പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബർ 23 | ബുധൻ | 1202 കന്നി 7 | തിരുവോണം
പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ നിർദേശം
സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി. പോലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കി. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർണായക നിർദേശം.
യുഎന്നിൽ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്; ക്യൂബയിൽ ഭരണമാറ്റം അനിവാര്യമെന്ന് പ്രഖ്യാപനം
യുഎന്നിൽ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വീഴുമെന്നും ക്യൂബയിലെ ഭരണമാറ്റം അനിവാര്യമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ പരിഹരിച്ചെന്നും, തന്റെ ഇടപെടൽ കാരണം 3 കോടി ആളുകളുടെ ജീവൻ രക്ഷിച്ചെന്ന് പാക് പ്രധാനമന്ത്രി നന്ദിക്കത്തിൽ അറിയിച്ചെന്നുമാണ് ട്രംപിന്റെ അവകാശവാദം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വൈകാരികമായ വിടവാങ്ങൽ പ്രസംഗത്തോടെയാണ് 81-ാമത് യുഎൻ ജനറൽ അസംബ്ലിക്ക് തുടക്കമായത്.
സംസ്ഥാനം ഭരിക്കുന്നത് മോദിയും ഇഡിയും സതീശനും ചേർന്ന സഖ്യമെന്ന് എം വി ഗോവിന്ദൻ
മോദിയും ഇഡിയും വി.ഡി. സതീശനും ചേർന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇ ഡി യുടെ രാഷ്ട്രീയ വേട്ടയ്ക്കാണ് യു ഡി എഫ് കുടപിടിക്കുന്നത്. കൊ ലി ബി സഖ്യകാലം മുതൽ പ്രകടമായ ബി ജെ പി – യു ഡി എഫ് കൂട്ടുകെട്ടാണ് സംസ്ഥാനത്തുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.
പിണറായി വിജയനെതിരായ ഇഡി അന്വേഷണത്തിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടെന്തെന്ന് എം എ ബേബി
ഇഡി ശുപാർശയനുസരിച്ച് പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാർ നടപടിയിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി പറഞ്ഞു.
ചിറയിൻകീഴിലെ കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്
ചിറയിൻകീഴിൽ കോൺഗ്രസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് താക്കീതു ചെയ്തു. പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യ ഹരിദാസിന് കെപിസിസി നിർദേശം നൽകി. മണ്ഡലം കമ്മിറ്റിയും എംഎൽഎയും യോജിച്ച് പ്രവർത്തിക്കണമെന്നും ഇനി ഒരു പ്രതികരണവും പാടില്ലെന്നും കേസുകൾ പിൻവലിക്കണമെന്നും കെപിസിസി നിർദേശിച്ചു.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു. നടൻ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങി. ഭ്രമയുഗത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്‌കാര ജേതാവാക്കിയത്. കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം മുതിർന്ന നടൻ അനന്ത് നാഗ് ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മിയാണ് ഏറ്റുവാങ്ങിയത്. പുരസ്‌കാരം വാങ്ങാനെത്തിയ വിജയലക്ഷ്മിയെ സദസ് എഴുന്നേറ്റ് നിന്ന് ആദരിച്ചു.
അമല നാഷണൽ ബുക്ക് ഫെസ്റ്റിവൽ നാളെ മുതൽ തൃശൂരിൽ
അമല നാഷണൽ ബുക്ക് ഫെസ്റ്റിവൽ (നാലാം എഡിഷൻ) നാളെ മുതൽ സെപ്റ്റംബർ 26 വരെ തൃശൂർ അമല മെഡിക്കൽ കോളേജ് കാമ്പസിൽ നടക്കും. പ്രവേശനം സൗജന്യമാണ്.
