Home Blog Page 510

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്,ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യോ അലർട്ടുണ്ട്. തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവയ്ക്ക് പുറമെ വയനാട്ടിലും ചൊവ്വാഴ്ച ഓറഞ്ച് അലർട്ടുണ്ട്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
  • നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
  • ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നുവെന്ന് ഉറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
  • ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • കേരളത്തിലെ എല്ലാ ജില്ലകളിലും 24X7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077,1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
  • ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2026 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2026/06/Orange-Book-of-Disaster-Management-2026_WithSECEdits-2026.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
  • കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

പത്രം |മലയാള ദിനപത്രങ്ങളിലൂടെ |2026 | ജൂണ്‍ 27, ശനി | മിഥുനം 13, അനിഴം

1. ഇറാൻ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

സമാധാന കരാര്‍ നിലനില്‍ക്കേ, ഇറാന്റെ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി യുഎസ്. ഹോര്‍മുസ് കടലിടുക്കില്‍ തായ്വാന്റെ കണ്ടെയ്നര്‍ കപ്പലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു തിരിച്ചടിയായാണ് അമേരിക്കയുടെ ആക്രമണം. ഇറാന്റെ റഡാര്‍ കേന്ദ്രങ്ങളടക്കം യുഎസ് സൈന്യം തകര്‍ത്തു. സംഘര്‍ഷം ഒഴിവാക്കാന്‍ ഇറാന്‍- അമേരിക്ക ആശയ വിനിമയത്തിനു ഹോട്ട് ലൈന്‍ സ്ഥാപിച്ചതിനു പിറകേയാണ് ഇറാന്‍ കപ്പല്‍ ആക്രമിച്ചതും അമേരിക്ക തിരിച്ചടിച്ചതും.

2. വെനസ്വേലയിൽ ഇരട്ട ഭൂകമ്പം: മരണം 583 ആയി

വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 583 ആയി. മൂവായിരത്തോളം പേര്‍ക്കു ഗുരുതര പരിക്കേറ്റിട്ടുണ്ട്. അമ്പതിനായിരത്തിലേറെ പേരെ കാണാനില്ലെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ മിക്കവരും മരിച്ചിട്ടുണ്ടാകുമെന്നാണു കരുതുന്നത്.

3. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂട്ടറുടെ ഒത്തുകളി മൂലമെന്ന് പോലീസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ്‌കുമാറിനു ജാമ്യം ലഭിച്ചതു പ്രോസിക്യൂട്ടറുടെ ഒത്തുകളിമൂലമെന്നു പോലീസ്. ജാമ്യത്തെ എതിര്‍ത്ത് 18 ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി പ്രതിയെ കസ്റ്റഡിയില്‍ വേണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചതാണ് ഹരീഷിന് ജാമ്യം ലഭിക്കാനിടയാക്കിയത്. രേഖകളുമായി ഹാജരാകാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദ്ദേശം നല്‍കി.

4. മാസപ്പടി കേസ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എൻഫോഴ്സ്മെന്റ് കോടതിയിലേക്ക്

വീണാ വിജയന്‍ പ്രതിയായ മാസപ്പടി കേസിലെ അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ജാമ്യം നല്‍കിയ കേസില്‍ കക്ഷി ചേരാന്‍ എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ഹര്‍ജി നല്‍കി.

5. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: വിയോജിപ്പ് പ്രകടിപ്പിച്ചെന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി എം. ലിജു

വീര്യം കുറഞ്ഞ മദ്യത്തിനു ബജറ്റില്‍ നികുതി നിര്‍ദേശിച്ചതിനു താന്‍ വിയോജിപ്പു പ്രകടിപ്പിച്ചെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം ശരിയല്ലെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. മുന്നണിയുടെ തീരുമാനമനുസരിച്ചേ മദ്യനയം നടപ്പാക്കൂ. ജവാന്‍ ഉല്‍പാദനം നിര്‍ത്തിയത് കുപ്പികളും സ്റ്റിക്കറും കാര്‍ട്ടണ്‍ ബോക്സുകളും ഇല്ലാത്തതിന്റെ പേരിലാണെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.

6. മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാന്‍ രേഖകളും സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂലൈ 17 വരെ അപേക്ഷിക്കാം.

7. കൊച്ചി എളംകുളം മെട്രോ സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

കൊച്ചി എളംകുളം മെട്രോ സ്റ്റേഷനിലെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 11:00 മണി മുതല്‍ രാവിലെ 6:00 മണി വരെയാണ് ഫാത്തിമ ചര്‍ച്ച് മുതല്‍ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്തു ഗതാഗതം നിയന്ത്രിക്കുക.

8. ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’: 14,722 കേസുകൾ രജിസ്റ്റർ ചെയ്തതായി എക്സൈസ് മന്ത്രി

സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ ‘ഓപ്പറേഷന്‍ തണ്ടര്‍’ പരിശോധനകളിലായി 14,722 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് മന്ത്രി എം. ലിജു.

9. അങ്കണവാടികളിലെ പോഷകാഹാര വിതരണം കടുത്ത പ്രതിസന്ധിയിലെന്ന് സിപിഎം

സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് പാല്‍, മുട്ട എന്നിവ അടക്കമുള്ള പോഷകാഹാര വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം. വിലക്കയറ്റം രൂക്ഷമായിട്ടും തുച്ഛമായ തുകയ്ക്ക് പാലും മുട്ടയും നല്‍ക്കാന്‍ വിതരണക്കാര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സിപിഎം കുറ്റപ്പെടുത്തി.

10. സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എട്ട് പേര്‍ക്കു കൂടി ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ 1 വീതം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം നിപയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട ഒരാളെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കി.

11. സ്ത്രീ സൗജന്യ യാത്രാ പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസുകൾ നഷ്ടത്തിൽ

യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ സ്ത്രീ സൗജന്യ യാത്രാ പദ്ധതിമൂലം വയനാട്ടിലും സ്വകാര്യ ബസുകള്‍ നഷ്ടത്തിലായി. ബസുടമകള്‍ സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുകയാണ്.

