കൊച്ചി. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്‌ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ അതിജീവിത നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യൻ, ഹരജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ്, വിഷയം മറ്റൊരു ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിലാണ് ഇന്ന് ഹരജി പരിഗണനയ്ക്ക് വരുന്നത്.
ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്‍പ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിൻ്റെ ചുമതലയിലുണ്ടായിരുന്ന കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കുമോ എന്നതും ശ്രദ്ധേയമാണ്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ അട്ടിമറിയും എസ്‌ഐടി പരിശോധിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.. ഇതിനായി ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടണമെന്നും അതിജീവിത ആവശ്യപ്പെടുന്നു