സെപ്റ്റംബർ 24: രാവിലെ 11 മണിക്ക് സംസ്ഥാന ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വെച്ച് മികച്ച സ്‌കൂൾ ലൈബ്രറിക്കും മികച്ച കൈയെഴുത്ത് മാഗസിനും അവാർഡ് നൽകും. കോളേജ് മാഗസിൻ-അവസാന പതിപ്പ്, ഡിജിറ്റൽ മാഗസിൻ 4.O ചടങ്ങിൽ പ്രകാശനം ചെയ്യും. ചടങ്ങിൽ ഇന്ത്യ ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയൻ വിശിഷ്ടാതിഥിയാകും. തുടർന്ന് നടി ശ്രുതി ജയന്റെ ആവിഷ്‌കാര പ്രകടനവും സംവേദനാത്മക സെഷനുമുണ്ടാകും.
സെപ്റ്റംബർ 25: രാവിലെ 10ന് വായനയും ആരോഗ്യവും വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനവും പ്രശസ്ത എഴുത്തുകാരൻ ഡോ. മനോജ് വെള്ളനാടും പങ്കെടുക്കുന്ന ടോക്ക് ഷോ. 11.15 ന് ദർശന ക്ലബ്ബിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പ്രത്യേക പ്രകടനം. 12.30 ന് വെള്ളിത്തിരയിലെ അപ്പോത്തിക്കരി എന്ന വിഷയത്തിൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ ജോസഫും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ കവിപ്രസാദ് ഗോപിനാഥും സംസാരിക്കുന്നു. ഉച്ചക്ക് 2.30 ന് മെന്റലിസ്റ്റ് മൃദുലിന്റെ ലൈവ് മെന്റലിസം ഷോ. 3.30 ന് പറയാൻ മറന്ന പാട്ടുകൾ എന്ന വിഷയത്തിൽ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്. വൈകീട്ട് 4.45 ന് നിഴൽ ബാൻഡിന്റെ തത്സമയ സംഗീത പ്രകടനം.
സെപ്തംബർ 26: രാവിലെ 10 ന് ജെൻസിയും എഴുത്തും എന്ന വിഷയത്തിൽ അവതാരകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ നിശാന്ത് എം.വിയും നടനും ഗ്രാഫിക് ഡിസൈനറുമായ അനീഷ് ഗോപാലും സഞ്ചാരിയും എഴുത്തുകാരനുമായ എഡ്വിൻ ഹിച്ച്ഹിക്കറുമായി ഒരു സംവേദനാത്മക സെഷൻ. രാവിലെ 11.45 ന് വന്ധ്യതയും സമൂഹവും എന്ന വിഷയത്തിൽ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി.മണികണ്ഠൻ സംസാരിക്കുന്നു. ഉച്ചക്ക് 1.45 ന് ഉട്ടോപ്യൻ അജിത്തിന്റെയും ദീപ്തിയുടെയും പ്രചോദനാത്മകമായ സെഷൻ. വൈകീട്ട് 3 ന് മാറുന്ന തലമുറയിലെ മായുന്ന വായന എന്ന വിഷയത്തിലുള്ള ചർച്ചയിൽ കമൽ, ബ്ലെസി, സുന്ദർ ദാസ്, ഹേമന്ത്കുമാർ എന്നിവർ പങ്കെടുക്കുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന് ഉടൻ വൈദ്യുതി ലഭിക്കില്ല
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന് ഉടൻ വൈദ്യുതി കിട്ടില്ല. കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഡൽഹി, യു.പി., ഒഡിഷ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയിൽ കാര്യമായ ഫലമുണ്ടായില്ല. ഉത്തരേന്ത്യൻ പര്യടനത്തിലുള്ള ഡയറക്ടർമാർ 25-ന് തിരിച്ചെത്തും. 26-ന് കേന്ദ്ര ഊർജ സെക്രട്ടറി പങ്കെടുക്കുന്ന അവലോകനയോഗം നടക്കും.
ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദം. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് രാത്രി വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിലൂടെ അതിതീവ്ര ന്യൂനമർദ്ദമായി കരതൊടും. കേരളത്തിൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത.
ടോമിൻ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിക്കുന്നതിൽ സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി
അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷ താൽകാലികമായി മരവിപ്പിക്കണമെന്ന മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ ആവശ്യത്തിൽ സർക്കാർ രണ്ടു ദിവസത്തിനകം മറുപടി സത്യവാങ്മൂലം നൽകണമെന്നു ഹൈക്കോടതി നിർദേശം.