12. മൂലം വള്ളംകളിക്ക് അവധി നൽകില്ലെന്ന പരാമർശം: കുട്ടനാട്ടിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ കുട്ടനാട്ടില്‍ പ്രതിഷേധം. ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

13. സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം.

14. വിക്രം സാരാഭായ് സ്പേസ് സെന്ററിനും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിനും പുതിയ ഡയറക്ടർമാർ

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തിരുവനന്തപുരത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ ഇടവേളയ്ക്ക് ശേഷം സ്ഥിരം ഡയറക്ടര്‍മാരെ നിയമിച്ചു. ഐഎസ്ആര്‍ഒ മാതൃകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ഡോ. യു.പി.രാജീവാണ് പുതിയ മേതാവി. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററില്‍ എന്‍.ജയനാണ് ഡയറക്ടര്‍ സ്ഥാനം.

15. തീരമേഖലയിലെ ഖനന സ്വകാര്യവൽക്കരണം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഷോൺ ജോർജ്

കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവല്‍കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇത് ചോദ്യം ചെയ്തപ്പോള്‍ സ്വകാര്യവല്‍ക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശന്‍ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും തെലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനത്തിനുള്ള ധാരണയ്ക്കുശേഷമാണ് മുഖ്യമന്ത്രി സ്വകാര്യവല്‍ക്കരണം ഇല്ലെന്ന് പറയുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

16. ഇന്ത്യൻ നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് കൊച്ചിയിൽ പിടിയിൽ

ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വന്‍ ജോലി തട്ടിപ്പ് നടത്തിയ യുവാവ് കൊച്ചിയില്‍ പിടിയില്‍. പാലാരിവട്ടം സ്വദേശി വിമല്‍ എസ് നമ്പൂതിരിയാണ് അറസ്റ്റിലായത്. നേവി ഇന്റലിജന്‍സ് വിഭാഗവും കേരള പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്.

17. വിഴിഞ്ഞത്ത് കടലിൽ കാണാതായ ഹോമിയോ ഡോക്ടറെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല

വിഴിഞ്ഞത്ത് തിരയടിയില്‍പ്പെട്ട് കടലില്‍ കാണാതായ ഹോമിയോ ഡോക്ടറെ അഞ്ചു ദിവസമായിട്ടും കണ്ടെത്താനായില്ല. വയനാട് പയ്യംപള്ളി വള്ളിയൂര്‍ക്കാവ് ആറാട്ടുതറയില്‍ നന്ദനത്തില്‍ ശ്രീജിത്തി(29)നെയാണ് കാണാതായത്.

18. പണമിടപാട് സ്ഥാപനത്തിൽ മുളകുപൊടി വിതറി 28 ലക്ഷവും സ്വർണ്ണവും കവർന്ന മൂന്ന് പേർ പത്തു മിനിറ്റിനകം പിടിയിൽ

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കണ്ണില്‍ മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ മൂന്നുപേരെ പൊലീസ് പത്തുമിനിറ്റിനകം പിടികൂടി. മീനച്ചില്‍ കിടങ്ങൂര്‍ തട്ടേമാട്ടേല്‍ വീട്ടില്‍ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ് എല്‍ പുരം തിരുവാതിര വീട്ടില്‍ അരവിന്ദ് (27), കോട്ടയം കടപ്പൂര്‍ വട്ടുകുളം എര്‍ത്തയില്‍ വീട്ടില്‍ അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

19. ബംഗാളിൽ കാമുകിയെ വെട്ടിക്കൊന്ന് ഒളിവിൽ കഴിഞ്ഞ പ്രതി പെരുമ്പാവൂരിൽ പിടിയിൽ

ബംഗാളില്‍ കാമുകിയെ വെട്ടിക്കൊന്ന് പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നയാള്‍ പിടിയിലായി. വെസ്റ്റ് ബംഗാള്‍ കൃഷ്ണകുഞ്ചി സ്വദേശി ഫക്കീര്‍ മണ്ഡല്‍ (51)നെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. കൊല്‍ക്കത്ത ബാഗ്യുയാട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

20. ഓടുന്ന ട്രെയിനിന്റെ വാതിൽക്കൽ ഇരുന്ന് ഉറങ്ങുന്നതിനിടെ താഴെ വീണ് യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ വാതില്‍ക്കല്‍ ഇരുന്ന് ഉറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. വടകര അഴിയൂര്‍ സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്.

21. അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം ജീവനക്കാർ സിസിടിവി മറച്ചു തട്ടിയെടുത്തതായി പോലീസ്

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാര്‍ സിസിടിവി ക്യാമറകളുടെ കണ്ണുമറച്ചാണു കോടികള്‍ തട്ടിയെടുത്തതെന്ന് പോലീസ്. ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുക കുറഞ്ഞപ്പോഴാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്കു സംശയമുണ്ടായത്. ഇതോടെ പണം എണ്ണുന്നിടത്തു ക്യാമറകള്‍ സ്ഥാപിച്ചു. ഒരു കാണിക്ക വഞ്ചിയില്‍ ഏഴു ലക്ഷം രൂപവരെ ഉണ്ടാകാറുണ്ട്. എന്നാല്‍ ചില ആഴ്ചകളില്‍ 500 രൂപാനോട്ടുകളുടെ കെട്ടുകളില്‍ കുറവ് കണ്ടെത്തി. ഒരു ജീവനക്കാരന്‍ ക്യാമറയ്ക്കു മുന്നില്‍ നിന്ന് ക്യാമറ മറച്ചാണ് പണം അടിച്ചുമാറ്റിയത്. നോട്ടുകെട്ടുകളില്‍ അധിക നോട്ടുകള്‍ തിരുകിക്കയറ്റി. ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ എണ്ണാതെ കെട്ടുകള്‍ മാത്രം എണ്ണിയാണ് വൗച്ചര്‍ തയാറാക്കിയത്. ഈ പണം ബാങ്കിലേക്ക് എത്തിക്കുന്നതിനിടയില്‍ പ്രതികള്‍ നോട്ടുകള്‍ കൈക്കലാക്കുകയാണു ചെയ്തിരുന്നത്.

