്തുവിന്റെ നേതൃത്വത്തില്‍ മികച്ച ഫോമിലുള്ള ശ്രീലങ്ക കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒടുവില്‍ കളിച്ച ടി20 മത്സരത്തില്‍ ഇന്ത്യയെ 5 റണ്‍സിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ ക്ലീന്‍ സ്വീപ്പ് വിജയം നേടിയാണ് ശ്രീലങ്കയുടെ വരവ്. ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ 14 മത്സരങ്ങളില്‍ 12 എണ്ണത്തിലും ഇംഗ്ലണ്ടാണ് വിജയിച്ചത്. ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഡിജിറ്റല്‍ സ്ട്രീമിങ് ജിയോഹോട്ട്സ്റ്റാര്‍ പ്ലാറ്റ്ഫോമിലും ലഭ്യമായിരിക്കും.

നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുപി നോയിഡ സ്വദേശി സൗരവ് (24) ആണ് അറസ്റ്റിലായത്.ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തര്‍ പ്രദേശ് സ്വദേശികള്‍ ആയ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി,പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവന്‍ ജോര്‍ജ് ആണ് ലോണ്‍ ആപ്പ് കേസ് അന്വേഷിക്കുന്നത്.ലോണ്‍ ആപ്പ് ടെലികോളറാണ് അറസ്റ്റിലായ പ്രതി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ മൂന്നു പേര്‍ അറസ്റ്റില്‍ ആയിരുന്നു.
നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയില്‍ ഡോ. റാം മുന്‍കൂര്‍ വാദിച്ചത്.

ദേവസ്വം പ്ലീഡർ നിയമനം; ‘ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ’, രൂക്ഷ വിമർശനവുമായി വി.എൻ. വാസവൻ

തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനം വഴിവിട്ടതാണെന്നും, ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണ് ഇതിന് പിന്നിലെന്നും മുൻ മന്ത്രി വി.എൻ. വാസവൻ ആരോപിച്ചു. കെ.ബി. പ്രദീപിനെ നിയമിക്കുന്നതിനായി ഇല്ലാത്ത തസ്തിക മനഃപൂർവ്വം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമിക്കുകയാണെന്നും വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തുവരാതിരിക്കാനാണ് കെ.ബി. പ്രദീപിനെ നിയമിച്ചതെന്ന് വാസവൻ ആരോപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതുവരെ വ്യക്തമായ വിശദീകരണം നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീട്ടില്‍ ഉറങ്ങിക്കിടന്ന 16-കാരിയെ പീഡിപ്പിച്ചതില്‍ യുവതിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട് വീട്ടില്‍ ഉറങ്ങിക്കിടന്ന 16-കാരിയെ പീഡിപ്പിച്ചതില്‍ യുവതിക്കെതിരെ പോക്‌സോ കേസ്. തളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിനെതിരെയാണ് കേസ്. മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടക്കുന്നത്. കാസര്‍കോട് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു സ്‌നേഹ. മോശം അനുഭവം നേരിട്ടതിനെത്തുടര്‍ന്ന് പതിനാറുകാരി സുഹൃത്തുക്കളോടാണ് സംഭവം ആദ്യം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിക്കെതിരെ സമാനസ്വഭാവമുള്ള വേറേയും പീഡനക്കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും സ്‌നേഹ പ്രതിയാണ്.

ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലും വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍

ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലും വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ് നല്‍കും. എല്ലാവരും ടിക്കറ്റു വാങ്ങണം. സ്വകാര്യ ബസുകളെ നശിപ്പിക്കുക ലക്ഷ്യമല്ല .ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന തീരുമാനമായിരിക്കും ഇത്. എല്ലാ സ്ത്രീകള്‍ക്കു യാത്ര സൗജന്യമായിരിക്കും. പ്രത്യേകം കാര്‍ഡ് ആവശ്യമില്ല. 15ന് മുഖ്യമന്ത്രി തമ്പാനൂരില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകള്‍ ആയിരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ആദ്യ 100 ദിവസത്തിനു ശേഷം വിശദമായ പഠനം നടത്തി രണ്ടാംഘട്ടത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും നടപ്പാക്കിയേക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യയാത്ര അനുവദിക്കും.
ഓര്‍ഡിനറി ബസുകളില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പ്രതിവര്‍ഷം 712 കോടി രൂപയും എല്ലാ ബസുകളിലും നടപ്പാക്കുകയാണെങ്കില്‍ 1300 കോടി രൂപയും ബാധ്യതയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു. പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ 125 കോടി രൂപ പ്രതിമാസം കെഎസ്ആര്‍ടിസിക്കു നല്‍കുന്നുണ്ട്. സൗജന്യയാത്ര പദ്ധതിക്കു വേണ്ട സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും. എപിഎല്‍, ബിപിഎല്‍ വേര്‍തിരിവില്ലാതെ എല്ലാ വനിതകള്‍ക്കും പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.