തൃശൂർ പുതുക്കാട് പോലീസ് ജീപ്പിടിപ്പിച്ച സംഭവം: വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്റെ അമ്മ
തൃശൂർ പുതുക്കാട് പോലീസ് യുവാക്കളെ ജീപ്പിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പോലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്റെ അമ്മ പ്രസന്ന. ജീപ്പിടിച്ച പോലീസുകാർ അക്കാര്യം സംസാരിക്കുന്ന ഓഡിയോ സന്ദേശവും ഇവർ പുറത്തുവിട്ടു. സംഭവത്തിൽ നാലു പോലീസുകാരെ സസ്പെന്റ് ചെയ്തെങ്കിലും കേസെടുത്തിരുന്നില്ല. കഴിഞ്ഞ ജൂലൈ പത്തൊമ്പതിന് ലോകകപ്പ് ഫൈനൽ ദിനത്തിലാണ് മൂന്നു യുവാക്കളെ ജീപ്പിടിപ്പിച്ചത്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സർക്കാർ
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
വണ്ടർ വാട്ടർഫോൾസ് എക്സിബിഷൻ തൃശൂരിൽ ആരംഭിച്ചു
ജലവിസ്മയങ്ങളും കുടുംബ വിനോദങ്ങളും ഒരുമിക്കുന്ന മെഗാ എക്സിബിഷൻ – വണ്ടർ വാട്ടർഫോൾസ് എക്സിബിഷൻ തൃശ്ശൂർ ശക്തൻ തമ്പുരാൻ നഗറിൽ ആരംഭിച്ചു. കുടുംബാംഗങ്ങൾക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന വിനോദങ്ങളും ദൃശ്യവിസ്മയങ്ങളും ഉൾക്കൊള്ളുന്ന എക്സിബിഷൻ എല്ലാ ദിവസവും വൈകിട്ട് 3 മണി മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കും.
മന്ത്രി കെ എം ഷാജി റേഞ്ച് റോവർ ഉപയോഗിച്ചത് അനുമതിയില്ലാതെ എന്ന് റിപ്പോർട്ട്
പൊതുഭരണവകുപ്പിന്റെ അനുമതിയില്ലാതെയാണ് തദ്ദേശ മന്ത്രി കെ എം ഷാജി റേഞ്ച് റോവർ കാർ ഔദ്യോഗിക കാറായി ഉപയോഗിച്ചതെന്ന് റിപ്പോർട്ട്. സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കാൻ കെ എം ഷാജിക്ക് അനുമതി നൽകി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തലശ്ശേരി ലഹരി കേസ്: അറസ്റ്റിലായ വിദേശയുവതികൾ എംഡിഎംഎ നിർമാതാക്കളെന്ന് പോലീസ്
തലശ്ശേരിയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിന്റെ തുടർച്ചയായി പിടിയിലായ 2 വിദേശയുവതികൾ എംഡിഎംഎ നിർമാതാക്കളാണെന്നു പോലീസ്. ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്ത നൈജീരിയ സ്വദേശിനി ചിനെലോ ലിലിയൻ (36), കാമറൂൺ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ (30) എന്നിവരെ കണ്ണൂരിലെത്തിച്ചു.
ഓണം ബമ്പർ: 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; നറുക്കെടുപ്പ് സെപ്റ്റംബർ 26-ന്
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 30 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 26 നാണ് നടക്കുന്നത്. സർക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഇത്തവണത്തെ ഓണം ബമ്പറിലൂടെ ഉണ്ടായിരിക്കുന്നത്.
