Home News Breaking News ഐസിസി വനിതാ ടി-20 ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടില്‍ കൊടിയേറ്റം

ഐസിസി വനിതാ ടി-20 ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടില്‍ കൊടിയേറ്റം

ഐസിസി വനിതാ ടി-20 ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടില്‍ കൊടിയേറ്റം. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ കിരീടത്തിനായി 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മലയാളി ക്രിക്കറ്റ് ആരാധകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കായികപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ജൂണ്‍ 14-ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനാണ്. 2025-ല്‍ തങ്ങളുടെ കന്നി ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഹര്‍മന്‍പ്രീത് കൗറും സംഘവും കരിയറിലെ ആദ്യ ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ പാകിസ്താനെതിരെ തങ്ങളുടെ ലോകകപ്പ് കാമ്പെയ്ന്‍ ആരംഭിക്കുന്നത്. 2020-ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല.
ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, പാകിസ്താന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം കന്നി ലോകകപ്പിനെത്തുന്ന നെതര്‍ലാന്‍ഡ്സും അണിനിരക്കുന്നുണ്ട്. പാകിസ്താനെതിരായ ആദ്യ മത്സരത്തിന് ശേഷം ജൂണ്‍ 17-ന് നെതര്‍ലാന്‍ഡ്സിനെയും, 21-ന് ദക്ഷിണാഫ്രിക്കയെയും, 25-ന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും. ജൂണ്‍ 28-ന് ശക്തരായ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആറ് ലോകകിരീടങ്ങള്‍ സ്വന്തമാക്കിയ ഓസ്ട്രേലിയ തന്നെയാണ് ഇത്തവണയും ടൂര്‍ണമെന്റിലെ കരുത്തര്‍.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും. ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.00 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടോസ് രാത്രി 10.30-ന് നടക്കും. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇംഗ്ലണ്ടിനുണ്ടെങ്കിലും ക്യാപ്റ്റന്‍ ചമരി അത്തപ്പത്തുവിന്റെ നേതൃത്വത്തില്‍ മികച്ച ഫോമിലുള്ള ശ്രീലങ്ക കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒടുവില്‍ കളിച്ച ടി20 മത്സരത്തില്‍ ഇന്ത്യയെ 5 റണ്‍സിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ ക്ലീന്‍ സ്വീപ്പ് വിജയം നേടിയാണ് ശ്രീലങ്കയുടെ വരവ്. ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ 14 മത്സരങ്ങളില്‍ 12 എണ്ണത്തിലും ഇംഗ്ലണ്ടാണ് വിജയിച്ചത്. ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഡിജിറ്റല്‍ സ്ട്രീമിങ് ജിയോഹോട്ട്സ്റ്റാര്‍ പ്ലാറ്റ്ഫോമിലും ലഭ്യമായിരിക്കും.