22. അയോധ്യ ക്ഷേത്രക്കൊള്ള കേസ്: ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജി വെച്ചു

അയോധ്യ ക്ഷേത്രക്കൊള്ള കേസില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചത് നിഷ്പക്ഷത ഉറപ്പാക്കാനാണെന്ന് ട്രസ്റ്റ് വൃത്തങ്ങള്‍. എഫ്ഐആറില്‍ പെടാത്ത ചമ്പത് റായ് മാറി നില്‍ക്കുന്നത് ധാര്‍മ്മികത കൊണ്ടാണെന്നും ട്രസ്റ്റ് വിശദീകരണം നല്‍കി.

23. ‘ഓപ്പറേഷൻ സിന്ദൂറിൽ’ ആറ് സൈനികർ വീരമൃത്യു വരിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരണം

ഒരു വര്‍ഷം മുമ്പ് നടന്ന ഓപറേഷന്‍ സിന്ദൂറില്‍ ആറു സൈനികര്‍ വീരമൃത്യു വരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ഇവരുടെ പട്ടിക ദേശീയ യുദ്ധ സ്മാരകത്തില്‍ രേഖപ്പെടുത്തി.

24. തമിഴ്‌നാട് മന്ത്രി ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന് ഉപയോഗ ആരോപണവുമായി ബിജെപി

തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന് ഉപയോഗ ആരോപണവുമായി ബിജെപി. ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ഇരുന്ന മന്ത്രി മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ വെള്ള നിറത്തിലുള്ള പൊടി നിരത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

25. ഡൽഹിയിൽ സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു

ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് മൂന്നു ശുചീകരണ തൊഴിലാളികള്‍ മരിച്ചു. മുണ്ട്കയിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.

26. ഐപിഎസ് ഉദ്യോഗസ്ഥൻ ആർഎസ്എസിനെ പ്രകീർത്തിച്ച് പ്രസംഗിച്ച സംഭവം വിവാദത്തിൽ; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വിശ്വാസ് നാംഗ്രേ പാട്ടീല്‍ ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് നടത്തിയ പ്രസംഗം വിവാദമായി. സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു.

27. ട്രിച്ചി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തള്ളാതെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

വിജയ് രാജിവച്ച ട്രിച്ചി സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യത തള്ളാതെ എം.കെ. സ്റ്റാലിന്‍. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റില്‍ സ്റ്റാലിന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതികരണം.

28. വടക്കുകിഴക്കൻ ഇന്ത്യയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസുകൾ

വടക്കുകിഴക്കന്‍ ഇന്ത്യയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ആസാമിലെ ഗോഹട്ടിയില്‍ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും ഓഗസ്റ്റ് മുതല്‍ നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും.

29. പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും

പശ്ചിമ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഗുജറാത്ത്, അസം, ഉത്തരാഖ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയില്‍ കൃത്യമായ നിയമനടപടികള്‍ പാലിച്ചായിരിക്കും സംസ്ഥാനത്ത് യുസിസി നടപ്പിലാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

30. മണിപ്പൂരിൽ വംശീയ കലാപം രൂക്ഷം: ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം തടസ്സപ്പെട്ടു

മണിപ്പൂരിലെ വംശീയ കലാപം മൂന്ന് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറിയതോടെ സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളുടേയും പെട്രോള്‍, പാചകവാതകം എന്നിവയുടെയും വിതരണം തടസ്സപ്പെട്ടു. സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് കുക്കി-സോ വിഭാഗത്തിന് ഭൂരിപക്ഷമുള്ള കാംഗ്പോക്പി ജില്ലയാണ് ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.

31. വിമാനം പറക്കുന്നതിനിടെ പൈലറ്റിന് അടിയന്തര ആരോഗ്യപ്രശ്നം; എയർ കാനഡ വിമാനം തിരിച്ചിറക്കി

വിമാനം പറക്കുന്നതിനിടെ ആകാശത്ത് മുഖ്യ പൈലറ്റിന് പെട്ടെന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂവാര്‍ക്കില്‍നിന്നു കാനഡയിലെ ഹാലിഫാക്സിലേക്ക് പോവുകയായിരുന്ന എയര്‍ കാനഡയുടെ എ.സി 7664 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനംനിയന്ത്രണം വിട്ടതോടെ പരിഭ്രാന്തരായ എയര്‍ഹോസ്റ്റസുമാര്‍ കോക്ക്പിറ്റിലേക്ക് ഓടിക്കയറി ബോധരഹിതനായ പൈലറ്റിനെ പുറത്തേക്ക് വലിച്ചുമാറ്റി.

32. അബുദാബി കാർപെറ്റ് സൂക്കിൽ തീപിടിത്തം

അബുദാബിയിലെ സായിദ് പോര്‍ട്ടിന് സമീപമുള്ള പ്രശസ്തമായ കാര്‍പെറ്റ് സൂക്കില്‍ തീപിടിത്തം. മണിക്കൂറുകളെടുത്താണ് അഗ്‌നിശമന സേന തീയണച്ചത്.

33. ഫിഫ ലോകകപ്പ്: ഒസ്മാൻ ഡെംബെലെയുടെ ഹാട്രിക്കിൽ നോർവെയെ തകർത്ത് ഫ്രാൻസ്

ഫിഫ ലോക കപ്പ് ഫുട്ബോളില്‍ ഒസ്മാന്‍ ഡെംബെലെയുടെ ഹാട്രിക്കുമായി ഫ്രഞ്ച് പട ഒന്നിനെതിരേ നാല് ഗോളുകള്‍ക്കു നോര്‍വേയെ തകര്‍ത്തു. ഡെംബേലെയ്ക്കു പുറമെ ഡിസൈര്‍ ഡൗ മറ്റൊരു ഗോള്‍ നേടി. നോര്‍വെയ്ക്ക് വേണ്ടി തെലോ ആസ്ഗാര്‍ഡാണ് ആശ്വാസഗോള്‍ നേടിയത്.