കാലാവർഷക്കെടുതിയിലും ഇഎസ്എ വിഷയത്തിലും സർക്കാരിനെതിരെ തലശ്ശേരി ആർച്ച് ബിഷപ്പ്
കാലാവർഷക്കെടുതി, ഇഎസ്എ വിഷയങ്ങളിൽ സർക്കാരിൽ നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിക്കാതെയാണ് മന്ത്രിമാർ വിദേശയാത്രകൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര മത്സ്യം സുരക്ഷിതമെന്ന് സിഎംഎഫ്ആർഐ
ബ്രസീലിലെ ചൂര മീനിൽ വിരകളെ കണ്ടെത്തിയെന്ന വാർത്തകൾക്കിടെ ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്ന് സിഎംഎഫ്ആർഐ വ്യക്തമാക്കി. ഇന്ത്യയിൽ പിടിക്കപ്പെടുന്ന മത്സ്യങ്ങളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന വിരകളുടെ ഭീഷണിയില്ല. ശരിയായ രീതിയിൽ വൃത്തിയാക്കി വേവിച്ച് ഇവ സുരക്ഷിതമായി കഴിക്കാമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
ഓച്ചിറ 28-ാം ഓണാഘോഷം: ഇന്ന് മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി
ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് ഇന്ന് പ്രാദേശിക അവധി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വെങ്ങാനൂരിൽ വാഹനാപകടം: റോഡിൽ ചിതറിവീണ ഒന്നര ലക്ഷം രൂപ ശേഖരിച്ച് നൽകി നാട്ടുകാർ
തിരുവനന്തപുരം വെങ്ങാനൂർ എസ് ബി ഐ ബാങ്കിന് മുന്നിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ സ്കൂട്ടർ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പണം റോഡിൽ ചിതറി വീണു. അപകടത്തിൽ റിട്ടയേർഡ് എ.എസ്.ഐ പ്രഭാകരൻ നായർ (72), വാഴിച്ചൽ സ്വദേശി ശരത്ത് (35) എന്നിവർക്കു പരിക്കേറ്റു. വ്യാപാരിയായ പ്രഭാകരൻ നായർ ബാങ്കിൽ അടയ്ക്കാനായി കൊണ്ടുപോയ ഒന്നര ലക്ഷത്തോളം രൂപയാണ് അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണത്. ഓടിക്കൂടിയ നാട്ടുകാർ പണം ശേഖരിച്ച് പോലീസിനെ ഏൽപ്പിച്ചു.
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു
വിനോദയാത്രക്കിടെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദയാത്രക്കെത്തിയവരെയാണ് ആന ആക്രമിച്ചത്.
2029-ഓടെ രാജ്യത്തെ മയക്കുമരുന്ന് ശൃംഖല പൂർണ്ണമായി തകർക്കുമെന്ന് അമിത് ഷാ
2029 ഡിസംബർ 31 നകം രാജ്യത്തെ മയക്കുമരുന്ന് വ്യാപാരം വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിൽ നിന്ന് മാറി, കടത്ത് ശൃംഖലകളെയാകെ തകർക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
വന്ദേമാതരം ആലാപനം: കർണാടക സർക്കാരിനെതിരെ ഗവർണറുടെ കത്ത്
വന്ദേമാതരം രണ്ടു ചരണം മാത്രം ആലപിക്കുന്നത് പാർലമെന്റ് പാസാക്കിയ നിയമലംഘനമാണെന്നു ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രിക്ക് ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് കത്തയച്ചു. സെപ്തംബർ എട്ടിനു സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
ആന്ധ്രപ്രദേശിൽ അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് സ്ത്രീ മരിച്ചു
ആന്ധ്രാപ്രദേശിൽ ഗണinitiഷോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് സ്ത്രീ മരിച്ചു. വിജയവാഡയിൽ സുജാത (46)യാണ് മരിച്ചത്.
ഡൽഹി കലാപക്കേസ്: ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം അനുവദിച്ചു
ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്ടോബർ 4 മുതൽ ഒക്ടോബർ 10 വരെ ഏഴ് ദിവസത്തേക്കാണു ജാമ്യം.
ബിഹാറിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമിച്ച കേസ്: പ്രധാന പ്രതി പിടിയിൽ
ബിഹാറിലെ ജാമുയി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ആൺകുട്ടിയെയും ആളുകൾ സംഘം ചേർന്ന് ആക്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പ്രധാനപ്രതിയായ നന്ദൻ യാദവ് കസ്റ്റഡിയിൽ. ഏറ്റുമുട്ടലിലൂടെ വെടിവച്ചു വീഴ്ത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്.
