മണ്ണാർക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. അട്ടപ്പാടി താവളം കരിപ്പൻതറയിൽ ഭവാനിപ്പുഴയിൽ ആണ് സംഭവം. മണ്ണാർക്കാട് മായാടിക്കൽ സ്വദേശിയായ ബുഷ്റ (52) ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ സഞ്ചാരികൾക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ഭൂഷണെ ഉടൻ തന്നെ താവളത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി കൂടുതൽ ഗുരുതരമാവുകയും മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുടർന്നുള്ള നിയമനടപടികൾക്കായി മൃതദേഹം മണ്ണാർക്കാട്ടെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നാണ് വിവരം. മകനും മരുമകൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് ബുഷ്റ അട്ടപ്പാടിയിൽ എത്തിയത്.






