34. ലോകകപ്പ് ഫുട്ബോൾ: ഇറാഖിനെ അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

ലോകകപ്പ് ഗ്രൂപ്പ് ഐ അവസാന റൗണ്ട് പോരാട്ടത്തില്‍ ഇറാഖിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തുവിട്ട് സെനഗല്‍. പത്തു പേരായി ചുരുങ്ങിയ ഇറാഖിനെതിരെ ആഫ്രിക്കന്‍ കരുത്തരായ സെനഗല്‍ ഗോള്‍മഴ പെയ്യിക്കുകയായിരുന്നു. മൂന്നു മത്സരങ്ങളും തോറ്റ ഇറാഖ് ടൂര്‍ണമെന്റില്‍നിന്നു പുറത്തായി.

35. ജർമനിയെ തകർത്ത് ഇക്വഡോർ ലോകകപ്പ് നോക്കൗട്ടിൽ

മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ഇക്വഡോര്‍ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കോച്ച് സെബാസ്റ്റ്യന്‍ ബെക്കാസെസെ നടത്തിയ വൈകാരിക വിജയാഘോഷം വൈറലായി. 2006-ന് ശേഷം ആദ്യമായാണ് ഇക്വഡോര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

36. വിനീഷ്യസ് ജൂനിയറിന്റെ ഗോൾ അനുവദിക്കാത്തതിനെതിരെ ഫിഫയ്ക്ക് ബ്രസീലിന്റെ ഔദ്യോഗിക പരാതി

ഫിഫ ലോകകപ്പില്‍ സ്‌കോട്ട്ലന്‍ഡിനെതിരായ ഗ്രൂപ്പ് സി മത്സരത്തില്‍ വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ അനുവദിക്കാത്തതില്‍ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നല്‍കി ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. മത്സരത്തില്‍ മെക്‌സിക്കന്‍ റഫറി സീസര്‍ റാമോസിനെതിരേയാണു പരാതി. 21ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ സ്‌കോട്ട്ലന്‍ഡ് താരം ജാക്ക് ഹെന്‍ഡ്രിയില്‍ നിന്ന് പന്ത് തട്ടിയെടുത്ത ശേഷം ഗോളാക്കിയിരുന്നു. റഫറി ആദ്യം ഗോള്‍ അനുവദിച്ചെങ്കിലും, പിന്നീട് വാര്‍ പരിശോധനയിലൂടെ ഫൗളാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

37. ചരിത്ര വിജയം: ടി20 ലോകജേതാക്കളായ ഇന്ത്യയെ അട്ടിമറിച്ച് അയർലൻഡ്

ടി20 ലോകജേതാക്കളായ ഇന്ത്യയെ 34 റണ്‍സിന് അട്ടിമറിച്ച് ചരിത്രജയവുമായി അയര്‍ലന്‍ഡ്. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 148 റണ്‍സിന് ഓള്‍ഔട്ടായി.

38. പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത് ഇന്ത്യ

എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ നിലംപരിശാക്കിയത്. മത്സരത്തിന്റെ തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്. സുഖ്ജീത് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ജുഗ്രാജ് സിംഗ്, അഭിഷേക്, രാജ്കുമാര്‍ പാല്‍, ദിൽപ്രീത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.

39. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷൻ ഡിസംബറിൽ മാനന്തവാടിയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷന്‍ 2026 ഡിസംബര്‍ 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 11-ന് മാനന്തവാടി ദ്വാരക കാസാ മരിയയില്‍ വച്ച് ചേരും. സാഹിത്യോത്സവത്തോടനുബന്ധിച്ച് ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ഫെയര്‍, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷികവിപണി, പൈതൃകനടത്തം, ആര്‍ട് ബിനാലെ, കുട്ടികളുടെ വിനോദ-വിജ്ഞാനക്കളരി, മാസ്റ്റര്‍ ക്ലാസുകള്‍, കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിന്‍ പുരസ്‌കാരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കാരവന്‍ മാഗസിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരന്‍ വി.എച്ച്. നിഷാദ്, പ്രമുഖ പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓഫറില്‍ ഡെലിഗേറ്റ് പാസ്സ് 799 രൂപയും, പ്രതിദിന ടിക്കറ്റ് 50 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847199379, 9747786607 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

40. സർക്കാർ കടപ്പത്രങ്ങൾക്ക് നികുതിയിളവ്: വിദേശ നിക്ഷേപത്തിൽ വൻ വർധനവ്

സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതോടെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന. 39,640 കോടി രൂപയാണ് ജൂണില്‍ രാജ്യത്തെത്തിയ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം. നികുതിയിളവും നിക്ഷേപ സാധ്യത വിപുലമാക്കിയതുമാണ് കുതിപ്പിന് കാരണം. ബ്ലൂംബര്‍ഗിന്റെ ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. നിക്ഷേപത്തിലെ കുതിപ്പ് രൂപയുടെ മൂല്യം കൂട്ടാന്‍ സഹായകമായി. ജൂണില്‍ ഇതുവരെ 39,640 കോടി രൂപ (ഏകദേശം 4.2 ബില്യണ്‍ ഡോളര്‍) വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപമായി എത്തി. 2024 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 22,005 കോടി ആയിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന പ്രതിമാസ നിക്ഷേപം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം നിക്ഷേപം 3,546 കോടി മാത്രംയായിരുന്നു. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിച്ച നടപടികളാണ് മാറ്റത്തിന് പിന്നില്‍.