സദാചാര പോലീസിംഗിനെക്കുറിച്ചുള്ള ബിഹാർ മന്ത്രിയുടെ പരാമർശം വിവാദത്തിൽ
സദാചാര പോലീസിംഗ് കുറച്ചുകൂടി മര്യാദയോടും മാന്യമായും ചെയ്യാമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും മുൻ ഷൂട്ടിംഗ് താരവും ബിഹാർ മന്ത്രിയുമായ ശ്രേയസി സിംഗ്. തിങ്കളാഴ്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തിനേയും റോഡരികിൽ വച്ച് ഒരു സംഘം ആക്രമിച്ച വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വനിതാ മന്ത്രിയുടെ വിവാദ പരാമർശം.
ജപ്പാനിൽ ഡുജുആൻ ചുഴലിക്കാറ്റ്: വ്യാപക നാശനഷ്ടം, 6 മരണം
ജപ്പാനിൽ ഡുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് 6 പേർ കൊല്ലപ്പെട്ടു. 22 ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കി. ടോക്കിയോയിലും സമീപ സംസ്ഥാനങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. 50,000 വീടുകളിൽ വൈദ്യുതി മുടങ്ങി.
അമേരിക്ക സൈനിക വിന്യാസം കുറച്ചാൽ ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ
അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന് ഇറാൻ. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായി ജാപ്പനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മുറുകി. ആക്രമണമുണ്ടായാൽ എവിടെയും എത്തിച്ചേരാൻ ശേഷിയുള്ള മിസൈലുകൾ കൈവശമുണ്ടെന്ന മുന്നറിയിപ്പും ഇറാൻ നൽകി.
കൊച്ചിയിൽ ബ്രസീൽ-ഇന്ത്യ ലെജൻഡ്സ് പോരാട്ടം ഇന്ന്; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള ഫുട്ബോൾ മത്സരം നടക്കും. ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണവും വാഹന പാർക്കിംഗിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര: ഇരു ടീമുകളും ഇന്ന് തിരുവനന്തപുരത്തെത്തും
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ഒന്നാം ഏകദിനത്തിനായി ഇരു ടീമുകളും ഇന്നു തിരുവനന്തപുരത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും, വെസ്റ്റ് ഇൻഡീസ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഏഷ്യൻ ഗെയിംസ് ഹോക്കി: ശ്രീലങ്കയെ 16-1 ന് തകർത്ത് ഇന്ത്യ
ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഗോൾ മഴയുമായി ഇന്ത്യ. പൂൾ എ മത്സരത്തിൽ ഒന്നിനെതിരേ 16 ഗോളുകൾക്ക് ശ്രീലങ്കയെയയാണ് ഇന്ത്യ തകർത്തറിഞ്ഞത്. ജുഗ്രാജ് സിങ് നാല് ഗോൾ നേടിയപ്പോൾ അഭിഷേകും ദിൽപ്രീതും ഹാട്രിക് നേടി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
യുഎഇ ഡിജിറ്റൽ പേയ്മെന്റ് മേഖലയിലേക്ക് ഫോൺപേ കടക്കുന്നു
യുഎഇയിലെ ഡിജിറ്റൽ പേയ്മെന്റ് വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി വാൾമാർട്ടിന്റെ പിന്തുണയുള്ള ഇന്ത്യൻ ഫിൻടെക് കമ്പനിയായ ഫോൺപേ. രണ്ട് പേയ്മെന്റ് ലൈസൻസുകൾക്കായി യുഎഇ സെൻട്രൽ ബാങ്കിൽനിന്ന് കമ്പനിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റീറ്റെയിൽ പേയ്മെന്റ് സർവീസസ് ആൻഡ് കാർഡ് സ്‌കീംസ്, സ്റ്റോർഡ് വാല്യു ഫെസിലിറ്റീസ് എന്നീ ലൈസൻസുകൾക്കാണ് അനുമതി ലഭിച്ചത്. അന്തിമ അനുമതി ലഭിച്ചശേഷം യുഎഇയിലെ ബാങ്കുകൾ, ലൈസൻസുള്ള പേയ്മെന്റ് സേവനദാതാക്കൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കും.
