29.8 C
Kollam
Saturday 26th September, 2026 | 07:14:32 PM
Home News Local കൊല്ലത്ത് കടലില്‍ കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലത്ത് കടലില്‍ കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം: കടലില്‍ കട്ടമരം മറിഞ്ഞ് പരവൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. പരവൂര്‍ ഖദീജ മന്‍സിലില്‍ നൗഷാദ് ജമാലുദ്ദീന്‍ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ കൊല്ലം ബീച്ചില്‍ നിന്ന് കട്ടമരത്തില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു നൗഷാദ്. രാവിലെ ഏഴോടെ ഇരവിപുരം ഭാഗത്ത് ഇദ്ദേഹത്തിന്റെ കട്ടമരവും വലയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരയ്ക്കടിഞ്ഞു. കട്ടമരം മാത്രമായി കരയ്ക്കടിഞ്ഞതോടെ അപകടം മനസ്സിലാക്കിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നീണ്ടകര കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ ബോട്ടില്‍ കടലില്‍ വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു.
രാവിലെ പത്തോടെ കാക്കത്തോപ്പ് പള്ളിക്ക് തെക്കുഭാഗം കടലില്‍ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. ഉടന്‍തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീണ്ടകര കോസ്റ്റല്‍ ഐഎസ്എച്ച്ഒ ഡി. ഗോപിയുടെ നേതൃത്വത്തില്‍ എസ്‌ഐ ജോസ്, സിപിഒ സുകേഷ്, ബോട്ട് സ്റ്റാഫ് രാജന്‍പിള്ള, ലൈഫ് ഗാര്‍ഡ് രാജു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീണ്ടകര കോസ്റ്റല്‍ പോലീസ് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.