41. ഇന്ത്യയിൽ മാക്ബുക്ക്, ഐപാഡ് ഉത്പന്നങ്ങളുടെ വില വർധിപ്പിച്ച് ആപ്പിൾ

ഇന്ത്യയില്‍ മാക്ബുക്ക്, ഐപാഡ് ശ്രേണിയിലെ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ആപ്പിള്‍. ചില മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് വില വര്‍ധന. എം5 ചിപ്പുള്ള മാക്ബുക്ക് എയര്‍ ഇന്ത്യയില്‍ 1,19,900 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. ഇപ്പോള്‍ അതിന്റെ വില 1,49,900 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 15 ഇഞ്ച് മാക്ബുക്ക് എയര്‍ വേരിയന്റിന്റെ വില 1,44,900 രൂപയില്‍നിന്ന് ഇപ്പോള്‍ 1,79,900 രൂപയായി. എം5 ചിപ്പും 16 ജിബി റാം ഉള്ള ബേസ് 14 ഇഞ്ച് മാക്ബുക്ക് പ്രോ 1,69,900 രൂപക്കാണ ലോഞ്ച് ചെയ്തതെങ്കില്‍ ഇപ്പോള്‍ 2,39,900 രൂപക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാക്ബുക്ക് നിയോയുടെ വില 10,000 രൂപ വര്‍ധിച്ചു. മാക്ബുക്ക് പ്രോയുടെ (14 ഇഞ്ച്) എം5 മാക്‌സ് വേരിയന്റില്‍ വില 1 ലക്ഷം രൂപ വര്‍ധിച്ചു. എം4 പ്രോസസ്സറുള്ള 11 ഇഞ്ച് ഐപാഡ് എയറിന് ഇപ്പോള്‍ 89,900 രൂപയാണ് വില. എം5 ചിപ്പും ബേസ് 256 ജിബി സ്റ്റോറേജുമുള്ള ഐപാഡ് പ്രോയ്ക്ക് ഇപ്പോള്‍ 1,39,900 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം 99,990 രൂപക്കാണ് ഇത് അവതരിപ്പിച്ചത്.

42. സജീവ് പാഴൂർ ഒരുക്കുന്ന തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നിമിഷ സജയന്‍, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രമായ ‘എന്ന വിലൈ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. കലാമയ ഫിലിംസിന്റെ ബാനറില്‍ മലയാളിയായ ജിതേഷ് വി, അനുഗോപാല്‍ വേണുഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ സജീവ് പാഴൂര്‍ ആണ്. സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ഘടകങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രത്തില്‍ വൈ ജി മഹേന്ദ്രന്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി തുടങ്ങി നിരവധി പേര്‍ അണിനിരക്കുന്നു.

43. ലഹരി വിരുദ്ധ ചിത്രം ‘ഡെയ്ഞ്ചറസ് വൈബ്’ നിയമസഭയിൽ പ്രദർശിപ്പിക്കും

ലഹരി വിപത്തിനെതിരെ പൊതുജനതാല്‍പര്യാര്‍ഥം ഫൈസല്‍ ഹുസൈന്‍ കഥ എഴുതി സംവിധാനം ചെയ്ത ‘ഡെയ്ഞ്ചറസ് വൈബ്’ എന്ന സിനിമ നിയമസഭാ സാമാജികരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ 29 തിങ്കളാഴ്ച വൈകിട്ട് 6 മണിക്കാണ് നിയമസഭാ ഹാളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും സ്പീക്കറുമടങ്ങുന്ന 140 എംഎല്‍എമാരും പ്രദര്‍ശനം കാണാന്‍ എത്തും. അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രത്തിന്റെ പ്രമേയം ലഹരി മാഫിയയ്ക്കെതിരെ പൊലീസ് ഓഫീസര്‍ സഹദേവന്‍ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ്. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും ആഭ്യന്തരവകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന വ്യാപക പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

44. TVS എൻടോർക്ക് 125 Race Edition പുതിയ നിറങ്ങളിൽ വിപണിയിൽ

ടിവിഎസിന്റെ എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ എന്ന പേരിലുള്ള സ്‌കൂട്ടര്‍ ഡ്രിഫ്റ്റ് ബ്ലൂ, ഇന്‍ഫെര്‍നോ റെഡ്, റഷ് ഗ്രീന്‍ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളില്‍ വിപണിയിലെത്തി. 87,950 രൂപയാണ് വില. മുന്‍വശത്തെയും വശങ്ങളിലെയും പാനലുകളില്‍ നല്‍കിയിരിക്കുന്ന ബോള്‍ഡും എഡ്ജിയുമായ ഗ്രാഫിക്‌സ് കാരണം ഈ മൂന്ന് പുതിയ നിറങ്ങളും തികച്ചും ആകര്‍ഷകമായി കാണപ്പെടുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള അലോയ് വീലുകള്‍ ഇവയെ കൂടുതല്‍ മനോഹരമാക്കുന്നു. ഈ പുതിയ ഷേഡുകള്‍ അവതരിപ്പിക്കുന്നതിലൂടെ, ഉത്സവ സീസണിന് മുന്നോടിയായി തങ്ങളുടെ സ്‌കൂട്ടര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് കൂടുതല്‍ ആവേശം പകരാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. സ്‌കൂട്ടറിന് കരുത്തേകുന്നത് 9.3 ബിഎച്പി കരുത്തും 10.5 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 124.8 സിസി എന്‍ജിനാണ്. സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് മണിക്കൂറില്‍ ഏകദേശം 95 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

