25.7 C
Kollam
Wednesday 12th August, 2026 | 12:37:13 AM
Home News Local ശാസ്‌താംകോട്ട പഞ്ചായത്തിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് റിമാൻഡിൽ

ശാസ്‌താംകോട്ട പഞ്ചായത്തിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് റിമാൻഡിൽ

ശാസ്താംകോട്ട (കൊല്ലം):ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത കേസ്സിൽ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിനെ കോടതി റിമാൻഡ് ചെയ്തു.

പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റൻ്റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ കൊല്ലം കുന്നത്തൂർ കൊല്ലാറ എബിൻ ഭവനത്തിൽ എബിൻ.കെ.ഷിബു (32) വിനെയാണ് റിമാൻഡ് ചെയ്തത്.വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്ത ദിവസം തന്നെ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

തട്ടിപ്പിൽ ജനപ്രതികൾക്കോ,മറ്റ് ജീവനക്കാർക്കോ പങ്കുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കും.പഞ്ചായത്ത് പ്രസിഡൻ്റ്,സെക്രട്ടറി എന്നിവരുടെ ഫോൺ നമ്പരാണ് ട്രാൻസാക്ഷൻ നടത്താൻ നൽകിയിരുന്നതെന്നാണ് വിവരം.ഇവരുടെ ഫോണിലേക്ക് വരുന്ന ഒടിപി,എബിന് നൽകുകയും ഇത് ഉപയോഗിച്ച് എബിൻ മാതാവിൻ്റെ അക്കൗണ്ടിലേക്ക് പണം മാറ്റുകയുമായിരുന്നു.ഇത്തരത്തിൽ മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസ്സെടുത്ത ശാസ്താംകോട്ട സി.ഐ കഴിഞ്ഞ ദിവസം പ്രതിയെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.ചോദ്യം ചെയ്യലിൽ ഇയ്യാൾ കുറ്റം സമ്മതിച്ചിരുന്നു.27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.2017ൽ നിലവിലെ സിപിഎം കുന്നത്തൂർ ഏരിയാ സെക്രട്ടറി റ്റി.ആർ ശങ്കരപിള്ള പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ പിൻവാതിൽ നിയമനത്തിലൂടെയാണ് എബിൻ പഞ്ചായത്തിൽ കടന്നുകൂടിയത്.ഇ- ഗ്രാം പോർട്ടൽ വഴിയാണ് തട്ടിപ്പ് നടത്തിയത്.പ്രോജക്ട് അസിസ്റ്റൻ്റിന്റെ ജോലി ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുകയും ജിയോ ടാകിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുക എന്നതുമാണ്. എബിനെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയത് എൽഡിഎഫ് ഭരണ സമിതിയാണ്.തട്ടിപ്പ് നടത്താൻ സിപിഎമ്മിൻ്റെ നേരിട്ടുള്ള സഹായം ലഭിച്ചിരുന്നതായാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.തട്ടിയെടുത്ത പണം പാർട്ടി നേതാക്കൾക്കും ജനപ്രതിനിധികൾക്കും അടുത്ത പ്രവർത്തകർക്കുമൊപ്പം ധൂർത്തടിക്കാനായി ഉപയോഗിച്ചിരുന്നതായാണ് ഇവര്‍ ആരോപിക്കുന്നത്.അതിനിടെ ശനിയാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റി യോഗം അലങ്കോലപ്പെടാനും സംഘർഷത്തിൽ കലാശിക്കാനുമുള്ള സാധ്യതയുള്ളതായും സൂചനയുണ്ട്.പഞ്ചായത്ത് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ശനിയാഴ്ച മാർച്ച് നടത്തും.