വോയ്‌സ്, എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കാൻ ടെലികോം കമ്പനികൾക്ക് ട്രായിയുടെ നിർദേശം
വോയ്‌സ്, എസ്എംഎസ് സൗകര്യം മാത്രമുള്ള സ്‌പെഷ്യൽ താരിഫ് പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് ട്രായിയുടെ നിർദേശം. ഡാറ്റാ സേവനം ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കാനാണിത്. 30 ദിവസവും അതിൽ കുറവുമുള്ള വാലിഡിറ്റി കാലയളവുകളിലേക്ക് ഈ പ്ലാനുകൾ നിർബന്ധമാണ്. കൂടാതെ എല്ലാ മാസവും ഒരേ തീയതിയിൽ വൗച്ചർ പുതുക്കാനുള്ള ഓപ്ഷനും നൽകണം. 20 കോടിയിലധികം ഉപഭോക്താക്കൾക്ക് ഇത് പ്രയോജനം ചെയ്യും.
വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’: പ്രണയ ഗാനം പുറത്തിറങ്ങി
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ പ്രണയാർദ്ര ഗാനം ‘ഏന്തയ്യ സാമി…’ പുറത്തിറങ്ങി. വിജയദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-നാണ് ‘രണബാലി’യുടെ വേൾഡ് വൈഡ് റിലീസ്. ശ്വേത മോഹനും കാർത്തികും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘മഹാവീർ കർണ്ണ’യിൽ കർണ്ണനായി രാഘവ ലോറൻസ് എത്തുന്നു
രമേഷ് വർമ്മ ഒരുക്കുന്ന ‘മഹാവീർ കർണ്ണ’ യിൽ കർണ്ണൻ ആയി എത്തുന്നത് രാഘവ ലോറൻസ്. 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് നിർമ്മിക്കുന്നത്. ചിത്രം 2027-ൽ തിയേറ്ററുകളിലെത്തും.
റോയൽ എൻഫീൽഡ് ക്ലാസിക് 350 പുതിയ സിഗ്നേച്ചർ വൈറ്റ് എഡിഷൻ പുറത്തിറക്കി
പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350യുടെ പുതിയ സിഗ്നേച്ചർ വൈറ്റ് എഡിഷൻ പുറത്തിറക്കി. 2.24 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഫ്യുവൽ ടാങ്കും സൈഡ് പാനലുകളും വെള്ള നിറത്തിലും പ്രീമിയം ബ്രൗൺ ടൂറിങ് സീറ്റുകളും ഉൾപ്പെടുത്തിയാണ് പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുസ്തക പരിചയം: ‘സിനമൺ തെരുവ്’ – മൻസൂർ അഹമ്മദ്
കൂട്ടംകൂടിയുള്ള യാത്രകളിൽനിന്ന് ഏകാന്തപഥികനായുള്ള ഒരു ബാക്ക്പാക്ക് ട്രിപ്പിലേക്കുള്ള കൂടുമാറ്റത്തിന്റെ ഹൃദയസ്പർശിയായ രേഖപ്പെടുത്തൽ. മൊറോക്കോ, ബെർലിൻ, പാരീസ്, ഈജിപ്ത് എന്നിവിടങ്ങളിലൂടെയുള്ള യാത്ര വിവരിക്കുന്ന മൻസൂർ അഹമ്മദിന്റെ ‘സിനമൺ തെരുവ്’ മാതൃഭൂമി ബുക്സ് പുറത്തിറക്കി. വില: 178 രൂപ.
ചൂടു ചായയ്ക്കൊപ്പം സിഗരറ്റ് ഉപയോഗിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും
ചൂടു ചായയ്ക്കൊപ്പം സിഗരറ്റും ഉപയോഗിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരികയും സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ രോഗസാധ്യത ഏറുകയും ചെയ്യുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മർദവും കൂട്ടാനും പക്ഷാഘാതത്തിനും കാരണമാകും.
<





