45. ചന്ദ്നി ജയരാജിന്റെ പുതിയ നോവൽ ‘കടൽ സാക്ഷി’ പുറത്തിറങ്ങി

ചില ആചാരങ്ങളില്‍ അങ്ങേ അറ്റത്തെ നിഷ്ഠ പാലിക്കുന്നവരാണ് കടലിന്റെ മക്കള്‍, പ്രത്യേകിച്ച് സ്ത്രീകള്‍. അവരുടെ നുഷ്ഠാനങ്ങളെപ്പറ്റിയും അനുഭവങ്ങളെപ്പറ്റിയുമൊക്കെ അതിമനോഹരമായ പ്രതിപാദനം ചാന്ദിനി നോവലില്‍ കടല്‍ സാക്ഷി എന്ന തലക്കെട്ടിലെ അര്‍ത്ഥവൈപുല്യവും ഭാവസൗന്ദര്യവും നോവല്‍ അവസാനിക്കുന്നതോടെ വായനക്കാരന്റെ ഹൃദയത്തിലും മനസ്സിലും മായാത്ത രേഖകള്‍ കോരിയിടുന്നു. ചെറുതെങ്കിലും, അതിമനോഹരമാണ് ഈ ആഖ്യായികയും അതിലെ പ്രതിപാദ്യവിഷയമായ കടലിന്റെ മക്കളുടെ ജീവിതവും. ഈ നോവലിലെ സന്ദേശങ്ങള്‍ക്ക് ഏഴാം കടലിനും അക്കരെയുള്ള രാജ്യങ്ങളിലും ശക്തമായ പ്രസക്തിയുണ്ട്. കടല്‍ സാക്ഷി ചാന്ദ്നി ജയരാജ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 142 രൂപ.

46. മികച്ച ഉറക്കവും ആരോഗ്യവും വീണ്ടെടുക്കാൻ ആയുർവേദ മാർഗ്ഗങ്ങൾ

നല്ല ഉറക്കം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഉറക്കം ശരിയായാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതു മുതല്‍ ശാരീരിക-മാനസിക ഉന്മേഷം വരെ മെച്ചപ്പെടാന്‍ സഹായിക്കും. ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒന്നാണ് ഉറക്കക്കുറവ്. പതിവായി ഉറക്കക്കുറവ് നേരിട്ടാല്‍ അത് ക്രമേണ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഉറക്കം ക്രമീകരിക്കാന്‍ ആയുര്‍വേദം പ്രകാരം ചില ടെക്നിക്കുകള്‍ നോക്കാം. രാത്രി ഭക്ഷണം അധികം വൈകാതെ, മിതമായ അളവില്‍, എരിവും പുളിയും ഉപ്പും കുറച്ച് ശീലിക്കാം. കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് മൊബൈല്‍, ടിവി എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന സീരിയല്‍, സിനിമ എന്നിവ കാണുന്നത് ഒഴിവാക്കുക. പകലുറക്കം ഒഴിവാക്കുക. വേനല്‍ക്കാലത്ത് ഉച്ചയ്ക്ക് അല്‍പം വിശ്രമം ആകാം. ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ രാത്രിയില്‍ ഒഴിവാക്കി ചൂടുപാല്‍ സേവിക്കാവുന്നതാണ്. തലയില്‍ എണ്ണ തേച്ച് കുളിക്കണം. മാനസിക സമ്മര്‍ദം ഉണ്ടാക്കുന്ന ചിന്തകള്‍ ഒഴിവാക്കി മനസ്സ് സ്വസ്ഥമാക്കി ഉറങ്ങാന്‍ കിടക്കുക കാല്‍പാദങ്ങളില്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഏതെങ്കിലും എണ്ണകള്‍ പുരട്ടിയോ അല്ലാതെയോ മസാജ് ചെയ്യുന്നത് ഉറക്കം ലഭിക്കാന്‍ നല്ലതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് തലയില്‍ തുങ്കദ്രുമാദി, ആറുകാലാദി എണ്ണകളും ദേഹത്ത് പിണ്ഡതൈലം, ലാക്ഷാദി പോലുള്ള എണ്ണകളും ഉപയോഗിക്കാം. ഓരോരുത്തരുടെയും ദേഹപ്രകൃതിക്ക് ഇണങ്ങുന്നതാണോയെന്നു ഡോക്ടറെ കണ്ട് ഉറപ്പു വരുത്തണം. വിഷ്ണുക്രാന്തി പാലില്‍ അരച്ച് കുടിക്കുന്നതും അശ്വഗന്ധ ചൂര്‍ണം അല്ലെങ്കില്‍ ശംഖുപുഷ്പ ചൂര്‍ണം പാലില്‍ കലക്കി രാത്രി കിടക്കുന്നതിനു മുന്‍പായി സേവിക്കാവുന്നതാണ്. ഇതും ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കുക.

ആദ്യ ട്വന്റി 20: അയർലന്റിന് മുന്നിൽ അടിതെറ്റി ഇന്ത്യ

നായകനായുള്ള ശ്രേയസ് അയ്യരുടെ അരങ്ങേറ്റത്തില്‍ ഇന്ത്യയെ അട്ടിമറിച്ച് ഐറിഷ് പട. ഒന്നാം ട്വന്റി 20യില്‍ 34 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിനുള്ള ഇന്ത്യയുടെ മറുപടി 18.5 ഓവറില്‍ 148 റണ്‍സിന് അവസാനിച്ചു. ഇതാദ്യമായിട്ടാണ് അയര്‍ലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി 50 (20) നേടി മികച്ച തുടക്കം നല്‍കി. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുകളും താരം അടിച്ചു. എന്നാല്‍ സഹ ഓപ്പണര്‍ സഞ്ജു സാംസണ്‍ 5(4), ഇഷാന്‍ കിഷന്‍ 1(5), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 3(7) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നീട് വന്ന തിലക് വര്‍മ്മ 19(21), വാഷിംഗ്ടണ്‍ സുന്ദര്‍ 9(12) എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി.

ഇരുവരും പുറത്താകുമ്പോള്‍ 12 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴാമനായി ശിവം ദൂബെ 25(14) മടങ്ങിയതോടെ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായി. 16 ഓവറില്‍ ഏഴിന് 135 എന്ന നിലയിലായിരുന്നു ഈ സമയത്ത് ഇന്ത്യ. തൊട്ടടുത്ത ഓവറില്‍ അക്‌സര്‍ പട്ടേല്‍ 15(16) വീണതോടെ ഇന്ത്യ മത്സരത്തില്‍ തോല്‍വി ഉറപ്പിക്കുകയും ചെയ്തു. ഹര്‍ഷിത് റാണ 8(9), അര്‍ഷ്ദീപ് 2(4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ലോക്രാന്‍ ടക്കര്‍ 50(36), ഗാരേത് ഡിലാനി 49(32) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.

