കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന അതിജീവിതയുടെ ഹർജിയിൽ നിർണായക നടപടിയുമായി ഹൈക്കോടതി. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മെമ്മറി കാർഡ് – പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറണം. സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിചാരണ കോടതിക്കാണ് നിർദേശം നൽകിയത്. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയായിരുന്നു. ഹരജി പരിഗണിക്കാതെ രണ്ട് ജഡ്ജിമാർ പിന്മാറിയ സാഹചര്യത്തിൽ, ജസ്റ്റിസ് സി എസ് ഡയസിൻ്റെ ബെഞ്ചിലാണ് ഇന്ന് ഹരജി പരിഗണനയ്ക്ക് വന്നത്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിലും, നേരത്തെ അന്വേഷണം അട്ടിമറിച്ചത് സംബന്ധിച്ചും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പുനരന്വേഷണം വേണമെന്നാണ്, നടിയുടെ ആവശ്യം.
എന്നാൽ മുൻപ് പരാതി നൽകിയ ഘട്ടത്തിൽ ഹൈക്കോടതി രജിസ്ട്രാറായി ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, ഹരജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കപെട്ട സമയത്ത് ജില്ലാ ജഡ്ജിയായിരുന്ന ജസ്റ്റിസ് കൗസർ എടപ്പഗത്തും കഴിഞ്ഞദിവസം ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഒഴിഞ്ഞിരുന്നു. തുടർന്നാണ്, ഹരജി മൂന്നാമതൊരു ബെഞ്ച് പരിഗണിക്കുന്നത്. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്നും കൈയില്‍വച്ചുവെന്നുമടക്കം ഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചത്. നേരത്തേ വിചാരണകോടതിയില്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ചുവെങ്കിലും പരിഗണിക്കാതെ വിട്ടുവെന്ന ആക്ഷേപവും അതി ജീവിത ഉന്നയിക്കുന്നു.

































