Home News Local ഉഷ്ണ തരംഗ സാധ്യത: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ഉഷ്ണ തരംഗ സാധ്യത: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

Advertisement

കൊല്ലം: ജില്ലയിൽ കടുത്ത ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടർ എൻ.ദേവിദാസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഏപ്രിൽ  24 ന് അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, ഏപ്രിൽ 25, 26 തീയതികളിൽ 39  വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. 
ഉയർന്ന താപനില കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ  ഏപ്രിൽ 29 വരെ എല്ലാ സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്കും അവധിക്കാല ക്ലാസുകൾക്കും ക്യാമ്പുകൾക്കും നിരോധനം ഏർപ്പെടുത്തി. കുട്ടികൾ നേരിട്ട് പങ്കെടുക്കുന്ന ക്ലാസുകൾക്കാണ് ബാധകം. പകൽ സമയം പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പുവരുത്തണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർ, അതിഥി തൊഴിലാളികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവർക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും വേണം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണം. 
സൂര്യാഘാതം, ചൂട് മൂലമുള്ള  രോഗങ്ങൾ എന്നിവ നേരിടാൻ മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിരിക്കണം. ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങൾ അതത് ദിവസം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി പങ്കുവെക്കണം. പ്രധാന ട്രാഫിക് സിഗ്നലുകളിലും മാർക്കറ്റുകളിലും ഗ്രീൻ ഷെയ്ഡ് നെറ്റുകൾ സ്ഥാപിച്ച് തണലൊരുക്കാനും പൊതുസ്ഥലങ്ങളിൽ തണ്ണീർപ്പന്തലുകൾ വഴി ശുദ്ധജല വിതരണം ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഉൾനാടൻ, ആഴക്കടൽ മത്സ്യത്തൊഴിലാളികൾ പകൽ 11 മുതൽ 3 വരെയുള്ള സമയം നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം.
ഇതേസമയത്ത്  പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും പൂർണ്ണമായും പൊതുജനങ്ങളും ഒഴിവാക്കണം. തീപിടുത്ത സാധ്യത മുൻനിർത്തി അഗ്നിരക്ഷാ സേനയും വന്യമൃഗ ആക്രമണങ്ങൾ നേരിടാൻ വനം വകുപ്പും സദാ സജ്ജമായിരിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here