29.5 C
Kollam
Tuesday 8th September, 2026 | 12:37:03 PM
Home News Breaking News ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത: രാഷ്‌ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നിവേദനം...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത: രാഷ്‌ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നിവേദനം നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്തെത്തി. ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് രാഷ്‌ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നല്‍കിയ നിവേദനത്തില്‍ അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധനയില്‍ ഹണി എം വര്‍ഗീസ് ഭാഗമാണെന്ന് നിവേദനത്തില്‍ സൂചിപ്പിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത സമാന നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് നിവേദനത്തില്‍ അതിജീവിത പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതായും നടി നിവേദനത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത നിവേദനം നല്‍കിയത്.ഹണി എം വര്‍ഗീസുള്‍പ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാനായിരുന്നു ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ.

വനിത ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിന് പിന്നാലെ 2019ലാണ് അന്ന് സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. നീണ്ട വിചാരണയ്‌ക്ക് ശേഷം 2025 ഡിസംബര്‍ എട്ടിന് കേസില്‍ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെട്ട ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചപ്പോൾ എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ നാല് പേരെ വെറുതെ വിട്ടു.