ഹോർമുസ് കടലിടുക്കിന് സമീപം തായ്‌വാൻ കപ്പലിന് നേരെ ആക്രമണം…പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക

ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിന് തൊട്ടുമുമ്പ് തായ്‌വാന്റെ എണ്ണക്കപ്പലിന് നേരെ അജ്ഞാത വസ്തു വന്നിടിച്ചതായി റിപ്പോർട്ട്. രാജ്യാന്തര തലത്തിൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള കടൽപ്പാതയിലൂടെ കടന്നുപോകുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. അപകടത്തിൽ കപ്പലിന് നേരിയ കേടുപാടുകൾ സംഭവിച്ചതായും എന്നാൽ ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.


യുഎസ് വിദേശകാര്യ മന്ത്രാലയവും ഇറാന്റെ പ്രതിനിധികളും തമ്മിലുള്ള നിർണായക ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് എന്നത് പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക വർധിപ്പിക്കുന്നു.


ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കപ്പലിൽ വന്നിടിച്ചത് ഡ്രോൺ ആണോ അതോ മിസൈൽ ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് അന്താരാഷ്ട്ര സമുദ്ര സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. തായ്‌വാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ട് പോവുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.


അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയാകുന്നത് ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നതിനും ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നതിനും കാരണമായേക്കും. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയവും ഒമാൻ കോസ്റ്റ് ഗാർഡും അറിയിച്ചു.

കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികന്‍ മരിച്ചു

കൊട്ടാരക്കര മുട്ടമ്പലം ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ ബൈക്ക് ഇടിച്ചു കയറിയ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷേക്ക് മുഹമ്മദ് (57) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടുകൂടി എംസി റോഡ് മുട്ടമ്പലം ജംഗ്ഷനില്‍ ആയിരുന്നു അപകടം നടന്നത്. കൊല്ലത്ത് നിന്നും കൊട്ടാരക്കര വഴി പമ്പയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സില്‍ തട്ടിയായിരുന്നു അപകടം. ഉടന്‍തന്നെ കൊട്ടാരക്കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏനാത്ത് പൊലീസ് അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ പ്രധാനിയെ സാഹസികമായി പിടികൂടി

അടൂര്‍.പത്തനംതിട്ടയിൽ അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ പ്രധാനിയെ പിടികൂടി.
തമിഴ്നാട് തേനി സ്വദേശി ചന്ദ്രൻ ജയരാജാണ് പിടിയിലായത്. കമ്പത്തെ ഒളിത്താവളത്തിൽ നിന്നാണ് ഏനാത്ത് പോലീസ് പ്രതിയെ പിടിക്കൂടിയത്. ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി നടന്ന മോഷണത്തിൽ പ്രതിയാണ് ചന്ദ്രൻ ജയരാജ്.

കേരളത്തിൽ മോഷണം നടത്തി തമിഴ്നാട്ടിലേക്ക് മുങ്ങുന്ന അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.
കമ്പത്തെ ഒളിസങ്കേതത്തിൽ നിന്ന് അതിസഹാസികമായാണ് ചന്ദ്രൻ ജയരാജ്‌ എന്ന് 55 കാരനെ ഏനാത്ത് പോലീസ് പിടികൂടിയത്.
മെയ് 31ന് രാത്രി വയലാ ഏറത്തെ വീട്ടിൽ നിന്ന്
15 ഗ്രാം സ്വർണ്ണവും 60,000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജൂൺ ആറാം തീയതി നെടുമണ്ണിൽ വീട്ടിൽ സംഘം മറ്റൊരു മോഷണത്തിനായി എത്തിയത്. വീട്ടിൽ നിന്ന് ഒന്നും ലഭിക്കാതെ വന്നതോടെ സംഘം അരിശം തീർത്തത് മുറ്റത്തു നിർത്തിയിട്ട് കാറിലാണ്.
കാർ അടിച്ചു തകർത്ത സംഘം വീട്ടിൽ സിസിടിവി ക്യാമറയും നശിപ്പിച്ചു.

വിവിധ തലങ്ങളിലൂടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ സംഘത്തിലുള്ള രണ്ട് പേരെ നേരെത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഘത്തിൽ പ്രധാനിയാണ് ഇപ്പോൾ അറസ്റ്റിലായ ചന്ദ്രൻ ജയരാജ്. അറസ്റ്റിലായി
ചന്ദ്രൻ ജയരാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

കൊല്ലത്ത് കടലില്‍ കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം: കടലില്‍ കട്ടമരം മറിഞ്ഞ് പരവൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. പരവൂര്‍ ഖദീജ മന്‍സിലില്‍ നൗഷാദ് ജമാലുദ്ദീന്‍ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ കൊല്ലം ബീച്ചില്‍ നിന്ന് കട്ടമരത്തില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു നൗഷാദ്. രാവിലെ ഏഴോടെ ഇരവിപുരം ഭാഗത്ത് ഇദ്ദേഹത്തിന്റെ കട്ടമരവും വലയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരയ്ക്കടിഞ്ഞു. കട്ടമരം മാത്രമായി കരയ്ക്കടിഞ്ഞതോടെ അപകടം മനസ്സിലാക്കിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നീണ്ടകര കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ ബോട്ടില്‍ കടലില്‍ വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു.
രാവിലെ പത്തോടെ കാക്കത്തോപ്പ് പള്ളിക്ക് തെക്കുഭാഗം കടലില്‍ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. ഉടന്‍തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീണ്ടകര കോസ്റ്റല്‍ ഐഎസ്എച്ച്ഒ ഡി. ഗോപിയുടെ നേതൃത്വത്തില്‍ എസ്‌ഐ ജോസ്, സിപിഒ സുകേഷ്, ബോട്ട് സ്റ്റാഫ് രാജന്‍പിള്ള, ലൈഫ് ഗാര്‍ഡ് രാജു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീണ്ടകര കോസ്റ്റല്‍ പോലീസ് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഗവൺമെന്റിനെ നന്നാക്കാൻ വേണ്ടിയാണ് സുധീരൻ ഉപദേശിക്കുന്നത്,ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരുപാട് ഉപദേശം കിട്ടിയിട്ടുണ്ട്, കെ ബാബു

