28.7 C
Kollam
Tuesday 22nd September, 2026 | 10:39:59 AM
Home News Local പരിസ്ഥിതി അവബോധം കുട്ടികളിൽ നിന്ന് തുടങ്ങണം: മന്ത്രി ഷിബു ബേബി ജോൺ

പരിസ്ഥിതി അവബോധം കുട്ടികളിൽ നിന്ന് തുടങ്ങണം: മന്ത്രി ഷിബു ബേബി ജോൺ

ആറാം ക്ലാസുകാരി ആഹ്വാനം ചെയ്ത ഇക്കോസ്റ്റോൺ ചലഞ്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തി

പതാരം: വരുംതലമുറയെ ഭൂമിക്ക് ഉപകാരപ്രദമായ രീതിയിൽ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരിസ്ഥിതി സംരക്ഷണം യുവതലമുറ ഏറ്റെടുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പതാരം എൻ.എസ്.എൻ.എസ്.പി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും യുവ എഴുത്തുകാരിയുമായ ഭവികാലക്ഷ്മി (ഗൗരിക്കുട്ടി) സംസ്ഥാനത്തെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി ആഹ്വാനം ചെയ്ത ഇക്കോസ്റ്റോൺ ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമിയിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് കവറുകൾ ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജലാശയങ്ങളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കുകൾ മത്സ്യവിഭവങ്ങളിലൂടെ മനുഷ്യശരീരത്തിൽ എത്തിച്ചേരാനുള്ള സാധ്യതയും ഗൗരവമായി കാണേണ്ടതുണ്ട്.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ് ഭവികാലക്ഷ്മിയെ ഇത്തരമൊരു ചലഞ്ചിന് പ്രേരിപ്പിച്ചത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പ്ലാസ്റ്റിക് കുപ്പികളിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ച് സ്റ്റൂൾ നിർമ്മിച്ചതാണ് തുടക്കം. ഇത് തുടർന്നുള്ള ഭവികയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായി. അന്നുമുതൽ തന്റെ കൈയിൽ ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഭൂമിയിൽ നിക്ഷേപിച്ചിട്ടില്ലെന്ന് ഭവിക വേദിയിൽ സാക്ഷ്യപ്പെടുത്തി.
ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ രമേശ് അധ്യക്ഷത വഹിച്ചു. വേഗവരയിലൂടെ ലോക റെക്കോർഡ് നേടിയ അഡ്വ. ജിതേഷ് ജി മുഖ്യപ്രഭാഷണം നടത്തി. ഭവികാലക്ഷ്മി പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ ജി. നന്ദകുമാർ മുഖ്യാതിഥിയായി.
ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ.ജി. അജിത, പി.ടി.എ പ്രസിഡന്റ് അനുരാജ്, ശൂരനാട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രാജകുമാരിയമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജയകുമാർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here