Home News Local റീൽസ് ചിത്രികരിക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച അരവിന്ദിന് നാടിൻ്റെ അന്ത്യാഞ്ജലി

റീൽസ് ചിത്രികരിക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച അരവിന്ദിന് നാടിൻ്റെ അന്ത്യാഞ്ജലി

കരുനാഗപ്പള്ളി:റീൽസ് ചിത്രികരിക്കുന്നതിനിടെ അമിത വേഗതയിൽ പാഞ്ഞ ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ച നഴ്‌സിങ് വിദ്യാർത്ഥിയായ അരവിന്ദിന് നാടിൻ്റെ അന്ത്യാഞ്ജലി.കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് തിരുവാതിരയില്‍ അരവിന്ദിൻ്റെ (18) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെയാണ് വീട്ടിലെത്തിച്ചത്.
മാതാപിതാക്കളെയും ഏക സഹോദരനെയും സമാധാനിപ്പിക്കാൻ ബന്ധുക്കളും പരിസരവാസികളും ഏറെ പ്രയാസപ്പെട്ടു.നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിയാളുകൾ അന്ത്യാജ്ഞലി അർപ്പിച്ചു.തുടർന്ന് 2 മണിയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌ക്കരിച്ചു. എന്തിനു മക്കളേ ഈ മരണക്കളികളെന്ന ചോദ്യമാണ് ബന്ധുക്കളും അറിയുന്നവരും സമൂഹമാധ്യമത്തില്‍ ദു:ഖം പങ്കിടുന്നവരും ചോദിക്കുന്നത്. ദുരിതം വിതയ്ക്കുന്ന ഇത്തരം ബൈക്കുകള്‍ നിരോധിക്കണമെന്നുവരെ അഭിപ്രായപ്പെടുന്നവരുണ്ട്.

ബാംഗ്ലൂരിൽ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിയായ അരവിന്ദ് ഉൾപ്പെടെ 6 യുവാക്കളാണ് റീൽസ് ചിത്രീകരണത്തിനായി 3 ബൈക്കുകളിൽ പുറപ്പെട്ടത്.മുൻപേ പോയ ബൈക്കിലെ യുവാക്കൾ പിറകിലെത്തിയ ബൈക്കുകളുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.മൂന്ന് ബൈക്കുകളും അമിത വേഗതയിലായിരുന്നു. ഇതിനിടയിൽ രണ്ട് ബൈക്കുകളുടെ ഹാൻഡിൽ തമ്മിൽ കുരുങ്ങുകയും നിയന്ത്രണം വിട്ട് ഒരു ബൈക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും മറ്റൊരു ബൈക്ക് ടൈൽ ഷോറുമിലേക്കും ഇടിച്ചു കയറുകയുമായിരുന്നു. ബൈക്കുകള്‍ അമിതവേഗത്തില്‍ പായിച്ച് റീല്‍സ് ചിത്രീകരിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.

പോരുവഴി ഇടയ്ക്കാട് കെ.ആർ ഭവനത്തിൽ ആദർശ് (18),തഴവ കൃഷ്ണ ഭവനത്തിൽ ദേവ് കൃഷ്‌ണ (18), ജയകൃഷ്ണൻ (18),കാർത്തിക്ക് (18) എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകിട്ട് 5 കഴിഞ്ഞ് പുതിയകാവ്-ചക്കുവള്ളി റൂട്ടിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം പതാരം റോഡിനു സമീപത്തായിരുന്നു അപകടം.