കൊച്ചി.വി എം സുധീരനെതിരെ കെ ബാബു. മദ്യനയം ആവിഷ്കരിക്കാൻ UDF ന് വലിയ പ്രയാസമാണ്.വാളെടുത്തവർ എല്ലാം വെളിച്ചപ്പാടാണ്.UDFൽ എല്ലാവർക്കും നയമുണ്ട്. ഞാൻ കുറെ അനുഭവിച്ചതാണ്

അവർ തന്നെയാണ് ഇപ്പോഴും രംഗത്ത് വന്നത്. അവർ സർക്കാറിനെ സഹായിക്കാൻ രംഗത്തുണ്ടാകും. ഗവൺമെന്റിനെ നന്നാക്കാൻ വേണ്ടിയാണ് സുധീരൻ ഉപദേശിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരുപാട് ഉപദേശം കിട്ടിയിട്ടുണ്ട്

UDF മദ്യനയം ആവിഷ്കരിച്ചിട്ടില്ല. നികുതി കുറയ്ക്കുകയാണ് ചെയ്തത്. തുടക്കം കുറിച്ചത് എൽഡിഎഫ് സർക്കാര്‍ എന്നും ബാബു.

തുമ്പ രാജീവ് ഗാന്ധി നഗറിൽ നിന്നും കഞ്ചാവ് ചെടി പിടികൂടി

തിരുവനന്തപുരം.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിൽ തുമ്പ രാജീവ് ഗാന്ധി നഗറിൽ നിന്നും കഞ്ചാവ് ചെടി പിടികൂടി. ആളില്ലാത്ത വീടിൻറെ പുരയിടത്തുനിന്നാണ് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രണ്ടുമാസം മുമ്പ് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിച്ചിരുന്നു

സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യപുരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസ് ഓഫ് സംഘമാണ് കഞ്ചാവ് ചെടി പിടികൂടിയത്. ഏകദേശം ഒന്നര മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ കഴക്കൂട്ടം പോലീസിന് കൈമാറി. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു

ശാസ്‌താംകോട്ട പഞ്ചായത്തിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് റിമാൻഡിൽ

ശാസ്താംകോട്ട (കൊല്ലം):ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത കേസ്സിൽ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിനെ കോടതി റിമാൻഡ് ചെയ്തു.

പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റൻ്റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ കൊല്ലം കുന്നത്തൂർ കൊല്ലാറ എബിൻ ഭവനത്തിൽ എബിൻ.കെ.ഷിബു (32) വിനെയാണ് റിമാൻഡ് ചെയ്തത്.വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്ത ദിവസം തന്നെ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

തട്ടിപ്പിൽ ജനപ്രതികൾക്കോ,മറ്റ് ജീവനക്കാർക്കോ പങ്കുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കും.പഞ്ചായത്ത് പ്രസിഡൻ്റ്,സെക്രട്ടറി എന്നിവരുടെ ഫോൺ നമ്പരാണ് ട്രാൻസാക്ഷൻ നടത്താൻ നൽകിയിരുന്നതെന്നാണ് വിവരം.ഇവരുടെ ഫോണിലേക്ക് വരുന്ന ഒടിപി,എബിന് നൽകുകയും ഇത് ഉപയോഗിച്ച് എബിൻ മാതാവിൻ്റെ അക്കൗണ്ടിലേക്ക് പണം മാറ്റുകയുമായിരുന്നു.ഇത്തരത്തിൽ മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസ്സെടുത്ത ശാസ്താംകോട്ട സി.ഐ കഴിഞ്ഞ ദിവസം പ്രതിയെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.ചോദ്യം ചെയ്യലിൽ ഇയ്യാൾ കുറ്റം സമ്മതിച്ചിരുന്നു.27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.2017ൽ നിലവിലെ സിപിഎം കുന്നത്തൂർ ഏരിയാ സെക്രട്ടറി റ്റി.ആർ ശങ്കരപിള്ള പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ പിൻവാതിൽ നിയമനത്തിലൂടെയാണ് എബിൻ പഞ്ചായത്തിൽ കടന്നുകൂടിയത്.ഇ- ഗ്രാം പോർട്ടൽ വഴിയാണ് തട്ടിപ്പ് നടത്തിയത്.പ്രോജക്ട് അസിസ്റ്റൻ്റിന്റെ ജോലി ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുകയും ജിയോ ടാകിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുക എന്നതുമാണ്. എബിനെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയത് എൽഡിഎഫ് ഭരണ സമിതിയാണ്.തട്ടിപ്പ് നടത്താൻ സിപിഎമ്മിൻ്റെ നേരിട്ടുള്ള സഹായം ലഭിച്ചിരുന്നതായാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.തട്ടിയെടുത്ത പണം പാർട്ടി നേതാക്കൾക്കും ജനപ്രതിനിധികൾക്കും അടുത്ത പ്രവർത്തകർക്കുമൊപ്പം ധൂർത്തടിക്കാനായി ഉപയോഗിച്ചിരുന്നതായാണ് ഇവര്‍ ആരോപിക്കുന്നത്.അതിനിടെ ശനിയാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റി യോഗം അലങ്കോലപ്പെടാനും സംഘർഷത്തിൽ കലാശിക്കാനുമുള്ള സാധ്യതയുള്ളതായും സൂചനയുണ്ട്.പഞ്ചായത്ത് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ശനിയാഴ്ച മാർച്ച് നടത്തും.